---
title: "കൃഷിയെ ജീവനു  തുല്യം  സ്നേഹിക്കുന്ന തലശേരിക്കാരിയായ ഒരു  58 കാരി ; വനിതാ ദിനത്തിൽ  പരിചയപ്പെടാം സി കെ പി ഉമ്മായുവിൻ്റെ വിശേഷങ്ങൾ"
english_title: "A 58-year-old woman from Thalassery who loves agriculture as much as life;On Women's Day, let's get to know CKP Ummau's features"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102050/a-58-year-old-woman-from-thalassery-who-loves-agriculture-as-much-as-lifeon-womens-day-lets-get-to-know-ckp-ummaus-features"
published_at: "2023-03-08T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408a7c66ab15_70cdf16e-31ff-454c-8761-9abbfec88bb4.jpg"
keywords: []
---

# കൃഷിയെ ജീവനു  തുല്യം  സ്നേഹിക്കുന്ന തലശേരിക്കാരിയായ ഒരു  58 കാരി ; വനിതാ ദിനത്തിൽ  പരിചയപ്പെടാം സി കെ പി ഉമ്മായുവിൻ്റെ വിശേഷങ്ങൾ

> **Lead Summary:** തലശേരി: തലശേരി നഗരമധ്യത്തില്‍ കായ്യത്ത് റോഡിലെ ഉമ്മായു ഭവനത്തിലെത്തിലെ ഉമ്മായുവാണ് കാർഷിക രംഗത്ത് തനത് കൈയ്യൊപ്പു ചാർത്തുന്ന കഥാപാത്രം. ചെറുചട്ടികളിലും പറമ്പിലുമായി വിവിധയിനം ഔഷധച്ചെടികളും, ഫലവൃഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ കാഴ്ചകളാണ് ഉമ്മായു എന്ന വീട്ടമ്മ നമുക്ക് സമ്മാനിക്കുക. കത്തുന്ന വേനൽക്കാലത്ത് ഉമ്മായുവിൻ്റെ വീടും പരിസരവും കാഴ്ചക്കാരുടെ കണ്ണിനും, മനസിനും നൽകുന്ന കുളിർമ്മയും ചെറുതല്ല.

## Article Content

തലശേരി: തലശേരി നഗരമധ്യത്തില്‍ കായ്യത്ത് റോഡിലെ ഉമ്മായു ഭവനത്തിലെത്തിലെ ഉമ്മായുവാണ് കാർഷിക രംഗത്ത് തനത് കൈയ്യൊപ്പു ചാർത്തുന്ന കഥാപാത്രം. ചെറുചട്ടികളിലും പറമ്പിലുമായി വിവിധയിനം ഔഷധച്ചെടികളും, ഫലവൃഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ കാഴ്ചകളാണ് ഉമ്മായു എന്ന വീട്ടമ്മ നമുക്ക് സമ്മാനിക്കുക. കത്തുന്ന വേനൽക്കാലത്ത് ഉമ്മായുവിൻ്റെ വീടും പരിസരവും കാഴ്ചക്കാരുടെ കണ്ണിനും, മനസിനും നൽകുന്ന കുളിർമ്മയും ചെറുതല്ല.

വീട്ടമ്മയായ 58കാരി സി.കെ.പി ഉമ്മായുവിൻ്റെ ദിവസം ആരംഭിക്കുന്നത് തന്നെ കൃഷിയിടത്തിലാണ്. നേരം വെളുത്തു തുടങ്ങിയാല്‍ തോട്ടത്തിലിറങ്ങി മക്കളെ ലാളിക്കുന്നതുപോലെ കൃഷിയെ പരിപാലിക്കുന്നതാണ് ഉമ്മായുവിൻ്റെ ജീവിത വ്രതം. വിക്‌സ് തുളസി, പനിക്കൂര്‍ക്ക, ആടലോടകം, ഫലങ്ങളായ മാംഗോസ്റ്റിന്‍, മുന്തിരി, മിറാക്കിള്‍ ഫ്രൂട്‌സ്, വിവിധയിനം ആപ്പിള്‍, ചാമ്പക്ക, റംമ്പൂട്ടാന്‍, വൈറ്റ് നാവല്‍, ബട്ടര്‍ ഫ്രൂട്ട്‌സ്, ചെറുമാമ്പഴങ്ങള്‍, ചിക്കു തുടങ്ങിയ കൃഷികളാണ് പ്രധാനമായുമുള്ളത്. വീട് സ്ഥിതി ചെയ്യുന്ന 30 സെന്റ് സ്ഥലത്താണ് എല്ലാതരം കൃഷികളെയും ഉള്‍കൊള്ളിച്ച് മികച്ച കര്‍ഷകയായി ഉമ്മായു മാറിയത്.

