---
title: "മൊബൈൽ ഷോപ്പ് ജീവനക്കാരുടെ ജാഗ്രത ;  തലശ്ശേരിയിൽ നിന്നും 4  മൊബൈലുകൾ കവർന്ന് രക്ഷപ്പെട്ട യുവാവ് കോഴിക്കോട് പിടിയിലായി "
english_title: "Vigilance of mobile shop employees;A young man who escaped after stealing 4 mobile phones from Thalassery was arrested in Kozhikode"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102308/vigilance-of-mobile-shop-employeesa-young-man-who-escaped-after-stealing-4-mobile-phones-from-thalassery-was-arrested-in-kozhikode"
published_at: "2023-03-10T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ad1d5730df_Untitled-1_copy.jpg"
keywords: []
---

# മൊബൈൽ ഷോപ്പ് ജീവനക്കാരുടെ ജാഗ്രത ;  തലശ്ശേരിയിൽ നിന്നും 4  മൊബൈലുകൾ കവർന്ന് രക്ഷപ്പെട്ട യുവാവ് കോഴിക്കോട് പിടിയിലായി 

> **Lead Summary:** തലശേരി: തലശേരിയിലെ ഒരു ലോഡ്ജ്, അതിഥി തൊഴിലാളികളുടെ താമസസ്ഥലം എന്നിവിടങ്ങളിൽ നിന്നും പാതിരാത്രി മൊബൈലുകൾ കവർന്ന് രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം കോഴിക്കോട് പിടിയിലായി. തൃശൂർ കയ്പമംഗലം സ്വദേശി നവേന്ദ്രനാഥനാണ് പിടിയിലായത്.

## Article Content

തലശേരി: തലശേരിയിലെ ഒരു ലോഡ്ജ്, അതിഥി തൊഴിലാളികളുടെ താമസസ്ഥലം എന്നിവിടങ്ങളിൽ നിന്നും പാതിരാത്രി മൊബൈലുകൾ കവർന്ന് രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം കോഴിക്കോട് പിടിയിലായി. തൃശൂർ കയ്പമംഗലം സ്വദേശി നവേന്ദ്രനാഥനാണ് പിടിയിലായത്.

തലശ്ശേരിയിൽ നിന്നും കവർന്ന നാല് ഫോണുകൾ കോഴിക്കോട് മിഠായിതെരുവിനടുത്ത കടയിൽ വിൽക്കാൻ എത്തിക്കുകയായിരുന്നു. എന്നാൽ മൊബൈൽ ഫോണുകളുടെ പാസ് വേഡ് ഇയാൾക്കറിവുണ്ടായിരുന്നില്ല. പന്തിക്കേട് തോന്നി മൊബൈൽ ഷോപ്പ് ജീവനക്കാർ തന്ത്രപരമായി വിവരം പൊലീസിലറിയിച്ചു.

തുടർന്ന് പോലിസെത്തി ചോദ്യം ചെയ്തപ്പോഴാണ് തലശ്ശേരിയിൽ നിന്നും കവർന്നതാണ് മൊബൈൽ ഫോണുകളെന്ന് മനസിലായത്. തലശ്ശേരിയിലെ ക്ലാസിക് ലോഡ്ജ് ജിവനക്കാരൻ കണ്ണൂർ ചിറക്കൽ കീരിയട്ടെ ടി.പി.ഹൗസിൽ മുഹമ്മദ് ഫയാസിൻ്റെയും, ഗുഡ്സ് ഷെഡ് റോഡിനടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹോട്ടൽ തൊഴിലാളി പശ്ചിമ ബംഗാളിലെ ജോസഫ് ഒറി യോൻ, ഒപ്പം താമസിക്കുന്ന രണ്ട് കൂട്ടുകാർ ഉൾപെടെയുള്ളവരുടെ 4 ഫോണുകളാണ് പ്രതിയിൽ നിന്നും കണ്ടെത്തിയത്.

വിവരം ലഭിച്ചതിനെ തുടർന്ന് തലശ്ശേരിയിൽ നിന്നും പോലിസ് സംഘം കോഴിക്കോട്ടെത്തി പ്രതിയെ ഏറ്റുവാങ്ങി തലശ്ശേരിയിലെത്തിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ ജെ.എഫ്.സി.എം.കോടതി റിമാൻ്റ് ചെയ്തു. മൊബൈൽ ഷോപ്പ് ജീവനക്കാർ കാണിച്ച ജാഗ്രതയെ പൊലീസ് അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102308/vigilance-of-mobile-shop-employeesa-young-man-who-escaped-after-stealing-4-mobile-phones-from-thalassery-was-arrested-in-kozhikode)