---
title: "#mahi|  മാഹിപ്പാലത്തിലെ  കുഴികളോട് അധികാരികൾ   എത നാൾ കണ്ണടയ്ക്കും ?; വൻ ദുരന്തം ക്ഷണിച്ചു വരുത്തരുതെന്ന് ഭീതിയോടെ  യാത്രക്കാർ "
english_title: "How# long will the #authorities turn a #blind eye to #potholes in #Mahipalam?# Passengers fear not to# invite a #major disaster"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144569/how-long-will-the-authorities-turn-a-blind-eye-to-potholes-in-mahipalam-passengers-fear-not-to-invite-a-major-disaster"
published_at: "2023-09-07T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# #mahi|  മാഹിപ്പാലത്തിലെ  കുഴികളോട് അധികാരികൾ   എത നാൾ കണ്ണടയ്ക്കും ?; വൻ ദുരന്തം ക്ഷണിച്ചു വരുത്തരുതെന്ന് ഭീതിയോടെ  യാത്രക്കാർ 

> **Lead Summary:** **മാഹി: ** പാലത്തിലെ റോഡിൽ നിന്നു തഴോട്ടു നോക്കിയാൽ പുഴ കാണുവോളം വളർന്നിരിക്കുകയാണ് കുഴികൾ. പാലം കുലുങ്ങിയാലും കണ്ണു തുറക്കില്ലെന്ന നിലപാടിലാണ് അധികൃതർ. ദേശീയപാതയിൽ കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന, മാഹിയെ കേരളവുമായി ചേർത്തു നിർത്തുന്ന പാലത്തിനാണ് ഈ ദുർഗതി.

## Article Content

**മാഹി: ** പാലത്തിലെ റോഡിൽ നിന്നു തഴോട്ടു നോക്കിയാൽ പുഴ കാണുവോളം വളർന്നിരിക്കുകയാണ് കുഴികൾ. പാലം കുലുങ്ങിയാലും കണ്ണു തുറക്കില്ലെന്ന നിലപാടിലാണ് അധികൃതർ. ദേശീയപാതയിൽ കണ്ണൂർ - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന, മാഹിയെ കേരളവുമായി ചേർത്തു നിർത്തുന്ന പാലത്തിനാണ് ഈ ദുർഗതി.

അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നത് ശരിയല്ല. താൽക്കാലികമായുള്ള കുഴിയട യ്ക്കൽ വഴിപാടു പോലെ പല രാത്രികളിലും അധികാരികൾ ചെയ്യുന്നുണ്ട്. ഈ ഓട്ടയടക്കലിന് പക്ഷെ മണിക്കൂറുകൾ മാത്രമാണ് ആയുസ്സ്. പ്രായം തൊണ്ണൂറു പിന്നിട്ട പാലത്തിന് കണ്ണിൽപ്പൊടി യിടുന്ന അറ്റകുറ്റപ്പണി പോരെന്ന ആവശ്യം ശക്തമാണ്.

എന്നാൽ വൻ ദുരന്തം വരുമ്പോഴേ കണ്ണു തുറക്കൂ എന്ന വാശി യുള്ളപോലെ മൗനത്തിലാണ് അധികാരികൾ. ഒളവിലത്ത് മയ്യഴിപ്പുഴയ്ക്ക് കുറുകെ ബൈപാസിൽ പാലം വരുന്നതിനാൽ മാഹി പാലത്തെ ദേശീയപാത അധികൃതർ പൂർണമായി അവഗണിച്ചിരിക്കുകയാണ്. ന്യൂമാഹി ടൗണിൽ നിന്നു വിളിപ്പാട് അകലെയാണ് തലശ്ശേരി മാഹി ബൈപാസ്.

ബൈപാസ് യാഥാർഥ്യമാ യാലും മാഹി പാലത്തിന്റെ പ്രാധാന്യം അവഗണിക്കാൻ ഇരു സർക്കാരുകൾക്കും സാധിക്കില്ല. ന്യൂമാഹിയിൽ നിന്നു മാഹിയിലേക്കു വരുന്ന ഭാഗത്തെ ആദ്യത്തെ സ്ലാബ് ചേർന്നു നിൽക്കേണ്ടുന്ന സ്ഥലത്താണ് ആദ്യം കുഴി രൂപ പ്പെട്ടത്. പിന്നീട് പലയിടങ്ങളിലേക്ക് വ്യാപിച്ചു. കണ്ണു തെറ്റിയാൽ വാഹനങ്ങൾ കുഴിയിൽ വീഴും.

ഇരുചക്ര വാഹനങ്ങളും മറ്റും ഇവിടെ അപകടത്തിൽപ്പെട്ടാൽ പിന്നാലെ വരുന്ന വാഹനങ്ങൾ ഇടിച്ചുകയറാനുള്ള സാധ്യതയേറെയാണ്. കുഴികൾ കാരണം പാലത്തിലൂടെ വാഹനങ്ങൾ ഒച്ചിഴയും പോലെയാണ് നീങ്ങുന്നത്. ഇതോടെ ദേശീയപാതയാകെ സ്തംഭിക്കുന്ന സ്ഥിതിയുമുണ്ട്. മാഹി പാലത്തിന്റെ നടപ്പാതയിൽ നിൽക്കുമ്പോൾ പാലം ശക്തമായി കുലുങ്ങുന്നത് നേരിട്ട് മനസ്സിലാകും.

ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന വിധത്തിൽ മാഹിപ്പാലം പ്രശ്നം അധികൃതർ കൈകാര്യം ചെയ്യുന്നതിനെതിരെ കടുത്ത പ്രതി ഷേധങ്ങൾ ഉയർന്നു തുടങ്ങി. ഓട്ടോ ഡ്രൈവർമാരാണ് പ്രതിഷേധത്തിൻ്റെ മുൻ നിരയിലുള്ളത്. പണ്ടുകാലത്ത് തലശ്ശേരിയും മായും സമീപ മേഖലകളുമായും മയ്യഴിക്കാർ ബന്ധപ്പെട്ടിരുന്നത് തോണികളും ചങ്ങാടങ്ങളും വഴിയായിരുന്നു. പിന്നീട് ബ്രിട്ടിഷുകാർ മരപ്പാലം നിർമിച്ച് ഇരുകരകളെയും ബന്ധിപ്പിച്ചു. എന്നാൽ ഇതിന് അധികകാലം ആയുസുണ്ടായിരുന്നില്ല.

മഴക്കാലത്തെ ശക്തമായ ഒഴുക്കിൽ തകർന്നുപോയ മരപ്പാലത്തിനു പകരം മറ്റൊരു പാലമെന്ന ആവശ്യം 1933ലായിരുന്നു. കാലപ്പഴക്കം കൊണ്ട് ദുർബലമാ യതോടെ പാലം 1971ൽ പുതുക്കി പണിതു. ബിട്ടിഷ് കാലഘട്ടത്തിൽ നിർമിച്ച കരിങ്കൽ തൂണുകൾ അതേപടി നിലനിർത്തി കേരള സർക്കാരാണ് അന്ന് കോൺക്രീറ്റ് പാലം നിർമിച്ചത്.

അരനൂറ്റാണ്ടിലേറെ പിന്നിട്ട ഈ കോൺക്രീറ്റാണ് തകർന്ന് കുഴികൾ രൂപപ്പെട്ട് വാഹനങ്ങൾക്ക് വെല്ലു വിളിയുയർത്തുന്നത്. 2003, 2005 വർഷങ്ങളിൽ ദേശീയപാത അധികൃതർ പാലം ബലപ്പെടുത്താനായി പ്രവൃത്തികൾ നടത്തിയിരുന്നു. 2004ൽ പുതിയ പാലത്തിനായി മാഹി പൊതുമരാമത്ത് വകുപ്പ് രൂപരേഖയും, ഇരുകരകളിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങളും ബന്ധപ്പെട്ടവർക്ക് കൈമാറി. 125 മീറ്റർ നീളത്തിലും, പത്തര മീറ്റർ വീതിയിൽ ലും പുതിയ പാലം നിർമിക്കാനായിരുന്നു ആലോചിച്ചിരുന്നത്. പാലത്തിൽ ഏഴര മീറ്റർ വീതിയിൽ നാലുവരിറോഡും, ഇരുവശത്തും നടപ്പാതയും ഉൾപ്പെടെയുള്ള തായിരുന്നു പാലത്തിന്റെ രൂപരേഖ.

2011 നവംബറിൽ മാഹി പൊതുമരാമത്ത് വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റർ, കണ്ണൂർ ജില്ലാ കലക്ടർക്ക് വിവരങ്ങൾ കൈമാറി. സംയുക്ത പരിശോധനയ്ക്ക് കലക്ടർ നിർദേ ശം നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഒന്നും നടന്നിട്ടില്ല. മാഹിപ്പാലം പുനർനിർമിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അന്ന് തലശ്ശേരി എംഎൽഎ ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ചിരുന്നു.

ഇതേ തുടർന്ന് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചു. 2015 ഓഗസ്റ്റ് 5നു മാഹി ഭാഗത്ത് അപ്രോച്ച് റോഡിനു വേണ്ടി ഭൂമി ഏറ്റെ ടുക്കാൻ പുതുച്ചേരി എൻഎച്ച് ഉദ്യോഗ സ്ഥർ എക്സിക്യൂട്ടീവ് എൻജിനീയർ വി .ജി.നാഗോശ്വര റാവുവിന്റെ നേതൃത്വത്തി ലുള്ള സംഘം പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.

2016 ജൂൺ 19നു മാഹിപ്പാലം രണ്ടാഴ്ച അടച്ച് പാലത്തിന്റെ മേൽഭാഗത്തെ സ്ലാബുകൾ തമ്മിലുള്ള വിടവുകൾ സ്ട്രിപ് സീൽ സംവിധാനം ഉപയോഗിച്ച് നികത്തി.

പുതിയ പാലത്തിന്റെ നിർമാണത്തിന് ന്യൂമാഹിയിൽ സ്ഥലം ഏറ്റെടുക്കാൻ തടസ്സങ്ങളില്ല. പൊലീസ് ഔട്പോസ്റ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് നിലവിലുള്ള പാലത്തിന്റെ അരികു ചേർന്ന് പഴയ പോസ്റ്റ് ഓഫിസ് ജംക്ഷനിൽ എത്തുന്നതാണ് പദ്ധതി. കാലപ്പഴക്കവും അധികൃതരുടെ അവഗണനയും ചേർന്ന് മാഹിപ്പാലം സമ്പൂർണ തകർച്ചയിലേക്ക് നീങ്ങിയാൽ മാഹിയും ന്യൂമാഹിയും ഒറ്റപ്പെടും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144569/how-long-will-the-authorities-turn-a-blind-eye-to-potholes-in-mahipalam-passengers-fear-not-to-invite-a-major-disaster)