ദീര്‍ഘകാലം തലശേരി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയിൽ അംഗമായിരുന്ന പിതാവ് വി.പി മുഹമ്മദില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടാണ് ഉമ്മായു കൃഷി രംഗത്ത് സജീവമായത്. വി.പി മുഹമ്മദിന്റെ മരണത്തിനുശേഷവും പിതാവ് പറഞ്ഞുതന്ന കൃഷി വിദ്യകള്‍ മകള്‍ പിന്തുടര്‍ന്നു. 30വര്‍ഷം മുമ്പ് ഇതേസ്ഥലത്ത് വി.പി മുഹമ്മദ് - ഷാലിമാര്‍ ഗാര്‍ഡന്‍ നടത്തിയിരുന്നു. ഓരോകൃഷിക്കും ഓരോ പ്രത്യേകതകള്‍ ഉമ്മായ്ക്കു പറയാനുണ്ട്. മിറാക്കിള്‍ ഫ്രൂട്‌സ് ഇനത്തില്‍പെട്ട ചെടിയുടെ കായ് പ്രമേഹത്തിനു ഉത്തമമാണ്. ആരോഗ്യത്തിനു ഉത്തമമായ റംപൂട്ടാന്‍, ഫാഷന്‍ ഫ്രൂട്ട്‌സ് തുടങ്ങിയ ഫലങ്ങളും സമൃദ്ധമായി കൃഷിയിടത്തിലുണ്ട്.

ഇതുകൂടാതെ ആവശ്യത്തിനുള്ള മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ വിളകളുമുണ്ട്. തലശേരി മുബാറക്ക് സ്‌കൂള്‍ മാനേജറായ സി. ഹാരിസ് ഹാജിയാണ് ഉമ്മായുടെ ഭര്‍ത്താവ്. കൃഷിയില്‍ അദ്ദേഹത്തിന്റെ നല്ല പിന്തുണയും ഉമ്മായ്ക്കുണ്ട്. ദൂരസ്ഥലങ്ങളില്‍ എവിടെ പോയാലും നഴ്‌സറികളില്‍ കയറി ഉമ്മായ്ക്കു ആവശ്യമുള്ളത് വാങ്ങിച്ചു നല്‍കും. ഫലങ്ങള്‍ വീട്ടില്‍ തന്നെ ഉള്ളതിനാല്‍ പഴവര്‍ഗങ്ങള്‍ പുറത്തു നിന്നു വാങ്ങേണ്ട സാഹചര്യമില്ലെന്ന് ഉമ്മായു അഭിമാനത്തോടെ പറഞ്ഞു.

കൃഷിയോടൊപ്പം മനോഹരമായ പൂന്തോട്ടവും വീടിന്റെ അങ്കണത്തില്‍ ഒരുക്കിയിട്ടുണ്ട്. നാലു മക്കളിൽ ഒരാള്‍ ഒഴികെ മറ്റു മക്കളെല്ലാം വിദേശരാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. നിലവില്‍ ഉമ്മായും ഭര്‍ത്താവ് സി. ഹാരിസ് ഹാജിയും മാത്രമാണു വീട്ടില്‍ താമസിക്കുന്നത്. മക്കളായ ഫാത്തിമ ഷബീന കോഴിക്കോട് അധ്യാപികയായും, , ഷംന സുല്‍ത്താന്‍ ഹോംങ്കോങ്ങിലും ഷഫ്‌ന ജഹാന്‍ ജര്‍മനിയിലും, മുഹമ്മദ് സര്‍ഹാന്‍ ഓസ്‌ട്രേലിയയിലുമാണുള്ളത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102050/a-58-year-old-woman-from-thalassery-who-loves-agriculture-as-much-as-lifeon-womens-day-lets-get-to-know-ckp-ummaus-features)