---
title: "സമസ്ത മേഖലയിലും  വിലക്കയറ്റം ; തലശേരിയിൽ ഹോട്ടലുകളിൽ ഊണിന് ഒറ്റയടിക്ക് 10 രൂപ വർധിപ്പിച്ചു"
english_title: "Price rise in all sectors In Thalassery, hotel meals have been increased by Rs 10 at once"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137230/price-rise-in-all-sectors-in-thalassery-hotel-meals-have-been-increased-by-rs-10-at-once"
published_at: "2023-08-07T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d10737c6898_Untitled-2_copy.jpg"
keywords: []
---

# സമസ്ത മേഖലയിലും  വിലക്കയറ്റം ; തലശേരിയിൽ ഹോട്ടലുകളിൽ ഊണിന് ഒറ്റയടിക്ക് 10 രൂപ വർധിപ്പിച്ചു

> **Lead Summary:** **തലശേരി:** സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാക്കി തലശേരിയിൽ ഹോട്ടലുകൾ ഊണിന് വില വർധിപ്പിച്ചു. 10 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷനു കീഴിലെ ഹോട്ടലുകളിൽ ഊൺ വില 60 രൂപയായി.

## Article Content

**തലശേരി:** സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാക്കി തലശേരിയിൽ ഹോട്ടലുകൾ ഊണിന് വില വർധിപ്പിച്ചു. 10 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷനു കീഴിലെ ഹോട്ടലുകളിൽ ഊൺ വില 60 രൂപയായി.

പച്ചക്കറികൾക്ക് തോന്നിയ വിലയാണ് വിപണിയിൽ. തക്കാളി വില 100 മുതൽ 120 രൂപയാണ്. അരി വിലയാവട്ടെ ദിനേന വർധിക്കുകയാണ്. വിലക്കയറ്റത്തെ തുടർന്ന് സാധാരണക്കാരൻ നട്ടം തിരിയുമ്പോഴാണ് തലശേരിയിലെ ഹോട്ടലുകൾ ഊണിന് വില വർധിപ്പിച്ചത്. 10 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ 50 രൂപയുള്ള ഊണിന് ഇനി മുതൽ 60 രൂപ നൽകണം. ബുധനാഴ്ച മുതൽ വില വർധന നിലവിൽ വരും.

മീൻ വറുത്തതിന് അടുത്തെങ്ങും പോകാൻ പറ്റാത്തത്രയുമാണ് വില. പലയിടത്തും തോന്നുന്നതു പോലെയാണ് വില. വിലക്കയറ്റം രൂക്ഷമാകുമ്പോഴും അല്പമെങ്കിലും ആശ്വാസമേകുന്നത് ജനകീയ ഹോട്ടലുകളാണ്.

20 രൂപക്ക് ഊൺ ലഭിക്കുമെന്നതിനാൽ ജനകീയ ഹോട്ടലുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. വിപണിയിൽ ഇടപെടുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി മാറുകയാണെന്നാരോപണം ശക്തമാണ്.

സപ്ലൈകോയിൽ വിലക്കയറ്റമില്ലെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അരി, കടല എന്നിവ ഉൾപ്പടെയുള്ള സാധനങ്ങളൊന്നുമില്ല. സർക്കാർ സംവിധാനങ്ങൾ ഇനിയെങ്കിലും വിപണിയിൽ ഇടപെട്ടില്ലെങ്കിൽ ഇത്തവണത്തെ ഓണവിപണി ചുട്ടുപൊള്ളുമെന്നുറപ്പാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137230/price-rise-in-all-sectors-in-thalassery-hotel-meals-have-been-increased-by-rs-10-at-once)