---
title: "#corporationcouncil |കണ്ണൂർ കോർപറേഷൻ കൗൺസിലിനെ മേയർ നോക്കുകുത്തിയാക്കുന്നുവെന്ന്‌ സ്ഥിരംസമിതി അധ്യക്ഷൻ്റെ ആരോപണം"
english_title: "#Kannur The #chairman of the #standing #committee alleges that the# mayor is making the #corporation #council look #after him"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130241/kannur-the-chairman-of-the-standing-committee-alleges-that-the-mayor-is-making-the-corporation-council-look-after-him"
published_at: "2023-07-14T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b10b16b7c70_Untitled-4_copy.jpg"
keywords: []
---

# #corporationcouncil |കണ്ണൂർ കോർപറേഷൻ കൗൺസിലിനെ മേയർ നോക്കുകുത്തിയാക്കുന്നുവെന്ന്‌ സ്ഥിരംസമിതി അധ്യക്ഷൻ്റെ ആരോപണം

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ കോർപറേഷൻ കൗൺസിലിനെ മേയർ നോക്കുകുത്തിയാക്കുന്നുവെന്ന്‌ സ്ഥിരംസമിതി അധ്യക്ഷൻ്റെ ആരോപണം* കൗൺസിൽ യോഗത്തിലാണ്‌ കൗൺസിലർകൂടിയായ ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജിന്റെ സാന്നിധ്യത്തിൽ സ്ഥിരംസമിതി അധ്യക്ഷൻ പി കെ രാഗേഷിന്റെ മേയർക്കെതിരെയുള്ള രൂക്ഷ വിമർശനം.

## Article Content

**കണ്ണൂർ: ** കണ്ണൂർ കോർപറേഷൻ കൗൺസിലിനെ മേയർ നോക്കുകുത്തിയാക്കുന്നുവെന്ന്‌ സ്ഥിരംസമിതി അധ്യക്ഷൻ്റെ ആരോപണം* കൗൺസിൽ യോഗത്തിലാണ്‌ കൗൺസിലർകൂടിയായ ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജിന്റെ സാന്നിധ്യത്തിൽ സ്ഥിരംസമിതി അധ്യക്ഷൻ പി കെ രാഗേഷിന്റെ മേയർക്കെതിരെയുള്ള രൂക്ഷ വിമർശനം.

പള്ളിക്കുന്ന്‌ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികളെ തോൽപ്പിച്ചതിന്‌ പി കെ രാഗേഷിനെ പുറത്താക്കിയശേഷമുള്ള ആദ്യയോഗമായിരുന്നു വ്യാഴാഴ്‌ച. കോർപറേഷനിലെ റോഡ്‌ തകർച്ചയ്‌ക്കെതിരെ എൽഡിഎഫ്‌ അംഗങ്ങൾ മേയറുടെ ഡയസിനുമുന്നിൽ പ്ലക്കാഡുയർത്തി പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധം വകവയ്‌ക്കാതെ അജൻഡകൾ ഓരോന്നായി പാസാക്കുകയായിരുന്നു മേയർ. ഇതിനിടെയാണ്‌ പി കെ രാഗേഷ്‌ ചർച്ചചെയ്യാൻ അവസരം ആവശ്യപ്പെട്ട്‌ എഴുന്നേറ്റത്‌. നാലാമത്തെ അജൻഡയിൽ ചർച്ചചെയ്യാൻ എഴുന്നേറ്റ പി കെ രാഗേഷിനോട്‌ അജൻഡ കഴിഞ്ഞുവെന്ന്‌ മേയർ പറഞ്ഞു.

ഇതോടെയാണ്‌ പി കെ രാഗേഷ്‌ അജൻഡയിൽനിന്നുമാറി മേയർക്കെതിരെ സ്വരം കടുപ്പിച്ചത്‌. മേയറുടെ ഏകാധിപത്യമാണ്‌ കോർപറേഷനിലെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ രാഗേഷ്‌ കുറ്റപ്പെടുത്തി.

മേയർ ഇരിക്കാനാവശ്യപ്പെട്ടെങ്കിലും വഴങ്ങാതെനിന്ന രാഗേഷിന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ ഇരുപതാമത്തെ അജൻഡയിൽ ചർച്ചയുമായി മുസ്ലിം ലീഗിലെ മുസ്ലിഹ്‌ മഠത്തിൽ എഴുന്നേറ്റു.

ഇതോടെ ഭരണകക്ഷിയിലെ രണ്ടംഗങ്ങൾ ഒരേ സമയം പ്രസംഗമായി. പിന്നീടുള്ള അജൻഡകളിലും മേയർക്കെതിരെ കടുത്ത വിമർശനമായിരുന്നു പി കെ രാഗേഷിന്റേത്‌. അവധിയിലുള്ള സെക്രട്ടറി യോഗത്തിനെത്താത്തതും യുഡിഎഫ്‌ അംഗങ്ങൾ ചർച്ചയാക്കി.

കോർപറേഷന്റെ താൽപര്യത്തിനെതിരാണ്‌ സെക്രട്ടറിയുടെ നിലപാടുകൾ എന്നായിരുന്നു മേയറുടെ പ്രസ്‌താവന. തെറ്റായ കാര്യങ്ങൾക്ക്‌ കൂട്ടുനിൽക്കാത്തതിനാലാണ്‌ സെക്രട്ടറിയെ മേയറും കോൺഗ്രസുകാരും എതിർക്കുന്നതെന്ന്‌ എൻ സുകന്യ പറഞ്ഞു.

ഗവ. ടിടിഐ ഗ്രൗണ്ടിൽ സർക്കാർ തീരുമാനിച്ച ടർഫ്‌ നിർമാണത്തിന്‌ തടസ്സംനിൽക്കുന്നതിനെതിരെയും യോഗത്തിൽ പ്രതിഷേധമുയർന്നു. കുട്ടികൾക്ക്‌ പരിശീലനംകൂടി ലക്ഷ്യമിട്ട്‌ നിർമിക്കുന്ന ടർഫ്‌ യാഥാർഥ്യമാക്കാൻ കോർപറേഷൻ അനുമതി നൽകണമെന്ന്‌ എൻ സുകന്യ ആവശ്യപ്പെട്ടു.

എംഎൽഎ നിർദ്ദേശിക്കുന്ന പദ്ധതികളും സർക്കാരിന്റെ വികസന പദ്ധതികളും ഏറ്റെടുക്കാൻ കോർപറേഷൻ വിമുഖത കാട്ടുകയാണെന്ന്‌ ടി രവീന്ദ്രൻ പറഞ്ഞു. എംഎൽഎയടക്കമുള്ളവരുമായുള്ള ചർച്ചയ്‌ക്കുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന്‌ മേയർ ടി ഒ മോഹനൻ യോഗത്തെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130241/kannur-the-chairman-of-the-standing-committee-alleges-that-the-mayor-is-making-the-corporation-council-look-after-him)