---
title: "#Straydog|തളിപ്പറമ്പിനെ വിറപ്പിച്ച്  തെരുവുനായകൾ ;  വിദ്യാർഥികൾ ഉൾപ്പെടെ 16 പേർക്ക്‌ കടിയേറ്റു"
english_title: "#Stray dogs #shaking the grass 16 #people# including #students were #bitten"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/132601/stray-dogs-shaking-the-grass-16-people-including-students-were-bitten"
published_at: "2023-07-22T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb61bc99ee1_Untitled-2_copy.jpg"
keywords: []
---

# #Straydog|തളിപ്പറമ്പിനെ വിറപ്പിച്ച്  തെരുവുനായകൾ ;  വിദ്യാർഥികൾ ഉൾപ്പെടെ 16 പേർക്ക്‌ കടിയേറ്റു

> **Lead Summary:** **കണ്ണൂർ : ** തളിപ്പറമ്പ് നഗരത്തെ വിറപ്പിച്ച്‌ തെരുവുനായകൾ. സ്‌കൂൾ വിദ്യാർഥി ഉൾപ്പെടെ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 16 പേർക്ക്‌ കടിയേറ്റു. തളിപ്പറമ്പ്‌ മാർക്കറ്റ്, മന്ന, ഭ്രാന്തൻകുന്ന്, വരഡൂൽ പ്രദേശങ്ങളിലാണ് വെള്ളിയാഴ്‌ച രാവിലെമുതൽ വൈകിട്ടുവരെ തെരുവുനായ ആക്രമണം.

## Article Content

**കണ്ണൂർ : ** തളിപ്പറമ്പ് നഗരത്തെ വിറപ്പിച്ച്‌ തെരുവുനായകൾ. സ്‌കൂൾ വിദ്യാർഥി ഉൾപ്പെടെ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 16 പേർക്ക്‌ കടിയേറ്റു. തളിപ്പറമ്പ്‌ മാർക്കറ്റ്, മന്ന, ഭ്രാന്തൻകുന്ന്, വരഡൂൽ പ്രദേശങ്ങളിലാണ് വെള്ളിയാഴ്‌ച രാവിലെമുതൽ വൈകിട്ടുവരെ തെരുവുനായ ആക്രമണം.

ഞാറ്റുവയൽ റെഡ് സ്റ്റാർ വായനശാലക്ക് സമീപം വാടകയ്‌ക്ക് താമസിക്കുന്ന മൂത്തേടത്ത് ഹൈസ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർഥി സായി നിവേദ് (13), നഗരസഭാ ഓഫീസിന്‌ സമീപത്തെ ഹബീബ്‌ നഗറിൽ മുഹമ്മദ്‌ ഷംനാസ്‌ (10), മുയ്യം വരഡൂലിലെ ലക്ഷ്‌മി നിവാസിൽ സുനിത ഗംഗാധരൻ (50), കാഞ്ഞിരങ്ങാട്ടെ പി പി സിബി (58), തലശേരി സ്വദേശിയും ഭ്രാന്തൻ കുന്നിൽ താമസക്കാരനുമായ പൈക്കാട്ട് കുനിയിൽ ചന്ദ്രൻ (56)

മന്ന സലാമത്ത് നഗറിലെ എം പി മുസ്തഫ (55), തൃച്ചംബരം ഭ്രാന്തൻകുന്നിൽ ശ്രീലയത്തിൽ രജിത (50), കുപ്പത്തെ പി എം ഹൗസിൽ അലി (80), മന്നയിലെ വൈദ്യക്കാരൻ നഫീസ (76), കരിമ്പത്തെ വടക്കേവീട്ടിൽ നയൻ (18), കരിമ്പം ഫാറൂഖ്‌ നഗറിലെ കദീജ (80), മന്ന പെട്രോൾ പമ്പിന് സമീപത്തെ കെ ഇബ്രാഹിം (36), തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ നഴ്സിങ്‌ വിദ്യാർഥിനി ഉദയഗിരി പൂവത്ത് ഹൗസിൽ സുചിത്ര (29) എന്നിവർക്കാണ്‌ നായകളുടെ കടിയേറ്റത്‌.

പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ഗവ. ആശുപത്രിയിലും പ്രാഥമിക ചികിത്സ നൽകി. സിബിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലും മറ്റ് ഏഴുപേരെ പരിയാരം ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തളിപ്പറമ്പ് മാർക്കറ്റിൽവച്ച്‌ അതിഥി തൊഴിലാളികളായ മുന്ന (40), ചോട്ടു (20), ബോബൻ (52) എന്നിവർക്കും കടിയേറ്റു. വെള്ളി രാത്രിയാണ് കടിയേറ്റത്. ഇവരെ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കപ്പാലംവഴി സ്‌കൂളിലേക്ക്‌ നടന്നുപോകുന്നതിനിടെ മൊയ്തീൻ പള്ളിക്ക് സമീപം വച്ചാണ് സായി നിവേദിന് കടിയേറ്റത്‌. നായയെ തടയുന്നതിനിടെ കൈയ്‌ക്ക്‌ കടിയേറ്റ്‌ നിലത്തുവീണ കുട്ടിയെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

തളിപ്പറമ്പ്‌ നഗരസഭാ ഓഫീസിന് സമീപത്തുവച്ചാണ് മുഹമ്മദ് ഷംനാസിന്‌ കടിയേറ്റത്. രാവിലെ ഭ്രാന്തൻ കുന്നിൽ നടന്നുവരുന്നതിടെയാണ് സുനിത ഗംഗാധരനും കുനിയിൽ ചന്ദ്രനും കടിയേറ്റത്. മന്ന ഹോണ്ട ഷോറൂമിന് മുന്നിൽവച്ചാണ് സിബിക്കും മന്ന ബസ് സ്റ്റോപ്പന് സമീപത്തുവച്ചാണ്‌ ഇബ്രാഹിമിനും കടിയേറ്റത്. മന്നയ്ക്ക് വച്ചാണ് നഴ്സിങ്‌ വിദ്യാർഥിനി സുചിത്രയെ കടിക്കുന്നത്.

മത്സ്യവിൽപ്പനക്കാരനായ മുസ്തഫക്ക്‌ മാർക്കറ്റിൽവച്ചാണ് കടിയേറ്റത്. ഉച്ചയ്‌ക്കുശേഷം മാർക്കറ്റിൽ നാലുപേർക്ക്‌ കടിയേറ്റു. കഴിഞ്ഞ 13ന് തളിപ്പറമ്പ് നഗരത്തിൽ അഞ്ചുപേർക്ക്‌ തെരുവുനായയുടെ കടിയേറ്റിരുന്നു.

ഇതേതുടർന്ന്‌ ആറ്‌ തെരുവുനായകളെ പിടിച്ച്‌ പടിയൂരിലെ എബിസി കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നു. എന്നാൽ മറ്റ്‌ തെരുവുനായകളെ പിടിയ്‌ക്കാനോ പലയിടങ്ങളിൽ നായകൾക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നത്‌ തടയാനോ നഗരസഭയ്‌ക്ക്‌ സാധിച്ചില്ല. ജില്ലാ പഞ്ചായത്ത്‌ ആവശ്യപ്പെട്ടിട്ടും ആദ്യഘട്ടത്തിൽ എബിസി പദ്ധതിക്ക്‌ തുകമാറ്റിവയ്‌ക്കാനും നഗരസഭ തയ്യാറായിരുന്നില്ല. റിവിഷനിലാണ്‌ ആസൂത്രണ സമിതി തുക മാറ്റിവച്ചത്‌.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/132601/stray-dogs-shaking-the-grass-16-people-including-students-were-bitten)