---
title: "എവിടെ നിന്നോ വന്നു.., എവിടേക്കൊ പോയി..! ; ഭക്തസഹസ്രങ്ങളെ കണ്ണീരിലാഴ്ത്തി തലശേരിയിലെ അവധൂതമ്മ വിടവാങ്ങി."
english_title: "It came from somewhere.., where did it go..!Avadhutamma of Thalassery left thousands of devotees in tears."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/143121/it-came-from-somewhere-where-did-it-goavadhutamma-of-thalassery-left-thousands-of-devotees-in-tears"
published_at: "2023-09-01T23:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f225eef33ba_Untitled-3_copy.jpg"
keywords: []
---

# എവിടെ നിന്നോ വന്നു.., എവിടേക്കൊ പോയി..! ; ഭക്തസഹസ്രങ്ങളെ കണ്ണീരിലാഴ്ത്തി തലശേരിയിലെ അവധൂതമ്മ വിടവാങ്ങി.

> **Lead Summary:** **തലശേരി: **തലശേരിയിലെ അവധൂതമ്മ സമാധിയായി. തലശേരിയിൽ എത്ര വർഷം മുമ്പാണ് അമ്മയെത്തിയതെന്നു പോലും ഭക്തർക്കറിയില്ല. തിരുവാങ്ങട്ടമ്മ എന്നപേരിൽ അറിയപ്പെടുന്ന അവധൂതമ്മ വർഷങ്ങളായി തിരുവങ്ങാട്ട് കീഴന്തി മുക്കിലെ ശ്രീനിവാസ് നിലയത്തിൽ ജയകുമാറിന്റെ വീട്ടിലായിരുന്നു താമസം.

## Article Content

**തലശേരി: **തലശേരിയിലെ അവധൂതമ്മ സമാധിയായി. തലശേരിയിൽ എത്ര വർഷം മുമ്പാണ് അമ്മയെത്തിയതെന്നു പോലും ഭക്തർക്കറിയില്ല. തിരുവാങ്ങട്ടമ്മ എന്നപേരിൽ അറിയപ്പെടുന്ന അവധൂതമ്മ വർഷങ്ങളായി തിരുവങ്ങാട്ട് കീഴന്തി മുക്കിലെ ശ്രീനിവാസ് നിലയത്തിൽ ജയകുമാറിന്റെ വീട്ടിലായിരുന്നു താമസം.

തലശേരി നഗരത്തിലൂടെ രണ്ട് കൈകളും തലയുടെ പിന്നാമ്പുറത്ത് കോർത്ത് പിടിച്ച് അലസമായി നടക്കുന്ന അവധൂതമ്മക്ക് ജാതിമത ഭേദമന്യേ നിരവധി ഭക്തരുണ്ട്. പണമോ, പാരിതോഷികങ്ങളോ സ്വീകരിക്കാതെ പ്രത്യേക തരത്തിൽ ജീവിതം നയിച്ച അമ്മയെ കാണാൻ വിദേശികൾ അടക്കം എത്താറുണ്ട്. അമ്മയുടെ നടന വഴിയിൽ ലജ്ജയേതുമില്ലാതെ നമസ്ക്കരിക്കുന്ന ഭക്തരും, അമ്മയൊന്നു കയറി കിട്ടിയാൽ നല്ലതാണെന്ന് വിശ്വസിക്കുന്ന ഓട്ടോ - ടാക്സി ഡ്രൈവർമാരെയും കാണാമായിരുന്നു.

അമ്മയുടെ കാൽക്കൽ നമസ്ക്കരിച്ചു പോയാൽ നല്ല കോളു കിട്ടുമെന്ന് വിശ്വസിക്കുന്ന മുക്കുവരും, അമ്മയെ നടുക്കടലിൽ കണ്ട മുക്കുവസമൂഹവുമുണ്ട്. വാഹനമിടിച്ച് പരിക്കേറ്റ് കൈയ്യൊടിഞ്ഞ അമ്മ മൂന്നാം ദിവസം പ്ലാസ്റ്ററൊക്കെ വലിച്ചൂരി വീണ്ടും തെരുവിൽ നടന്നത് ആശുപത്രി ഡോക്ടർമാർ പങ്കു വെക്കുന്ന മറ്റൊരനുഭവമായിരുന്നു.

അമ്മയെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ വാഹന ഡ്രൈവർ പിറ്റേ ദിവസം കടുത്ത പനിയുമായി അതേ ആശുപത്രിയിൽ അഡ്മിറ്റായതുമുണ്ട്. ഉത്തരമില്ലാത്ത ചോദ്യമായി ജീവിച്ച തിരുവങ്ങാട്ടമ്മയുടെ വിയോഗം ഭക്തർക്കും ഏറെ നഷ്ടമാണ്. സംസ്ക്കാരം നാളെ 4 മണിക്ക് മടപ്പള്ളി ബീച്ച് റോഡിലെ മഠത്തിൽ നടക്കും.

ഇവിടെ അമ്മയ്ക്കായി വർഷങ്ങൾക്ക് മുന്നെ സമാധി മണ്ഡപ മടക്കം ഭക്തർ ഒരുക്കിയിട്ടുണ്ട്. തിരുവങ്ങാടു നിന്നും അമ്മയുടെ ഭൗതികദേഹം ഉച്ചയോടെ തലശേരിയിൽ നിന്നും മടപ്പള്ളിയിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/143121/it-came-from-somewhere-where-did-it-goavadhutamma-of-thalassery-left-thousands-of-devotees-in-tears)