---
title: "#excise office |  തലശേരിയിൽ കഞ്ചാവുമായി പിടികൂടിയ രണ്ടംഗ സംഘം ലഹരിമൂത്ത്  എക്സൈസ് ഓഫീസ് അടിച്ചു തകർത്തു."
english_title: "A two-member gang caught with ganja in Thalassery vandalized the liquor excise office."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/138979/a-two-member-gang-caught-with-ganja-in-thalassery-vandalized-the-liquor-excise-office"
published_at: "2023-08-14T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da401ca3bcf_Untitled-1_copy.jpg"
keywords: []
---

# #excise office |  തലശേരിയിൽ കഞ്ചാവുമായി പിടികൂടിയ രണ്ടംഗ സംഘം ലഹരിമൂത്ത്  എക്സൈസ് ഓഫീസ് അടിച്ചു തകർത്തു.

> **Lead Summary:** **തലശേരി:** തലശേരി എക്സൈസ് ഓഫീസിൽ ലഹരി മാഫിയ സംഘത്തിൻ്റെ അക്രമം. തലശേരിയിൽ നിന്നും കഞ്ചാവുമായി പിടികൂടിയ ധർമ്മടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്.

## Article Content

**തലശേരി:** തലശേരി എക്സൈസ് ഓഫീസിൽ ലഹരി മാഫിയ സംഘത്തിൻ്റെ അക്രമം. തലശേരിയിൽ നിന്നും കഞ്ചാവുമായി പിടികൂടിയ ധർമ്മടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്.

തലശേരി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സുധീർ വാഴവളപ്പിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വൈകുന്നേരത്തോടെയാണ് തലശേരിയിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ നിന്നും ഇരുവരെയും കഞ്ചാവ് സഹിതം പിടികൂടുന്നത്.

ഖലീലിൻ്റെ കൈവശം 18 ഗ്രാമും, ജമാലിൻ്റെ കൈവശം 22 ഗ്രാം കഞ്ചാവുമുണ്ടായിരുന്നു. പരിശോധനയിൽ ജമാലിൻ്റെ കൈയ്യിൽ നിന്നും എസ് മോഡൽ കത്തിയും പിടികൂടി. അറസ്റ്റ് ചെയ്ത് എക്സ്സൈസ് ഓഫീസിലെത്തിച്ചപ്പോൾ പ്രതിയായ ജമാൽ അക്രമാസക്തനാവുകയും എക്സൈസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടർ സ്കാനർ , പ്രിൻറർ, ടേബിൾ, പെഡസ്റ്റൽ ഫാൻ എന്നിവ അടിച്ചു തകർത്തു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴടക്കിയത്.

അസി. എക്സൈസ് ഓഫീസർ സെന്തിൽകുമാർ, പ്രിവൻ്റീവ് ഓഫീസർ വി.കെ ഷിബു, എക്സൈസ് ഉദ്യോഗസ്ഥരായ ലിമേഷ്, വി.കെ ഫൈസൽ, യു.ഷെനിത്ത് രാജ്, ജസ്ന ജോസഫ്, എം.ബീന എന്നിവർ ചേർന്നാണ് അക്രമികളെ പിടികൂടിയത്.

വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളപ്പോഴായിരുന്നു അക്രമം. കഴിഞ്ഞ ദിവസവം ഖലീലിനെ എക്സ്സൈസ് സംഘം പിടികൂടിയിരുന്നു.. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. ജമാൽ പെരിങ്ങത്തൂരിലെ സൂപ്പർ മാർക്കറ്റ് അടിച്ചു പൊളിച്ച കേസിലും പ്രതിയാണ്. പ്രതികളെ ന്യൂമാഹി പൊലീസിന് കൈമാറും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/138979/a-two-member-gang-caught-with-ganja-in-thalassery-vandalized-the-liquor-excise-office)