---
title: "#thalassery|തലശേരിക്കടുത്ത് കൊടുവള്ളിയിൽ ലോറിയിടിച്ച് റെയിൽവേ ഗേറ്റും കേബിളുകളും തകർന്നു"
english_title: "A lorry hit Koduvalli near Talasheri and the railway gate and cables were broken"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/135313/a-lorry-hit-koduvalli-near-talasheri-and-the-railway-gate-and-cables-were-broken"
published_at: "2023-07-31T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c79682b0119_Untitled-5_copy.jpg"
keywords: []
---

# #thalassery|തലശേരിക്കടുത്ത് കൊടുവള്ളിയിൽ ലോറിയിടിച്ച് റെയിൽവേ ഗേറ്റും കേബിളുകളും തകർന്നു

> **Lead Summary:** **തലശ്ശേരി: **കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ടോടിയ ചരക്ക് ലോറി ഇടിച്ച് കൊടുവള്ളി റെയിൽവെ ഗേറ്റും, ഗേറ്റിനടുത്തുള്ള സിഗ്നൽ സംവിധാനവും തകരാറിലായി. തമിഴ് നാട്ടിൽ നിന്നും തലശ്ശേരി വഴി പിണറായിലേക്ക് കമ്പികളുമായി പോവുകയായിരുന്ന ടി. എൻ. 93 - 9397 നമ്പർ കൂറ്റൻ ചരക്ക് ലോറിയാണ് അപകടം വരുത്തിയത്.

## Article Content

**തലശ്ശേരി: **കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ടോടിയ ചരക്ക് ലോറി ഇടിച്ച് കൊടുവള്ളി റെയിൽവെ ഗേറ്റും, ഗേറ്റിനടുത്തുള്ള സിഗ്നൽ സംവിധാനവും തകരാറിലായി. തമിഴ് നാട്ടിൽ നിന്നും തലശ്ശേരി വഴി പിണറായിലേക്ക് കമ്പികളുമായി പോവുകയായിരുന്ന ടി. എൻ. 93 - 9397 നമ്പർ കൂറ്റൻ ചരക്ക് ലോറിയാണ് അപകടം വരുത്തിയത്.

കൊടുവള്ളി ഗേറ്റും കടന്ന് മുന്നോട്ട് പോവുന്ന തിനിടയിൽ ഗേറ്റിന് തൊട്ടുള്ള ഹമ്പിൽ കയറിയ പാടെ ലോറി പെട്ടെന്ന് പിന്നോട്ട് നീങ്ങുകയായി രുന്നു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ലോറിയുടെ പിൻഭാഗം റെയിൽവെ ഗേറ്റിന്റെ ലോക്കിലിടിച്ചു. ഇടിയുടെ ആഘാതത്തിലാണ് ലോക്ക് കുറ്റിയും തൊട്ടുള്ള പ്രധാന ലൈൻ സിഗ്നൽ കാബിളുകളും തകർന്നത്.

ഗേറ്റും സിഗ്നലുകളും തകരാറിലായ വിവരം ഗേറ്റ്മാൻ തലശ്ശേരിയിലും കണ്ണൂരിലുമുള്ള സ്റ്റേഷൻ മാസ്റ്റർമാരെയും മെക്കാനിക്കൽ ഉദ്യോഗസ്ഥരെയും അറിയിച്ചു. ഇതോടെ കൊടുവള്ളി വഴി കടന്നു പോവേണ്ട ട്രെയിനുകൾക്ക് ഇരു ഭാഗത്തും ജാഗ്രതാ നിർദേശം നൽകി. കോഷ്യൻ രീതിയിലാണ് ഇപ്പോൾ ട്രെയിനുകൾ കൊടുവള്ളി ഗേറ്റിലൂടെ കടത്തിവിടുന്നത്. കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നുമെത്തിയ മെക്കാനിക്കൽ വിഭാഗം അറ്റകുറ്റ പ്രവൃത്തികൾ നടത്തുകയാണ്.

കൊടുവള്ളി ഗേറ്റ് കടന്നു പോവേണ്ട വാഹനങ്ങളെ വഴി തിരിച്ചുവി ട്ടു.ഇതേ തുടർന്ന് എരഞ്ഞോളി പാലം മുതൽ ചിറക്കര പള്ളിത്താഴെ വരെയും ധർമ്മടം മീത്തലെ പീടികയിലും ഗതാഗതക്കുരുക്ക് കൂടി. മൂന്നാഴ്ച മുൻപ് ഇക്കഴിഞ്ഞ 18 നും കൊടുവള്ളി റെയിൽവെ ഗേറ്റ് തകരാറിലായിരുന്നു. അന്ന് റോപ്പ് പൊട്ടിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം മുടങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/135313/a-lorry-hit-koduvalli-near-talasheri-and-the-railway-gate-and-cables-were-broken)