---
title: "#railwayquarters|നിർമാണം തുടങ്ങി ഏഴ് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ കണ്ണൂർ  താവക്കരയിലെ റെയിൽവേ ക്വാർട്ടേഴ്സ്."
english_title: "Even after seven years of construction, the railway quarters at Thavakara, Kannur, have not been completed."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130226/even-after-seven-years-of-construction-the-railway-quarters-at-thavakara-kannur-have-not-been-completed"
published_at: "2023-07-14T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b103ef1a35d_Untitled-1_copy.jpg"
keywords: []
---

# #railwayquarters|നിർമാണം തുടങ്ങി ഏഴ് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ കണ്ണൂർ  താവക്കരയിലെ റെയിൽവേ ക്വാർട്ടേഴ്സ്.

> **Lead Summary:** **കണ്ണൂർ: **നിർമാണം തുടങ്ങി ഏഴ് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ കണ്ണൂർ താവക്കരയിലെ റെയിൽവേ ക്വാർട്ടേഴ്സ്. 18 ക്വാർട്ടേഴ്സുകളുടെ നിർമാണ പ്രവൃത്തി 2017 മെയിലാണ് തുടങ്ങിയത്. 2019 ഡിസംബർ 31 നകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ, പണി ഇഴഞ്ഞുനീങ്ങി. നിലവിൽ ജീവനക്കാരും കുടുംബവും പഴക്കംചെന്ന് അപകടാവസ്ഥയിലായ ക്വാർട്ടേഴ്സുകളിൽ ഭയത്തോടെയാണ് താമസിക്കുന്നത്.

## Article Content

**കണ്ണൂർ: **നിർമാണം തുടങ്ങി ഏഴ് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാതെ കണ്ണൂർ താവക്കരയിലെ റെയിൽവേ ക്വാർട്ടേഴ്സ്. 18 ക്വാർട്ടേഴ്സുകളുടെ നിർമാണ പ്രവൃത്തി 2017 മെയിലാണ് തുടങ്ങിയത്. 2019 ഡിസംബർ 31 നകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ, പണി ഇഴഞ്ഞുനീങ്ങി. നിലവിൽ ജീവനക്കാരും കുടുംബവും പഴക്കംചെന്ന് അപകടാവസ്ഥയിലായ ക്വാർട്ടേഴ്സുകളിൽ ഭയത്തോടെയാണ് താമസിക്കുന്നത്.

ഒരു വർഷം മുമ്പ്‌ കാടുകയറി സാമൂഹ്യവിരുദ്ധരുടെ താവളമായ ക്വാർട്ടേഴ്സിനെക്കുറിച്ച്‌ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ റെയിൽവേ അധികൃതർ സ്ഥലം സന്ദർശിക്കുകയും കോമ്പൗണ്ടിലേക്ക് ആളുകൾ കയറാതിരിക്കാൻ ​ഗേറ്റ് സ്ഥാപിക്കുകയുംചെയ്തു. ഗേറ്റ് തകർന്നതിനാൽ കോമ്പൗണ്ടിലേക്ക് ആർക്കും കയറാനാകും.

പകൽ സമയത്തും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണിവിടം. ലഹരി മാഫിയാ സംഘങ്ങളും തമ്പടിക്കുന്നുണ്ട്. മദ്യകുപ്പികൾ പലയിടത്തായി തള്ളിയിട്ടുണ്ട്. ക്വാർട്ടേഴ്സിന് സമീപത്തുകൂടി റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിലേക്കും റെയിൽപാതകളിലേക്കും ആർക്കും എത്താനാകും.

ജൂൺ ഒന്നിന് പുലർച്ചെ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ട എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീയിട്ടതിന് പിന്നാലെ സ്റ്റേഷനിലും പരിസരത്തും ആർപിഎഫ് സുരക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ, റെയിൽവേ ക്വാർട്ടേഴ്സിലും പരിസരത്തും ആർപിഎഫ് പരിശോധന നടത്തുന്നില്ലെന്ന് താവക്കരയിലെ വ്യാപാരികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130226/even-after-seven-years-of-construction-the-railway-quarters-at-thavakara-kannur-have-not-been-completed)