---
title: "ആനപ്പുറത്തേറണമെന്ന അമ്മയുടെ ആഗ്രഹം 3 മാസം നീണ്ട കഠിന പ്രയത്നത്തിലൂടെ  സാധിച്ച്  മകൻ ; മട്ടന്നൂരു നിന്നും വേറിട്ട  ഒരാനക്കഥ..!"
english_title: "The mother wants to get on top of the elephant;After 3 months of hard work, the son fulfilled his mother's wish..!"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/122539/the-mother-wants-to-get-on-top-of-the-elephantafter-3-months-of-hard-work-the-son-fulfilled-his-mothers-wish"
published_at: "2023-06-15T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ac306731e3_Untitled-1_copy.jpg"
keywords: []
---

# ആനപ്പുറത്തേറണമെന്ന അമ്മയുടെ ആഗ്രഹം 3 മാസം നീണ്ട കഠിന പ്രയത്നത്തിലൂടെ  സാധിച്ച്  മകൻ ; മട്ടന്നൂരു നിന്നും വേറിട്ട  ഒരാനക്കഥ..!

> **Lead Summary:** **കണ്ണൂർ : ** ആനപ്പുറത്ത്‌ കയറണം, അതും സ്വന്തം ആനയുടെ. മകൻ സഞ്ചുവിനോട്‌ അമ്മ ആഗ്രഹം പറഞ്ഞു. ടാറ്റാ ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനായ സഞ്ചുവിന് ലക്ഷങ്ങൾ മുടക്കി ആനയെ വാങ്ങാൻ കഴിയില്ല. പിന്നെന്തുചെയ്യും..? രണ്ടും കൽപ്പിച്ച്‌ അമ്മയ്‌ക്കുവേണ്ടി ഗജവീരൻ ‘ശിവൻകുട്ടിയെ’ മുന്നിൽ നിർത്തിക്കൊടുത്തു.

## Article Content

**കണ്ണൂർ : ** ആനപ്പുറത്ത്‌ കയറണം, അതും സ്വന്തം ആനയുടെ. മകൻ സഞ്ചുവിനോട്‌ അമ്മ ആഗ്രഹം പറഞ്ഞു. ടാറ്റാ ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനായ സഞ്ചുവിന് ലക്ഷങ്ങൾ മുടക്കി ആനയെ വാങ്ങാൻ കഴിയില്ല. പിന്നെന്തുചെയ്യും..? രണ്ടും കൽപ്പിച്ച്‌ അമ്മയ്‌ക്കുവേണ്ടി ഗജവീരൻ ‘ശിവൻകുട്ടിയെ’ മുന്നിൽ നിർത്തിക്കൊടുത്തു.

ഉരുവച്ചാല്‍ കുഴിക്കലിലെ പീടികക്കണ്ടി വീട്ടിൽ കൊമ്പുകുലുക്കി നില്‍ക്കുന്ന ഗജവീരന്റെ കൂറ്റന്‍ ശിൽപ്പമൊരുക്കിയാണ്‌ അമ്മയുടെ ആഗ്രഹം സഞ്ചു സാക്ഷാൽക്കരിച്ചത്‌. ശിൽപ്പ നിർമാണത്തെക്കുറിച്ച്‌ ഒന്നുമറിയില്ലെങ്കിലും അമ്മയുടെ ആഗ്രഹം സഫലീകരിച്ച ത്രില്ലിലാണ് സഞ്ചു. ആനപ്പുറത്ത് കയറി തന്റെ ആഗ്രഹം സാധ്യമാക്കിയ സന്തോഷത്തിലാണ് അമ്മ സരസ്വതി.

ശിവന്‍കുട്ടി എന്നാണ് ആനയ്ക്ക് പേരിട്ടിരിക്കുന്നത്. പൂരത്തിന് തിടമ്പേറ്റി നില്‍ക്കുന്ന ഗജവീരന്മാരെ പോലെ ശിവൻകുട്ടിക്കുമിപ്പോൾ ആരാധകർ ഏറെ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പുലർച്ചെ മൂന്നുവരെ ശിൽപ്പനിർമാണത്തിലായിരുന്നു സഞ്ചു.

കമ്പികള്‍ വളച്ചും കെട്ടിയും ആനയുടെ രൂപം സൃഷ്ടിച്ചു. പിന്നീട് സിമന്റും കമ്പിയുമൊക്കെ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് കാലും ഉടലും തുമ്പിക്കൈയും ഒരുക്കി. പെയിന്റിങ് ജോലി കൂടി കഴിഞ്ഞപ്പോള്‍ ജീവൻ തുടിക്കുന്ന ആന വീട്ടുമുറ്റത്ത് റെഡി.

മൂന്ന്‌ മാസക്കാലം നീണ്ട അധ്വാനത്തിന് അങ്ങനെ ഫലം കണ്ടു. പീടികക്കണ്ടി വീടിന്റെ മുറ്റത്ത്‌ കയറുമ്പോൾ തലയെടുപ്പോടെ പ്രൗഢിയിൽ നിൽക്കുന്ന കൊമ്പൻ ശിവൻകുട്ടിയെ കാണാം. ശിവൻകുട്ടിക്ക് നെറ്റിപ്പട്ടംകൂടി ഒരുക്കാനുള്ള ശ്രമത്തിലാണ് സഞ്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/122539/the-mother-wants-to-get-on-top-of-the-elephantafter-3-months-of-hard-work-the-son-fulfilled-his-mothers-wish)