---
title: "എലത്തൂർ ട്രെയിൻ തീവെപ്പ്  കേസ് ;  പെട്രോളും, ഡീസലും പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളിൽ നൽകിയാൽ പമ്പുകൾക്കും, ജീവനക്കാർക്കുമെതിരെ  കർശന നടപടി"
english_title: "Elathur train arson case;Strict action against pumps and staff if petrol and diesel are supplied in plastic and pet bottles"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/108000/elathur-train-arson-casestrict-action-against-pumps-and-staff-if-petrol-and-diesel-are-supplied-in-plastic-and-pet-bottles"
published_at: "2023-04-09T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64324a8cb5ca7_download_(3).jpg"
keywords: []
---

# എലത്തൂർ ട്രെയിൻ തീവെപ്പ്  കേസ് ;  പെട്രോളും, ഡീസലും പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളിൽ നൽകിയാൽ പമ്പുകൾക്കും, ജീവനക്കാർക്കുമെതിരെ  കർശന നടപടി

> **Lead Summary:** പമ്പുകൾക്കും പൊതുജനങ്ങൾക്കും ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയ ശേഷം കർശന പരിശോധനയിലേക്ക് കടക്കാനാണ് പൊലിസിന്റെ നീക്കം. സുരക്ഷാഭീഷണിയെ തുടർന്ന് പെട്രോൾ കുപ്പിയിൽ നൽകരുതെന്ന് നേരത്തെ പെട്രോൾ പമ്പുകൾക്ക് പൊലിസ് നിർദേശം നൽകിയിരുന്നു. 2021 ഡിസംബറിൽ എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കൺട്രോളറും പ്രത്യേക ഉത്തരവിറക്കിയിരുന്നു. എന്നാൽ പരിശോധന നിലച്ചതോടെ കുപ്പികളിൽ ഇന്ധനം നൽകുന്നത് വർധിച്ചിരിക്കുകയാണ്.

## Article Content

പമ്പുകൾക്കും പൊതുജനങ്ങൾക്കും ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയ ശേഷം കർശന പരിശോധനയിലേക്ക് കടക്കാനാണ് പൊലിസിന്റെ നീക്കം. സുരക്ഷാഭീഷണിയെ തുടർന്ന് പെട്രോൾ കുപ്പിയിൽ നൽകരുതെന്ന് നേരത്തെ പെട്രോൾ പമ്പുകൾക്ക് പൊലിസ് നിർദേശം നൽകിയിരുന്നു. 2021 ഡിസംബറിൽ എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കൺട്രോളറും പ്രത്യേക ഉത്തരവിറക്കിയിരുന്നു. എന്നാൽ പരിശോധന നിലച്ചതോടെ കുപ്പികളിൽ ഇന്ധനം നൽകുന്നത് വർധിച്ചിരിക്കുകയാണ്.

കുപ്പിയിൽ പെട്രോൾ നൽകരുതെന്ന നിർദേശം നടപ്പാ ക്കാൻ നേരത്തെ പമ്പുകൾ കേന്ദ്രീകരിച്ച് പൊലിസ് പരി ശോധന നടത്തിയിരുന്നു. നഗരങ്ങളിലെ ചില പമ്പുകൾ ഇത് കർശനമായി നടപ്പാക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലയിൽ കുപ്പിയിൽ പെട്രോൾ നൽകുന്നത് പതിവാണ്. കുപ്പിയിൽ പെട്രോൾ ലഭിക്കില്ലെന്ന ബോർഡ് നേരത്തെ മിക്ക പെട്രോൾ പമ്പുകളിലും സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് അപ്രത്യക്ഷമായി. പെട്രോളിയം ഉൽപന്നങ്ങൾ കുപ്പികളിൽ വാങ്ങി പൊതുയാത്രാ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് വലിയ സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നുവെന്ന വില യിരുത്തലിലാണ് നേരത്തെ ഇത് വിലക്കിക്കൊണ്ട് തീരുമാനം എടുത്തത്. പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകാൻ പാടില്ലെന്നാണ് എക്സ്പ്ലോസിവ് നിയമം.

പ്രത്യേകം തയാറാക്കിയ കന്നാസുകളിൽ മാത്രമേ ഇന്ധനം നൽകാവു വെന്നും നിയമത്തിൽ പറയുന്നുണ്ട്. ഇത് പലതവണയായി നടപ്പിലാക്കാൻ സർക്കാർ പൊലിസ് സഹായത്തോടെ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് ആളുകളെ ആക്രമിച്ച് തീ കൊളുത്തി കൊലപ്പെടുത്താനും ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണങ്ങൾക്കും കുപ്പികളിൽ വാങ്ങിയുള്ള പെട്രോൾ ഉപയോഗിക്കുന്നുണ്ടെന്ന് പൊലിസ് കണ്ടെത്തിയത്. ഇതോടെയാണ് എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ പ്രത്യേക സർക്കുലർ ഇറക്കിയത്. എന്നാൽ കാലക്രമേണ ഇതിന്റെ പരിശോധന നിലച്ചതോടെ പല പമ്പുകളിലും പെട്രോൾ കുപ്പിയിൽ യഥേഷ്ടം ലഭിക്കുമെന്ന സ്ഥിതിയായി. പുതിയ സാഹചര്യത്തിൽ നടപടി കർശനമാക്കുന്നതിനൊപ്പം ജനങ്ങളെ ബോധവൽക്ക രിക്കാനുമാണ് പൊലിസിന്റെ പദ്ധതി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/108000/elathur-train-arson-casestrict-action-against-pumps-and-staff-if-petrol-and-diesel-are-supplied-in-plastic-and-pet-bottles)