---
title: "തലശേരി നഗരസഭാ കൗൺസിൽ യോഗം ബഹളമയം ;  യോഗത്തിൽ പ്ലക്കാർഡുകളുമായി യു.ഡി.എഫ് അംഗങ്ങൾ "
english_title: "Thalassery Municipal Council meeting in chaos;UDF members with placards at the meeting"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100140/thalassery-municipal-council-meeting-in-chaosudf-members-with-placards-at-the-meeting"
published_at: "2023-02-27T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fce3a04be48_786e5842-ed37-4360-8e31-24bc1d5c2856.jpg"
keywords: []
---

# തലശേരി നഗരസഭാ കൗൺസിൽ യോഗം ബഹളമയം ;  യോഗത്തിൽ പ്ലക്കാർഡുകളുമായി യു.ഡി.എഫ് അംഗങ്ങൾ 

> **Lead Summary:** തലശ്ശേരി: തലശ്ശേരി നഗരസഭാ യോഗത്തിൽ പ്ളക്കാർഡ് ഉയർത്തൽ, വാക്കേറ്റവും, ബഹളവും, അട്ടിമറി ആരോപണവും ഉയർന്നു. നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം ഉണ്ടാവാത്തതിനാൽ വാർഡിലെ വിവിധ ആവശ്യങ്ങൾ പ്ലക്കാർഡുകളിൽ എഴുതി രേഖപ്പെടുത്തിയായിരുന്നു യു.ഡി.എഫ്. അംഗങ്ങൾ ഇന്ന് ചേർന്ന നഗരസഭാ യോഗത്തിനെത്തിയത്.

## Article Content

തലശ്ശേരി: തലശ്ശേരി നഗരസഭാ യോഗത്തിൽ പ്ളക്കാർഡ് ഉയർത്തൽ, വാക്കേറ്റവും, ബഹളവും, അട്ടിമറി ആരോപണവും ഉയർന്നു. നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം ഉണ്ടാവാത്തതിനാൽ വാർഡിലെ വിവിധ ആവശ്യങ്ങൾ പ്ലക്കാർഡുകളിൽ എഴുതി രേഖപ്പെടുത്തിയായിരുന്നു യു.ഡി.എഫ്. അംഗങ്ങൾ ഇന്ന് ചേർന്ന നഗരസഭാ യോഗത്തിനെത്തിയത്.

പാലിശ്ശേരി, ചേറ്റം കുന്ന് റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുക, മത്സ്യ മാർക്കറ്റിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, തെരുവ് വിളക്കുകൾ തെളിയിക്കുന്ന നിലാവ് പദ്ധതി കാര്യക്ഷമമാക്കുക, പിയർ റോഡിനെ കൈയ്യേറ്റത്തിൽ നിന്ന് മോചിപ്പിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങളിൽ മുഖ്യം.

ചോദ്യങ്ങൾക്ക്‌ മറുപടി നൽകുന്നതിനിടയിൽ പ്രകോപന പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ടീച്ചർ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു. പാലിശ്ശേരി - ചേറ്റം കുന്ന് റോഡിനോട് നഗരസഭ അവഗണന കാട്ടുന്നില്ലെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. മത്സ്യ മാർക്കറ്റിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചർച്ച നടത്തിയിട്ടുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ പെടാത്ത വാർഡുകളെ അടുത്ത തവണ ഉൾപെടുത്തും. പുതിയ വിളക്കുകൾ ലഭ്യമാവുന്ന മുറയ്ക് നിലാവ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി. വിവാ കേരള പരിപാടി വാർഡു കൌൺസിലറെ അറിയിച്ചില്ല, പിയർ റോഡിലെ കൈയ്യേറ്റം, നഗരത്തിൽ പകൽകൊള്ള നടക്കുന്നു തുടങ്ങിയ ആക്ഷേപങ്ങൾ കൗൺസിലർ ഫൈസൽ പുനത്തിൽ ശ്രദ്ധയിൽ പെടുത്തി.

വിഷയം പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്താമെന്ന് ചെയർപേഴ്സൺ പറഞ്ഞു. ഭരിക്കാനാവുന്നില്ലെങ്കിൽ രാജി വച്ച് പോവണമെന്ന കെ.പി.അൻസാരിയുടെ പരാമർശവും നിലവിലുള്ള അംഗസംഖ്യ വച്ച് ഭരണത്തെ അട്ടിമറിക്കാൻ നിങ്ങൾക്കാവില്ലെന്ന എൽ ഡി എഫ് നഗരസഭാംഗം അബ്ദുൽ ഖിലാബിൻ്റെ വെല്ലുവിളിയും ബഹളത്തിനിടയാക്കി. വൈസ് ചെയർമാൻ വാഴയിൽ ശശി, സി.ഗോപാലൻ, സി. സോമൻ, കെ.എം.ശ്രീശൻ, .കെ.ഭാർഗ്ഗവൻ, കെ.വി.വിജേഷ്, പ്രീത പ്രദീപ്,, ടി.വി. റാഷിദ ടീച്ചർ, എൻ.മോഹനൻ, കെ.പി.ഷാനവാസ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100140/thalassery-municipal-council-meeting-in-chaosudf-members-with-placards-at-the-meeting)