---
title: " കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറി സ്‌പീക്കർ എ എൻ ഷംസീർ നാടിന്‌ സമർപ്പിച്ചു."
english_title: "Kodiyeri Balakrishnan Memorial Library was dedicated to the nation by Speaker AN Shamseer."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127656/kodiyeri-balakrishnan-memorial-library-was-dedicated-to-the-nation-by-speaker-an-shamseer"
published_at: "2023-07-05T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a529c26f444_Untitled-11_copy.jpg"
keywords: []
---

#  കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറി സ്‌പീക്കർ എ എൻ ഷംസീർ നാടിന്‌ സമർപ്പിച്ചു.

> **Lead Summary:** **ചൊക്ലി: ** ചൊക്ലി കോടിയേരിയുടെ സ്‌മരണ നിറഞ്ഞ അന്തരീക്ഷത്തിൽ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറി സ്‌പീക്കർ എ എൻ ഷംസീർ നാടിന്‌ സമർപ്പിച്ചു. മൊയാരം സ്‌മാരക പരിസരത്തു ചേർന്ന ചടങ്ങിൽ കവിയൂർ രാജഗോപാലൻ അധ്യക്ഷനായി. മുഖ്യാതിഥിയായ കഥാകൃത്ത്‌ ടി പത്മനാഭൻ കോടിയേരിയുടെ ഫോട്ടോ അനാഛാദനം ചെയ്‌തു.

## Article Content

**ചൊക്ലി: ** ചൊക്ലി കോടിയേരിയുടെ സ്‌മരണ നിറഞ്ഞ അന്തരീക്ഷത്തിൽ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ലൈബ്രറി സ്‌പീക്കർ എ എൻ ഷംസീർ നാടിന്‌ സമർപ്പിച്ചു. മൊയാരം സ്‌മാരക പരിസരത്തു ചേർന്ന ചടങ്ങിൽ കവിയൂർ രാജഗോപാലൻ അധ്യക്ഷനായി. മുഖ്യാതിഥിയായ കഥാകൃത്ത്‌ ടി പത്മനാഭൻ കോടിയേരിയുടെ ഫോട്ടോ അനാഛാദനം ചെയ്‌തു.

ഹരീന്ദ്രൻ ചൊക്ലി വരച്ച കോടിയേരിയുടെ ഛായാചിത്രം കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ ഏറ്റുവാങ്ങി. മെമ്പർഷിപ്പ്‌ വിതരണോദ്‌ഘാടനം ഡോ. അമൃതകലക്ക്‌ അംഗത്വം നൽകി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ നിർവഹിച്ചു. ബിനീഷ്‌ കോടിയേരി, കെ ഇ കുഞ്ഞബ്ദുള്ള, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ രമ്യ, കെ എം പവിത്രൻ, കെ പി വിജയൻ, പി കെ യൂസഫ്‌, വി കെ ഭാസ്‌കരൻ, വി സി ഹരിദാസൻ, വി പുരുഷു, നവാസ്‌ പരത്തീന്റവിട എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ്‌ ഡോ. എ പി ശ്രീധരൻ സ്വാഗതവും സെക്രട്ടറി സിറോഷ്‌ലാൽ ദാമോദരൻ നന്ദിയും പറഞ്ഞു.

കോടിയേരി പുസ്‌തകങ്ങളെ സ്‌നേഹിച്ച നേതാവ്‌ : ടി പത്മനാഭൻ ചൊക്ലി പുസ്‌തകങ്ങളെ സ്‌നേഹിക്കുകയും എഴുത്തുകാരെ ബഹുമാനിക്കുകയും ചെയ്‌ത നേതാവായിരുന്നു കോടിയേരി ബാലകൃഷ്‌ണനെന്ന്‌ കഥാകൃത്ത്‌ ടി പത്മനാഭൻ പറഞ്ഞു. കോടിയേരിയുടെ സ്‌മരണയ്‌ക്ക്‌ ഗ്രന്ഥാലയം തുടങ്ങാനുള്ള തീരുമാനം എന്തുകൊണ്ടും ഉചിതമായി. കോടിയേരി സ്‌മാരക ലൈബ്രറിയുടെ ഉദ്‌ഘാടന ചടങ്ങിൽ കോടിയേരിയുടെ ഫോട്ടോ അനാഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ കെ ജിയെപോലെ മനുഷ്യപ്പറ്റുള്ള നേതാവായിരുന്നു കോടിയേരി. ഏതുകാര്യവുമായി നമുക്ക്‌ സമീപിക്കാൻ കഴിയുന്ന ആളായിരുന്നു. അസുഖബാധിതനായശേഷം ദീർഘനേരം ഞങ്ങൾ ഫോണിൽ സംസാരിച്ചിട്ടുണ്ട്‌. മാക്‌സിംഗോർക്കിയുടെ ‘അമ്മ’യെക്കുറിച്ച്‌ സംസാരിച്ചതും ഓർക്കുന്നു. രണ്ടുതവണയാണ്‌ കണ്ണൂരിലെ അഴീക്കോടൻ മന്ദിരത്തിൽ പോയത്‌. സുഹൃത്തായ ടി കെ ബാലന്‌ അന്ത്യാഞ്ജലിയർപ്പിക്കാനാണ്‌ ആദ്യംപോയത്‌.

എതിരാളിയായ രാഷ്‌ട്രീയ നേതാവ്‌ നിർദേശിച്ചത്‌ പ്രകാരം ടി കെ ബാലന്റെ വീടിന്‌ ബോംബ്‌ എറിഞ്ഞ്‌ മകന്റെ ഒരുകണ്ണ്‌ നഷ്‌ടപ്പെടുകയും മറ്റൊരു മകന്‌ പരിക്കേൽകുകയും ചെയ്‌തതിന്റെ പിറ്റേദിവസം ആ വീട്ടിൽ പോയിരുന്നു. അതേക്കുറിച്ച്‌ ‘ഒരു കള്ളക്കഥ’യെന്ന പേരിൽ ഒരു കഥയുമെഴുതി. അക്കാലത്ത്‌ പല പൊതുയോഗങ്ങളിലും കോടിയേരി ഈ കഥ പരാമർശിച്ചിരുന്നു. കോടിയേരിയെ അവസാനമായി കാണാൻ അഴീക്കോടൻ മന്ദിരത്തിൽ പോയപ്പോൾ കരഞ്ഞുപോയെന്നും -ടി പത്മനാഭൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127656/kodiyeri-balakrishnan-memorial-library-was-dedicated-to-the-nation-by-speaker-an-shamseer)