---
title: "ഓൺലൈനിൽ പടക്കം ബുക്ക് ചെയ്യുന്നവർ സൂക്ഷിക്കുക ; കണ്ണൂരിലും, തലശേരിയിലും കേസുകൾ"
english_title: "Those booking crackers online beware;Cases in Kannur and Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/106175/those-booking-crackers-online-bewarecases-in-kannur-and-thalassery"
published_at: "2023-03-30T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425a2ceceff4_Untitled-1_copy.jpg"
keywords: []
---

# ഓൺലൈനിൽ പടക്കം ബുക്ക് ചെയ്യുന്നവർ സൂക്ഷിക്കുക ; കണ്ണൂരിലും, തലശേരിയിലും കേസുകൾ

> **Lead Summary:** ** തലശേരി:** വിഷു ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ഓൺലൈനിൽ പടക്കങ്ങൾ എത്തുന്നത് പടക്ക വിപണിക്ക് തിരിച്ചടിയാകുന്നു. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മറ്റ് പാഴ്സലുകൾക്കൊപ്പം തന്നെയാണ് പടക്കങ്ങളും എത്തുന്നത്. ഇതുയർത്തുന്ന സുരക്ഷാ ഭീഷണിയും ചെറുതല്ല. തലശേരിയിൽ ഇത്തരത്തിൽ പാഴ്സലായി എത്തിച്ച പടക്കം പൊലീസ് പിടികൂടി. ഓൺലൈനിൽ പടക്കം ഓഡർ ചെയ്ത യുവാവിനെതിരെ കേസെടുത്തു.

## Article Content

** തലശേരി:** വിഷു ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ഓൺലൈനിൽ പടക്കങ്ങൾ എത്തുന്നത് പടക്ക വിപണിക്ക് തിരിച്ചടിയാകുന്നു. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മറ്റ് പാഴ്സലുകൾക്കൊപ്പം തന്നെയാണ് പടക്കങ്ങളും എത്തുന്നത്. ഇതുയർത്തുന്ന സുരക്ഷാ ഭീഷണിയും ചെറുതല്ല. തലശേരിയിൽ ഇത്തരത്തിൽ പാഴ്സലായി എത്തിച്ച പടക്കം പൊലീസ് പിടികൂടി. ഓൺലൈനിൽ പടക്കം ഓഡർ ചെയ്ത യുവാവിനെതിരെ കേസെടുത്തു.

കണ്ണൂരിൽ ഇത്തരത്തിൽ 30 ഓളം സംഭവങ്ങളുണ്ടായി. തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്നാണ് പ്രധാനമായും പടക്കമെത്തിക്കുന്നത്. എക്സ്പ്ലോസീവ് കൺട്രോളറുടെ അനുമതിയോടെ മാത്രമെ കരിമരുന്ന് സാമഗ്രികൾ സംസ്ഥാനത്ത് വിൽക്കാനും, സൂക്ഷിക്കാനും പാടുള്ളൂവെന്നാണ് നിയമം. എന്നാൽ ഈ നിയന്ത്രണങ്ങളൊന്നും പാലിക്കാതെയാണ് ഓൺലൈൻ വ്യാപാരം നടക്കുന്നത്. ഗ്രൂപ്പുകൾ, ക്ലബുകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ തമിഴ്നാട് ഏജൻസികൾ മുഖേന രേഖയില്ലാതെയും, നികുതി വെട്ടിച്ചും ഓൺലൈനായി പടക്കങ്ങളെത്തിക്കുന്നുണ്ട്.

ശിവകാശിയിലെ മൊത്ത വിൽപ്പനക്കാരുടെ വെബ്ബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവരുടെ വിലാസത്തിലേക്കാണ് പടക്കങ്ങൾ ബോക്സുകളായി എത്തിച്ചു നൽകുന്നത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മറ്റ് പാഴ്സലുകൾക്കൊപ്പമാണ് പടക്കങ്ങളും കയറ്റി വിടുന്നത്. പടക്ക നിർമ്മാണത്തിനും, വിൽപ്പനക്കും പ്രത്യേക ലൈസൻസ് വേണമെന്നിരിക്കെയാണ് നഗ്ന്നമായ നിയമ ലംഘനം.ഇത്തരത്തിൽ തലശേരി കണ്ടിക്കലിലെ പാർസൽ സർവ്വീസ് ഏജൻസിയിലേക്ക് വന്ന പടക്കം പൊലീസ് പിടിച്ചെടുത്തു. എസ്.ഐ സി പി ലിനേഷിൻ്റെ നേതൃത്വത്തിലാണ് രണ്ട് ബോക്സുകളിലായി വന്ന പടക്കം പിടിച്ചെടുത്തത്. ഓർഡർ ചെയ്തയാളെ വിളിച്ചു വരുത്തിയ പൊലീസ് ഇയാളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സ്വന്തം ആവശ്യപ്രകാരമാണ് പടക്കം ഓൺലൈനായി വാങ്ങിയതെന്നും, വിൽപ്പനക്കല്ലെന്നും യുവാവ് അറിയിച്ചെങ്കിലും, അനധികൃതമായി പടക്കം കൈകാര്യം ചെയ്തതിന് യുവാവിനെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/106175/those-booking-crackers-online-bewarecases-in-kannur-and-thalassery)