---
title: "അധീശത്വമുറപ്പിക്കാൻ സംഘപരിവാറും,  ഡിവൈഎഫ്ഐയും ; തിരുവങ്ങാട് ക്ഷേത്രത്തിൽ  ഭക്തരെത്തുന്നത് ഭയത്തോടെ"
english_title: "Sangh Parivar and DYFI to assert dominance;Devotees approach the Thiruvananthapuram temple with fear"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/109347/sangh-parivar-and-dyfi-to-assert-dominancedevotees-approach-the-thiruvananthapuram-temple-with-fear"
published_at: "2023-04-17T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ce631f2669_Untitled-1_copy.jpg"
keywords: []
---

# അധീശത്വമുറപ്പിക്കാൻ സംഘപരിവാറും,  ഡിവൈഎഫ്ഐയും ; തിരുവങ്ങാട് ക്ഷേത്രത്തിൽ  ഭക്തരെത്തുന്നത് ഭയത്തോടെ

> **Lead Summary:** തലശേരി: ഉത്സവ പറമ്പിൽ രാഷ്ട്രീയം പാടില്ലെന്ന് ഓരോ ഉത്സവ സീസണിലും പൊലീസ് വിളിച്ച് ചേർക്കുന്ന യോഗങ്ങളിലെ പ്രധാന നിർദ്ദേശമാണ്. നിർദ്ദേശം തലക്കുലുക്കി സമ്മതിക്കുന്ന രാഷ്ട്രീയ നേതാക്കളാകട്ടെ അതിന് പുല്ലുവില പോലും നൽകാറില്ല. എന്തെങ്കിലും ആയിക്കോട്ടെയെന്നും, യോഗം വിളിച്ചു ചേർത്തതോടെ തങ്ങളുടെ ചുമതല കഴിഞ്ഞുവെന്ന് പൊലീസുകാരും കരുതും. ടെൻഷൻ മുഴുവനും ക്ഷേത്രോത്സവ സ്ഥലത്തെത്തുന്ന ഭക്തർക്കാണ്.

## Article Content

തലശേരി: ഉത്സവ പറമ്പിൽ രാഷ്ട്രീയം പാടില്ലെന്ന് ഓരോ ഉത്സവ സീസണിലും പൊലീസ് വിളിച്ച് ചേർക്കുന്ന യോഗങ്ങളിലെ പ്രധാന നിർദ്ദേശമാണ്. നിർദ്ദേശം തലക്കുലുക്കി സമ്മതിക്കുന്ന രാഷ്ട്രീയ നേതാക്കളാകട്ടെ അതിന് പുല്ലുവില പോലും നൽകാറില്ല. എന്തെങ്കിലും ആയിക്കോട്ടെയെന്നും, യോഗം വിളിച്ചു ചേർത്തതോടെ തങ്ങളുടെ ചുമതല കഴിഞ്ഞുവെന്ന് പൊലീസുകാരും കരുതും. ടെൻഷൻ മുഴുവനും ക്ഷേത്രോത്സവ സ്ഥലത്തെത്തുന്ന ഭക്തർക്കാണ്.

തലശേരിയിലെ തിരുവങ്ങാട് ക്ഷേത്ര ഉത്സവ നഗരിയിലും കാര്യങ്ങൾ മറിച്ചല്ല. തിരുവങ്ങാട് പടിഞ്ഞാറ് നടയിലേക്ക് പോകുന്ന റോഡിന് മുൻവശത്ത് സംഘ പരിവാർ പ്രവർത്തകർ രാമരാജ്യത്തിലേക്ക് സ്വാഗതമെന്ന കൂറ്റൻ ബോർഡ് സ്ഥാപിച്ചതോടെ, ഡിവൈഎഫ്ഐ കിഴക്കെ നടയിലേക്ക് പോകുന്ന റോഡിൽ ഒരു രാജ്യവുമല്ല, തിരുവങ്ങാടിൻ്റെ മണ്ണിലേക്ക് സ്വാഗതം എന്ന ബോർഡും നാട്ടി. ബോർഡുകൾ സ്ഥാപിച്ചിട്ട് ദിവസങ്ങളായെങ്കിലും തലശേരി പോലീസ് ഇവ കണ്ട മട്ടില്ല. നവ മാധ്യങ്ങളിൽ ഈ ബോർഡുകൾ ഉയർത്തി ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്പരം ചൊറിയുന്നുമുണ്ട്.

ഇതിനിടെ മറ്റൊരു വിഭാഗം മറ്റു വ്യാഖ്യാനങ്ങൾക്ക് ശ്രമിച്ച് അപഹാസ്യരാവുന്നുമുണ്ട്. പരസ്യം നൽകിയ സ്ഥാപനത്തിനെതിരെയും സൈബർ ആക്രമണമഴിച്ചുവിടുന്നുണ്ട് ഇക്കൂട്ടർ. ഇത്തരം നീക്കങ്ങൾ പൊതുവിൽ സംഘർഷത്തിലെത്തുമെന്ന ഭയം ഭക്തർക്കുണ്ട്. മുഖം നോക്കാതെ നിയമം നടപ്പാക്കേണ്ട പോലീസ് ഈ വിഷയത്തിൽ കാണിക്കുന്ന നിഷ്ക്രിയത്വം പ്രശ്നങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്കയും പങ്കുവയ്ക്കപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/109347/sangh-parivar-and-dyfi-to-assert-dominancedevotees-approach-the-thiruvananthapuram-temple-with-fear)