---
title: "# Chandrayaan-3|   അമ്പിളി തൊടാൻ ഇനി രണ്ടു നാൾ ; ചന്ദ്രയാൻ-3 ലാൻഡിങ് സമയം മാറ്റി "
english_title: "#Two more days to touch the #arrow# Chandrayaan-3 landing time #changed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/140655/two-more-days-to-touch-the-arrow-chandrayaan-3-landing-time-changed"
published_at: "2023-08-21T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2f23edc3e8_Untitled-2_copy.jpg"
keywords: []
---

# # Chandrayaan-3|   അമ്പിളി തൊടാൻ ഇനി രണ്ടു നാൾ ; ചന്ദ്രയാൻ-3 ലാൻഡിങ് സമയം മാറ്റി 

> **Lead Summary:** ** ** ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3ന്റെ ലാൻഡിങ് സമയം മാറ്റി നിശ്ചയിച്ചു. ഓഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 6.04നാണ് ലാൻഡിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 5.45 ന് ലാൻഡിങ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.‌

## Article Content

** ** ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3ന്റെ ലാൻഡിങ് സമയം മാറ്റി നിശ്ചയിച്ചു. ഓഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 6.04നാണ് ലാൻഡിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 5.45 ന് ലാൻഡിങ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.‌

ഞായറാഴ്ച പുലർച്ചെ രണ്ടാം ഡീബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി നടത്തി. ഇതോടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ലാൻഡിങ് ദൗത്യത്തിന്റെ അവസാന ഘട്ടമാണ് ഇനി ശേഷിക്കുന്നത്. ലാൻഡിങ് ദൃശ്യങ്ങൾ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ടെലിവിഷനിലൂടെയും തത്സമയം കാണാൻ കഴിയും.

ഇന്‍റർനെറ്റ് കണക്ഷനുളള സ്മാർട്ട്ഫോണുകളിലൂടെയും കംപ്യൂട്ടറുകളിലൂടെയും ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് ലൈവായി കാണാൻ കഴിയും. ഓഗസ്റ്റ് 23ന് വൈകുന്നേരം 5.27ന് ലൈവ് സ്ട്രീമിംഗ് ആരംഭിക്കും. 6.04നാണ് ലാൻഡിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഡിഡി നാഷണൽ ചാനലിലൂടെ സോഫ്റ്റ് ലാൻഡിങ് സൗജന്യമായി കാണാനുള്ള അവസരവും ഐഎസ്ആർഒ ഒരുക്കിയിട്ടുണ്ട്.

ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ്ങിന്റെ തത്സമയ സ്ട്രീമിംഗ് സംഘടിപ്പിക്കാൻ സ്കൂളുകളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഐഎസ്ആർഒ ക്ഷണിച്ചിട്ടുണ്ട്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ലാൻഡർ ഇറങ്ങുക എന്ന പ്രത്യേകത ഇന്ത്യൻ ചാന്ദ്രദൗത്യത്തിനുണ്ട്. സൂര്യപ്രകാശം തുടർച്ചയായി ലഭിക്കുന്നതും ചരിവ് കുറഞ്ഞ പ്രദേശവുമായതിനാലാണ് ദക്ഷിണധ്രുവത്തിൽ പേടകം ഇറങ്ങുന്നത്.

ഡീ-ബൂസ്റ്റ് എന്ന പ്രക്രിയയിലൂടെയാണ് പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്ക് (25 കിമീ x 134 കിമീ) എത്തിക്കുക. 30 കിലോമീറ്റർ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് പ്രധാന ഘട്ടമെന്നായിരുന്നു നേരത്തെ ഐഎസ്ആർഒ അറിയിച്ചിരുന്നത്.

എന്നാൽ അവസാന ഡീബൂസ്റ്റിങ്ങിൽ വിക്രം ലാൻഡർ ചന്ദ്രൻ്റെ 25 കിലോമീറ്റർ ഉയരത്തിൽ എത്തിയിരിക്കുകയാണ്. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റും. ഇതിന് ശേഷമാണ് സോഫ്റ്റ്ലാൻഡിങ്ങ്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഇതിനകം 37 ദിവസം പിന്നിട്ടു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/140655/two-more-days-to-touch-the-arrow-chandrayaan-3-landing-time-changed)