---
title: "#Nipah |  3 പേർക്ക് കൂടി നിപ ലക്ഷണം, 7 പേർ ചികിത്സയിൽ ;  168 പേർ സമ്പർക്ക പട്ടികയിൽ, 127 പേർ ആരോഗ്യപ്രവർത്തകർ "
english_title: "3 more people have #symptoms of #Nipah, 7 #people are# under treatment;168# people on #contact list, 127# health #workers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145836/3-more-people-have-symptoms-of-nipah-7-people-are-under-treatment168-people-on-contact-list-127-health-workers"
published_at: "2023-09-12T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650083d057ea1_Untitled-2_copy.jpg"
keywords: []
---

# #Nipah |  3 പേർക്ക് കൂടി നിപ ലക്ഷണം, 7 പേർ ചികിത്സയിൽ ;  168 പേർ സമ്പർക്ക പട്ടികയിൽ, 127 പേർ ആരോഗ്യപ്രവർത്തകർ 

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് നിപ ലക്ഷണങ്ങളുമായി നിലവിൽ 7 പേർ ചികിത്സയിലുണ്ടെന്നെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രിമാരായ വീണാ ജോർജും മഹമ്മദ് റിയാസും.

## Article Content

**കോഴിക്കോട്:** കോഴിക്കോട് നിപ ലക്ഷണങ്ങളുമായി നിലവിൽ 7 പേർ ചികിത്സയിലുണ്ടെന്നെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രിമാരായ വീണാ ജോർജും മഹമ്മദ് റിയാസും.

ഇന്ന് മൂന്ന് പേർ കൂടി ചികിത്സ തേടി. എല്ലാവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്കത്തിലുള്ള നാല് പേരും ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കത്തിലുള്ള മൂന്ന് പേരുമാണ് ചികിത്സയിലുള്ളത്. ആകെ 168 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യ കേസിൽ 158 പേരുണ്ട്.

ഇവരിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. സി സി ടി വി ദൃശ്യങ്ങൾ നോക്കി സമ്പർക്ക പട്ടിക വിപുലീകരിക്കും. രണ്ടാമത്തെ കേസിൽ സമ്പർക്കത്തിലുള 10 പേരെ തിരിച്ചറിഞ്ഞു. ഫലം പോസിറ്റീവ് ആയാൽ റൂട്ട് മാപ് പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. നാളെ കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തിൽ പരിശോധന നടത്തും.

ആകെ മൂന്ന് വിദഗ്ധ സംഘങ്ങൾ നാളെ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ കോഴിക്കോട് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു എന്നാണ് അറിയിച്ചിട്ടുള്ളത്. ആവശ്യമുള്ളവർ 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാമെന്നും അറിയിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145836/3-more-people-have-symptoms-of-nipah-7-people-are-under-treatment168-people-on-contact-list-127-health-workers)