---
title: "ആറളം ഫാം ആനമതിൽ നിർമാണം;ആറളം ഫാമിനെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ"
english_title: "Aralam Farm elephant wall construction; Minister K Radhakrishnan said that the government's aim is to make Aralam Farm self-sufficient."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127281/aralam-farm-elephant-wall-construction-minister-k-radhakrishnan-said-that-the-governments-aim-is-to-make-aralam-farm-self-sufficient"
published_at: "2023-07-04T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3b565bb76e_Untitled-4_copy.jpg"
keywords: []
---

# ആറളം ഫാം ആനമതിൽ നിർമാണം;ആറളം ഫാമിനെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

> **Lead Summary:** **ഇരിട്ടി: ** ഇരിട്ടി ആറളം ഫാമിനെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ആറളം ഫാം ആനമതിൽ നിർമാണം, നബാർഡ്‌ വികസന പദ്ധതികളുടെ നടത്തിപ്പ്‌ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഫാം ഹെഡ്‌ ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥർ, തൊഴിലാളി യൂണിയൻ നേതാക്കൾ, തൊഴിലാളികൾ എന്നിവരുമായി മന്ത്രി വിഷയം ചർച്ചചെയ്തു.

## Article Content

**ഇരിട്ടി: ** ഇരിട്ടി ആറളം ഫാമിനെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ആറളം ഫാം ആനമതിൽ നിർമാണം, നബാർഡ്‌ വികസന പദ്ധതികളുടെ നടത്തിപ്പ്‌ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഫാം ഹെഡ്‌ ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥർ, തൊഴിലാളി യൂണിയൻ നേതാക്കൾ, തൊഴിലാളികൾ എന്നിവരുമായി മന്ത്രി വിഷയം ചർച്ചചെയ്തു.

ആനമതിൽ നിർമാണത്തിന്‌ 53.23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും ടെൻഡർ നടപടി പൂർത്തിയാക്കിയതായും പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. കരാറുകാരൻ എഗ്രിമെന്റ്‌ ഒപ്പുവയ്ക്കുന്ന മുറയ്ക്ക് 15 ദിവസത്തിനകം പണി ആരംഭിക്കും. മതിൽ നിർമാണത്തിന് മുന്നോടിയായി നാനൂറോളം മരങ്ങൾ മുറിച്ചുനീക്കാനുള്ള നടപടിയും ഉടൻ പൂർത്തിയാക്കും.

നബാർഡ്‌ പദ്ധതിയിൽ ആറളം ഫാമിൽ നടപ്പാക്കുന്ന സമഗ്രവികസന പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവൃത്തി ആഗസ്തിൽ പൂർത്തീകരിക്കുമെന്ന് നിർവഹണ ഏജൻസിയായ കിറ്റ്കോയുടെ പ്രതിനിധി അറിയിച്ചു. 22 കെട്ടിടം, രണ്ട് പാലം, മൂന്ന് റോഡ്‌, വേലി എന്നിവയാണ് നിർമിക്കുന്നത്. ഇതിൽ റോഡുകളുടെ നിർമാണം പൂർത്തിയായി. പാലങ്ങളുടെയും കെട്ടിടങ്ങളുടെയും മിനുക്കുപണി ഒരുമാസത്തിനകം പൂർത്തിയാക്കും.

ആറളം ഫാം ഭരണനിർവഹണം കാര്യക്ഷമമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സ്ഥിരം എംഡിയെ നിയമിക്കണമെന്നും യോഗത്തിൽ തൊഴിലാളി യൂണിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഫാം ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ആനമതിൽ നിർമാണമേഖലയായ വാളത്തോട് പ്രദേശം സന്ദർശിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ, കലക്ടർ എസ് ചന്ദ്രശേഖർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡി ആർ മേഘശ്രീ, കെ കെ ജനാർദനൻ, കെ ശ്രീധരൻ, കെ വി സക്കീർ ഹുസൈൻ, ആന്റണി ജോസഫ്‌, ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127281/aralam-farm-elephant-wall-construction-minister-k-radhakrishnan-said-that-the-governments-aim-is-to-make-aralam-farm-self-sufficient)