---
title: "#Underpass| മുഴപ്പിലങ്ങാട് കുളം ബസാറിലും അടിപ്പാത ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ  വ്യാപാരികളും, നാട്ടുകാരും ആഹ്ലാദത്തിൽ"
english_title: "#Underpass also in #Muzhappilangad #KulamBazar #Traders and locals are# happy with the# Chief Minister's# announcement"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137674/underpass-also-in-muzhappilangad-kulambazar-traders-and-locals-are-happy-with-the-chief-ministers-announcement"
published_at: "2023-08-09T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d351e20fadf_Untitled-3_copy.jpg"
keywords: []
---

# #Underpass| മുഴപ്പിലങ്ങാട് കുളം ബസാറിലും അടിപ്പാത ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ  വ്യാപാരികളും, നാട്ടുകാരും ആഹ്ലാദത്തിൽ

> **Lead Summary:** **തലശ്ശേരി : **ദേശീയപാത 66 കടന്നുപോകുന്ന മുഴപ്പിലങ്ങാട് കുളം ബസാറില്‍ അടിപ്പാത അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് അടിപ്പാത അനുവദിച്ച വിവരം കിട്ടിയതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. അഞ്ച് മീറ്റര്‍ വീതിയിലും രണ്ടര മീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാതയുടെ നിര്‍മാണം നടക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.

## Article Content

**തലശ്ശേരി : **ദേശീയപാത 66 കടന്നുപോകുന്ന മുഴപ്പിലങ്ങാട് കുളം ബസാറില്‍ അടിപ്പാത അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് അടിപ്പാത അനുവദിച്ച വിവരം കിട്ടിയതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. അഞ്ച് മീറ്റര്‍ വീതിയിലും രണ്ടര മീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാതയുടെ നിര്‍മാണം നടക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.

വിവരം പുറത്തുവന്നതോടെ മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം നടക്കുകയാണ്. നിലവില്‍ ദേശീയപാതയുടെ പണി പൂര്‍ത്തിയായാല്‍ പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ കുളം ബസാറില്‍ നിന്നും ഇരുവശവും ജനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മാര്‍ഗം ഇല്ലാതാവും. ഈ അവസ്ഥ മുന്നില്‍ കണ്ട് സമരങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ഈ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനം അഞ്ച് മാസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

എഫ്.സി.ഐ ഗോഡൗണിന് സമീപത്ത് അടിപ്പാതയുടെ നിര്‍മാണം നടക്കാനിരിക്കെ കുളം ബസാറിലും അടിപ്പാത അനുവദിക്കപ്പെട്ട വിവരം നാട്ടുകാരെയും വ്യാപാരികളെയും ഒരുപോലെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ്.

അടിപ്പാതക്കു വേണ്ടി ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി സമിതിയും ദേശീയപാത അതോറിറ്റിക്കും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കുകയും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് എടക്കാട്ടെ അടിപ്പാത യാഥാര്‍ഥ്യമായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137674/underpass-also-in-muzhappilangad-kulambazar-traders-and-locals-are-happy-with-the-chief-ministers-announcement)