---
title: "#UDF  |   തലശേരിയിലെ പേ പാർക്കിംഗ് നിയമവിരുദ്ധമെന്ന് യുഡിഎഫ് ; പേ പാർക്കിംഗിനെതിരെ കോടതിയെ സമീപിക്കും"
english_title: "UDF says paid parking in Thalassery is illegal,Court will be approached against paid parking"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141042/udf-says-paid-parking-in-thalassery-is-illegalcourt-will-be-approached-against-paid-parking"
published_at: "2023-08-22T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4832bbd596_Untitled-4_copy.jpg"
keywords: []
---

# #UDF  |   തലശേരിയിലെ പേ പാർക്കിംഗ് നിയമവിരുദ്ധമെന്ന് യുഡിഎഫ് ; പേ പാർക്കിംഗിനെതിരെ കോടതിയെ സമീപിക്കും

> **Lead Summary:** ** തലശേരി: **തലശേരി പഴയ ബസ് സ്റ്റാൻ്റ് ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിന് സമീപം ആശുപത്രി റോഡിൽ നടപ്പാക്കുന്ന പേ പാർക്കിങ്ങ് നിയമവിരുദ്ധമാണെന്ന് യു.ഡി.എഫ്.

## Article Content

** തലശേരി: **തലശേരി പഴയ ബസ് സ്റ്റാൻ്റ് ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിന് സമീപം ആശുപത്രി റോഡിൽ നടപ്പാക്കുന്ന പേ പാർക്കിങ്ങ് നിയമവിരുദ്ധമാണെന്ന് യു.ഡി.എഫ്.

അശാസ്ത്രീയമായ സംവിധാനത്തിനെതിരെ  യു.ഡി.എഫ് സമരരംഗത്തിറങ്ങും. പേ പാർക്കിംഗ് സംവിധാനം ചട്ടവിരുദ്ധമാണെന്നും, സാമ്പത്തിക തകർച്ചയുള്ള നഗരസഭയ്ക് വരുമാനം ഉണ്ടാക്കാനാണ് ഇപ്പോൾ ധൃതി വച്ച് ഇതിനൊരുങ്ങുന്നതെന്നും യു.ഡി.എഫ് നേതാക്കൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

നഗരസഭയുടെ നിയമ വിരുദ്ധ തീരുമാനത്തിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കും. പ്രത്യക്ഷ സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മൾട്ടി പർപ്പസ് ഷോപ്പിംഗ് കോംപ്ലക്സിന് നിർബ്ബന്ധമായും വാഹന പാർക്കിംഗ് സൗകര്യം വേണം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഇതിൻ്റെ ഉത്തരവാദിത്വം. അത് നിറവേറ്റാതെ, കോംപ്ളക്സിൻ്റെ മുന്നിൽ പേ പാർക്കിംഗ് ഏർപ്പെടുത്തുന്നത് തെറ്റാണ്.

താൽക്കാലികമാണെങ്കിൽ പോലും ഇത്തരം കാര്യങ്ങൾ കൌൺസിൽ യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടണം. എന്നാൽ ഇത്തരം നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുകയായിരുന്നു.

നഗരഭരണം നിയന്ത്രിക്കുന്നത് ആരാണെന്നും യുഡിഎഫ് നേതാവ് അഡ്വ. കെ.എ ലത്തീഫ് ചോദിച്ചു. പഴയ ബസ് സ്റ്റാൻ്റിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ ഓട്ടോസ്റ്റാൻ്റിൽ മൾട്ടി സ്റ്റോറി പാർക്കിംഗ് പ്ലാസ സ്ഥാപിക്കുമെന്ന വാഗ്ദാനം ഇതേ വരെ പാലിക്കപ്പെട്ടിട്ടില്ല.

നഗരസഭാ സ്റ്റേഡിയത്തിൻ്റെ വർത്തമാനകാല പ്രശ്നങ്ങളെയും നേതാക്കൾ പരിഹസിച്ചു. നിയമ വിധേയമല്ലാതെ പൂർത്തിയാക്കിയ സ്റ്റേഡിയമാണ് സംസ്ഥാന മന്ത്രി ഉത്ഘാടനം ചെയ്തതെന്നും യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ഭാരവാഹി അഡ്വ.സി.ടി.സജിത്ത് കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ എം .പി .അരവിന്ദാക്ഷൻ, വി.സി പ്രസാദ്, കെ.ഇ.പവിത്ര രാജ്, അഹമ്മദ് അൻവർ, വിജയകൃഷ്ണൻ, എന്നിവർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141042/udf-says-paid-parking-in-thalassery-is-illegalcourt-will-be-approached-against-paid-parking)