---
title: "#thalassery|മണിപ്പൂർ അക്രമം ; ജനാധിപത്യ മഹിളാ അസോസിയേഷൻ തലശേരിയിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു"
english_title: "#Manipur violence The #Democratic #Women's Association burnt the# Prime Minister's effigy in #Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133206/manipur-violence-the-democratic-womens-association-burnt-the-prime-ministers-effigy-in-thalassery"
published_at: "2023-07-24T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be10fdddef2_Untitled-4_copy.jpg"
keywords: []
---

# #thalassery|മണിപ്പൂർ അക്രമം ; ജനാധിപത്യ മഹിളാ അസോസിയേഷൻ തലശേരിയിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

> **Lead Summary:** **തലശേരി:** മണിപ്പുരിൽ സ്‌ത്രീകളെ കൂട്ടബലാത്സംഗംചെയ്‌ത്‌ കൊല്ലുന്ന ഭീകരതക്കെതിരെ രോഷാഗ്നിയായി പ്രതിഷേധ കൂട്ടായ്‌മ. മണിപ്പുരിൽ വസ്‌ത്രാക്ഷേപം ചെയ്യപ്പെട്ട സ്ത്രീകൾക്ക്‌ നീതി ആവശ്യപ്പെട്ട്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച കൂട്ടായ്‌മയിലും തലശേരി ടൗണിൽ നടത്തിയ പ്രകടനത്തിലും നൂറുക്കണക്കിന്‌ വനിതകൾ അണിനിരന്നു.

## Article Content

**തലശേരി:** മണിപ്പുരിൽ സ്‌ത്രീകളെ കൂട്ടബലാത്സംഗംചെയ്‌ത്‌ കൊല്ലുന്ന ഭീകരതക്കെതിരെ രോഷാഗ്നിയായി പ്രതിഷേധ കൂട്ടായ്‌മ. മണിപ്പുരിൽ വസ്‌ത്രാക്ഷേപം ചെയ്യപ്പെട്ട സ്ത്രീകൾക്ക്‌ നീതി ആവശ്യപ്പെട്ട്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച കൂട്ടായ്‌മയിലും തലശേരി ടൗണിൽ നടത്തിയ പ്രകടനത്തിലും നൂറുക്കണക്കിന്‌ വനിതകൾ അണിനിരന്നു.

അസോസിയേഷൻ ജില്ലാ കമ്മിറ്റി പുതിയ ബസ്‌സ്‌റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ പി വി പ്രീത അധ്യക്ഷയായി. സെക്രട്ടറി പി കെ ശ്യാമള സ്വാഗതം പറഞ്ഞു.

സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം വി സരള, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു. ‘പ്രധാനമന്ത്രി നിങ്ങളെയോർത്ത്‌ രാജ്യം ലജ്ജിക്കുന്നു’ എന്ന ബാനറും മോദിയുടെ കോലവുമായി ബ്രണ്ണൻ സ്‌കൂൾ പരിസരത്തുനിന്ന്‌ പ്രകടനം തുടങ്ങി. പുതിയ ബസ്‌സ്‌റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധ കൂട്ടായ്‌മക്ക്‌ ശേഷം പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. രാജ്യം വസ്‌ത്രാക്ഷേപംചെയ്യപ്പെട്ടു

തലശേരി പെൺകുട്ടികളെ വസ്‌ത്രമുരിഞ്ഞ്‌ തെരുവിലൂടെ നടത്തുകയും കൂട്ടബലാത്സംഗംചെയ്‌ത്‌ കൊല്ലുകയുംചെയ്യുന്ന രാജ്യമായി ഇന്ത്യ അധഃപതിച്ചതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ.

ലോകത്തിനുമുന്നിൽ രാജ്യം വസ്‌ത്രാക്ഷേപം ചെയ്യപ്പെട്ടിരിക്കുന്നു. രാജ്യത്ത്‌ സ്‌ത്രീകളുടെ അഭിമാനവും അന്തസും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി മാപ്പ്‌ പറയണം. മണിപ്പുർ കലാപത്തിന്‌ ഒത്താശചെയ്യുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഉടൻ പുറത്താക്കണം.

മണിപ്പുരിലെ ബലാത്സംഗക്കൊലക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി തലശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ.

മണിപ്പുർ കത്തിയെരിയുമ്പോൾ, കലാപം ശമിപ്പിക്കാൻ ചെറുവിരലനക്കാതെ പ്രധാനമന്ത്രി വിദേശരാജ്യങ്ങളിൽ ചുറ്റിക്കറങ്ങുകയായിരുന്നു. ഇത്ര മനുഷ്യത്വമില്ലാത്ത ഒരു പ്രധാനമന്ത്രിയും രാജ്യചരിത്രത്തിലില്ല.

പ്രധാനമന്ത്രിയുടെ മൻകിബാത്തും നാട്യവും ജനങ്ങൾ തിരിച്ചറിയണം. മണിപ്പുർ സംഭവത്തിൽ രാജ്യത്തിന്റെ സ്വസ്ഥതയാണ്‌ നഷ്ടമാകുന്നത്‌. സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ വീടിനകത്ത്‌ ചുട്ടുകൊന്നു.

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യയെ നഗ്നയാക്കി നടത്തിച്ചു. ആ സ്‌ത്രീകൾ അനുഭവിച്ച വേദനയും അപമാനവും ഊഹിക്കാനാകുമോ. സ്‌ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ ഇരട്ട എൻജിൻ സർക്കാരിന്‌ കഴിയുന്നില്ല. ഇന്റർനെറ്റ്‌ വിച്ഛേദിച്ച്‌ മണിപ്പുരിൽ നടക്കുന്നത്‌ ലോകം അറിയാതിരിക്കാനാണ്‌ മോദി ആഗ്രഹിച്ചതെന്നും കെ കെ ശൈലജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133206/manipur-violence-the-democratic-womens-association-burnt-the-prime-ministers-effigy-in-thalassery)