---
title: "ആറളം ഫാം ആനമതിൽ നിർമാണത്തിന്‌ ടെൻഡറായി."
english_title: "Aralam Farm has tendered for construction of elephant wall."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/126394/aralam-farm-has-tendered-for-construction-of-elephant-wall"
published_at: "2023-07-01T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fd2ca960e3_Untitled-4_copy.jpg"
keywords: []
---

# ആറളം ഫാം ആനമതിൽ നിർമാണത്തിന്‌ ടെൻഡറായി.

> **Lead Summary:** ** ഇരിട്ടി: ** ഇരിട്ടി ആറളം ഫാം ആനമതിൽ നിർമാണത്തിന്‌ ടെൻഡറായി. കാസർകോട്ടെ റിയാസാണ്‌ കരാർ ഏറ്റെടുത്തത്‌. പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ കെട്ടിട സമുച്ചയ നിർമാണമുൾപ്പെടെ ഏറ്റെടുത്ത്‌ നടത്തുന്ന റിയാസ്‌ 53 കോടിയുടെ ആനമതിൽ പദ്ധതി 37.9 കോടിക്കാണ്‌ കരാറുറപ്പിച്ചത്‌. ജിഎസ്‌ടി, ഇതര ചെലവുകൾകൂടി കരാറുകാർ വഹിക്കണമെന്ന വ്യവസ്ഥയും പരിഗണിക്കുമ്പോൾ തുക ഉയരും.

## Article Content

** ഇരിട്ടി: ** ഇരിട്ടി ആറളം ഫാം ആനമതിൽ നിർമാണത്തിന്‌ ടെൻഡറായി. കാസർകോട്ടെ റിയാസാണ്‌ കരാർ ഏറ്റെടുത്തത്‌. പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ കെട്ടിട സമുച്ചയ നിർമാണമുൾപ്പെടെ ഏറ്റെടുത്ത്‌ നടത്തുന്ന റിയാസ്‌ 53 കോടിയുടെ ആനമതിൽ പദ്ധതി 37.9 കോടിക്കാണ്‌ കരാറുറപ്പിച്ചത്‌. ജിഎസ്‌ടി, ഇതര ചെലവുകൾകൂടി കരാറുകാർ വഹിക്കണമെന്ന വ്യവസ്ഥയും പരിഗണിക്കുമ്പോൾ തുക ഉയരും.

ഉടമ്പടിപത്രം തയ്യാറാക്കി ടെൻഡർ നടപടി ഉറപ്പിച്ചശേഷം നിർമാണമാരംഭിക്കും. ആനമതിൽ നിർമിക്കാനായി ആറളം ഫാം ആദിവാസി പുനരധിവാസമേഖല–- ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ മുറിച്ചുമാറ്റേണ്ട മരങ്ങളുടെ കണക്കെടുപ്പ്‌ തുടങ്ങി. വനം–- വന്യജീവി വകുപ്പ്‌, പൊതുമരാമത്ത്‌, പട്ടികവർഗ ക്ഷേമ വകുപ്പ്‌ അധികൃതരുടെ സംയുക്ത നേതൃത്വത്തിലാണ്‌ പരിശോധന.

10 കിലോമീറ്റർ ദൂരത്തിൽ മതിൽ നിർമിക്കേണ്ടതിൽ അഞ്ചുകിലോമീറ്ററിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി നേരത്തേ പണിത ബലവത്തായ മതിലുണ്ട്‌. ശേഷിച്ച അഞ്ചു കിലോമീറ്റർ മതിൽനിർമാണ പ്രദേശത്തെയും കിടങ്ങ്‌, റോഡ്‌, റെയിൽവേലി നിർമാണ സ്ഥലത്തെയും മരങ്ങളാണ്‌ വെട്ടിമാറ്റേണ്ടത്‌. പതിനൊന്ന്‌ ആദിവാസികളടക്കം 13 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പ്രദേശമാണ്‌ ആറളം ഫാം.

ആദിവാസി കുടുംബങ്ങളും ഫാം തൊഴിലാളികളും സിപിഐ എം ഉൾപ്പെടെ രാഷ്‌ട്രീയ–- ബഹുജന പ്രസ്ഥാനങ്ങളും നടത്തിയ നിരന്തര ഇടപെടലുകളെ തുടർന്നാണ്‌ 2019ൽ ആനമതിൽ നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയെ നിർമാണം ഏൽപ്പിച്ചു.

എന്നാൽ, യുഡിഎഫ്‌ കുപ്രചരണങ്ങൾ കാരണം അവർ ചുമതലയൊഴിഞ്ഞു. ഇത്‌ സർക്കാരിന്‌ അധികസാമ്പത്തിക ബാധ്യതയുമുണ്ടാക്കി. 22 കോടിയുടെ എസ്‌റ്റിമേറ്റ്‌ 53 കോടിയായി പുതുക്കേണ്ടിവന്നു. സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടലിലാണ്‌ ആനമതിൽ പ്രവൃത്തിക്ക്‌ വീണ്ടും ജീവൻവച്ചത്‌. ആറളത്തെ അരക്ഷിതാവസ്ഥ സ്പീക്കർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മതിൽ നിർമിക്കാൻ 53 കോടി രൂപ സർക്കാർ പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറിയതോടെ ടെൻഡർ നടപടികളായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/126394/aralam-farm-has-tendered-for-construction-of-elephant-wall)