---
title: "മുഴപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന ഭിന്നശേഷിക്കാരനായ  11കാരന്‍ നിഹാല്‍ നൗഷാദിന് കണ്ണീരിൽ കുതിർന്ന വിട.  മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ  മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ  ഖബറടക്കി."
english_title: "A tearful farewell to 11-year-old Nihal Naushad, a differently-abled man who was bitten by stray dogs in Muzhapilangad."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/121847/a-tearful-farewell-to-11-year-old-nihal-naushad-a-differently-abled-man-who-was-bitten-by-stray-dogs-in-muzhapilangad"
published_at: "2023-06-12T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648722c80c1fa_download_(13).jpg"
keywords: []
---

# മുഴപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന ഭിന്നശേഷിക്കാരനായ  11കാരന്‍ നിഹാല്‍ നൗഷാദിന് കണ്ണീരിൽ കുതിർന്ന വിട.  മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ  മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ  ഖബറടക്കി.

> **Lead Summary:** തലശ്ശേരി : കഴിഞ്ഞ ദിവസമാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് നൗഷാദ് - മുഫീസ ദമ്പതികളുടെ മകൻ നിഹാലിനെ തെരുവുനായകൾ കടിച്ചു കൊന്നത്. ഒന്ന് നിലവിളിക്കാൻ പോലുമാകാതെ മരണത്തിന് കീഴടങ്ങിയ നിഹാലിൻ്റെ മരണം മുഴപ്പിലങ്ങാടിന് മാത്രമല്ല കേരളത്തിൻ്റെയാകെ നോവായി മാറി.

## Article Content

തലശ്ശേരി : കഴിഞ്ഞ ദിവസമാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് നൗഷാദ് - മുഫീസ ദമ്പതികളുടെ മകൻ നിഹാലിനെ തെരുവുനായകൾ കടിച്ചു കൊന്നത്. ഒന്ന് നിലവിളിക്കാൻ പോലുമാകാതെ മരണത്തിന് കീഴടങ്ങിയ നിഹാലിൻ്റെ മരണം മുഴപ്പിലങ്ങാടിന് മാത്രമല്ല കേരളത്തിൻ്റെയാകെ നോവായി മാറി.

ഞായറാഴ്ച്ചയാണ് വീട്ടുമുറ്റത്ത് കളിക്കാനിറങ്ങിയ നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ അക്രമിച്ചത്. ഊഞ്ഞാലാടുന്നതിനിടയിൽ നായ്ക്കൾ ആക്രമിച്ചതായാണ് നിഗമനം. മുറ്റത്ത് പുല്ലിനിടയിലാണ് ചലനമറ്റ നിലയിൽ നിഹാലിനെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത്.

തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി ജീവൻ നഷ്ടപ്പെട്ട നിഹാലിന്റെ മൃതദേഹം കണ്ടെടുത്തതിന്റെ ഞെട്ടൽ പ്രദേശവാസികൾക്ക് ഇനിയും മാറിയിട്ടില്ല. ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാലെന്നും മുമ്പും ഇത്തരത്തിൽ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

നാട്ടുകാരാണ് അപ്പോഴൊക്കെ തിരികെ വീട്ടിലെത്തിക്കാറുള്ളത്. എന്നത്തേയും പോലെ തിരികെ വരുമെന്നാണ് കരുതിയിരുന്നത്.ഏറെ നേരം കാണാതായപ്പോഴാണ് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയത്. അപ്പോഴാണ് ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം മറ്റൊരു ലോകത്തേക്ക് നിഹാൽ യാത്രയായെന്ന യാഥാർത്ഥ്യം മുഴപ്പിലങ്ങാട്ടുകാർ തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/121847/a-tearful-farewell-to-11-year-old-nihal-naushad-a-differently-abled-man-who-was-bitten-by-stray-dogs-in-muzhapilangad)