---
title: "#muzhapilangad|മുഴപ്പിലങ്ങാട്ടെ അശാസ്ത്രീയ ഡ്രൈനേജ് നിർമാണം ;  നാട്ടുകാർ ദേശീയപാത വിഭാഗം ഓഫീസ് ഉപരോധിച്ചു."
english_title: "#Unscientific #drainage #construction in #Muzhapilangad,#Locals #besieged the #National# Highways #Department office."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/128457/unscientific-drainage-construction-in-muzhapilanglocals-besieged-the-national-highways-department-office"
published_at: "2023-07-08T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8f3a860158_Untitled-3_copy.jpg"
keywords: []
---

# #muzhapilangad|മുഴപ്പിലങ്ങാട്ടെ അശാസ്ത്രീയ ഡ്രൈനേജ് നിർമാണം ;  നാട്ടുകാർ ദേശീയപാത വിഭാഗം ഓഫീസ് ഉപരോധിച്ചു.

> **Lead Summary:** **തലശ്ശേരി : ** മുഴപ്പിലങ്ങാട് നൂറോളം കുടുംബങ്ങളെ ദുരിതത്തിലാക്കിയ മുഴപ്പിലങ്ങാട്ടെ അശാസ്ത്രീയ ഡ്രൈനേജ് നിർമാണത്തിൽ പ്രതിഷേധിച്ച്‌ നാട്ടുകാർ ദേശീയപാത വിഭാഗം ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിലെ രണ്ടാം വാർഡായ മലക്കുതാഴെ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായത്‌. നൂറിലധികം വീടുകളിൽ വെള്ളം കയറി.

## Article Content

**തലശ്ശേരി : ** മുഴപ്പിലങ്ങാട് നൂറോളം കുടുംബങ്ങളെ ദുരിതത്തിലാക്കിയ മുഴപ്പിലങ്ങാട്ടെ അശാസ്ത്രീയ ഡ്രൈനേജ് നിർമാണത്തിൽ പ്രതിഷേധിച്ച്‌ നാട്ടുകാർ ദേശീയപാത വിഭാഗം ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിലെ രണ്ടാം വാർഡായ മലക്കുതാഴെ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായത്‌. നൂറിലധികം വീടുകളിൽ വെള്ളം കയറി.

നിരവധി കുടുംബങ്ങൾക്ക്‌ വീട് ഒഴിയേണ്ടി വന്നു. സിപിഐ എം പ്രവർത്തകരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ്‌ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത്‌. ദേശീയപാത വിഭാഗത്തിനെതിരെ പ്രതിഷേധവുമുയർന്നു. പ്രതിഷേധത്തിന്റെ ഫലമായി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്‌ ഉടൻ നടപടി സ്വീകരിക്കുമെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പു നൽകിയെങ്കിലും പാലിച്ചില്ല.

വെള്ളിയാഴ്‌ചയും ആവശ്യമായ നടപടയില്ലാത്തതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ടി സജിതയുടെ നേതൃത്വത്തിൽ നാട്ടുകാർ കണ്ണൂർ താണയിലെ ദേശീയപാത വിഭാഗം ഓഫീസ് ഉപരോധിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ളവർ സമരത്തിന് പിന്തുണയുമായെത്തി.

ദേശീയപാത വിഭാഗം പ്രോജക്ട് ഓഫീസർ പുനിൽകുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എഡിഎം കെ കെ ദിവാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി സജിത, ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, സി വിജേഷ്, കെ ശോഭ, കെ രത്നബാബു, സി ദാസൻ, എ കെ ഇബ്രാഹിം, മഹാദേവൻ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിൽ ഉടൻ പരിഹാരം കാണാൻ തീരുമാനമായി.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചശേഷമാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് തടസ്സങ്ങൾ നീക്കം ചെയ്യാനും തുടങ്ങി. പ്രദേശത്ത് കെട്ടിക്കിടക്കുന്ന വെള്ളം മോട്ടോർ വച്ച് പമ്പ് ചെയ്ത്‌ കളയാനും ചർച്ചയിൽ തീരുമാനമായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/128457/unscientific-drainage-construction-in-muzhapilanglocals-besieged-the-national-highways-department-office)