---
title: "# CV Sudhakaran|  മികച്ച സാംസ്കാരിക പ്രവർത്തകനും, സംഘാടകനുമായ സി.വി സുധാകരൻ്റെ ഓർമ്മകൾക്ക്  ഒരു വയസ്"
english_title: "A year to the #memories of the great #cultural worker and #organizer# CV Sudhakaran"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150645/a-year-to-the-memories-of-the-great-cultural-worker-and-organizer-cv-sudhakaran"
published_at: "2023-10-03T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651b7a0f30b46_Untitled-1_copy.jpg"
keywords: []
---

# # CV Sudhakaran|  മികച്ച സാംസ്കാരിക പ്രവർത്തകനും, സംഘാടകനുമായ സി.വി സുധാകരൻ്റെ ഓർമ്മകൾക്ക്  ഒരു വയസ്

> **Lead Summary:** **തലശ്ശേരി: ** കലയേയും, സംഗീതത്തേയും, നെഞ്ചേറ്റുകയും അവയുടെ പ്രചാരകനും സംഘാടകനുമായി മാറുകയും ചെയ്ത അതുല്യ സാംസ്ക്കാരിക നായകനായ തിരുവങ്ങാട്ടെ സി.വി.സുധാകരൻ അരങ്ങൊഴിഞ്ഞിട്ട് ഒക്ടോബർ മൂന്നിന് ഒരു വർഷം തികയുന്നു. തലശ്ശേരിയിലേയും, പരിസര പ്രദേശങ്ങളിലേയും, കലാസാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന സുധാകരന്റെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമായിത്തന്നെ നിലനിൽക്കുന്നു.

## Article Content

**തലശ്ശേരി: ** കലയേയും, സംഗീതത്തേയും, നെഞ്ചേറ്റുകയും അവയുടെ പ്രചാരകനും സംഘാടകനുമായി മാറുകയും ചെയ്ത അതുല്യ സാംസ്ക്കാരിക നായകനായ തിരുവങ്ങാട്ടെ സി.വി.സുധാകരൻ അരങ്ങൊഴിഞ്ഞിട്ട് ഒക്ടോബർ മൂന്നിന് ഒരു വർഷം തികയുന്നു. തലശ്ശേരിയിലേയും, പരിസര പ്രദേശങ്ങളിലേയും, കലാസാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന സുധാകരന്റെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമായിത്തന്നെ നിലനിൽക്കുന്നു.

അറിയപ്പെടുന്ന ഗായകനും, നാടകനടനും, മികച്ച സംഘാടകനുമായ സുധാകരൻ, തലശ്ശേരിയിലെ പ്രമുഖ കലാ സ്ഥാപനങ്ങളായ സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറിയുടേയും, ശ്യാമയുടേയും, രണ്ട് ദശാബ്ദക്കാലമായി സെക്രട്ടറിയായിരുന്നു. തലശ്ശേരിയിൽ നടക്കുന്ന ഒട്ടുമിക്ക മെഗാ കലാപരിപാടികളുടേയും മുഖ്യ സംഘാടകനായിരുന്നു സുധാകരൻ.

2006ൽ നടന്ന ദേശീയ ഫിലിം ഫെസ്റ്റിവലിന്റെയും, 2019ൽ നടന്ന സംസ്ഥാന ചലച്ചിത്ര മേളയുടേയും, 2020 ൽ നടന്ന അന്തർദേശീയ ഫെസ്റ്റിവലിന്റേയും മുഖ്യ സംഘാടകനായിരുന്നു. സ്പോർട്ടിങ്ങ് യൂത്ത്സ് ലൈബ്രറി കെട്ടിടത്തിലേക്ക് കേരള ലളിതകലാ ഗാലറി കൊണ്ടുവരാനായത് സുധാകരന്റെ കഠിന പരിശ്രമത്തിലാണ്. ഗാലറിയിൽ നടന്ന നൂറാമത് ചിത്രപ്രദർശനത്തോടനുബന്ധിച്ച നൂറ് ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് നടന്ന ശതവർണ്ണം പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.

രാഷ്ട്രീയത്തിനും, മതത്തിനുമപ്പുറം വിപുലമായ സുഹൃദ് ബന്ധങ്ങളുള്ള സുധാകരൻ പഠന - വിനോദയാത്രകളുടെയും, സുഹൃത് സംഗമങ്ങളുടെയും, സൂത്രധാരനും സംഘാടകനുമാണ്. വിവിധ കലാ സാംസ്കാരിക പ്രവർത്തകരെ സംഘടിപ്പിച്ച് ഭാരത യാത്രയടക്കം ഒട്ടേറെ വിജ്ഞാന വിനോദ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ശ്യാമയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി ഹിന്ദുസ്ഥാനി , കർണ്ണാട്ടിക് സംഗീതവും കഥക്, സിത്താർ പരിശീലനവും നടത്തി വരുന്നുണ്ട്. ഒപ്പം ചെസ്സ് പരിശിലനവും നൽകി വരുന്നു. ഒട്ടേറെ തെരുവ് നാടകങ്ങൾ ആവിഷ്ക്കരിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ശ്യാമയിൽ വർഷങ്ങളായി നടത്തി വരുന്ന ജനപ്രിയ പ്രതിവാര പരിപാടിയായ 'എല്ലാരും പാടണ്' സംഗീത പരിപാടി മുടങ്ങാതെ നടത്തി വരുന്നുണ്ട്.

പുതിയ തലമുറയിലെ കലാകാരന്മാരെ കണ്ടെത്താന്നും പ്രോത്സാഹിപ്പിക്കാനും സുധാകരൻ കാണിച്ച താത്പര്യം ശ്രദ്ധേയമാണ്. ഒട്ടേറെ കലാപ്രതിഭകൾ വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ വിജയികളായി മാറാൻ ഊർജമായത് ശ്യാമയിലെ പരിശീലനമായിരുന്നു. സുധാകരനെ മാറ്റി നിർത്തിയുള്ള കലാകായിക സംഗിത സാംസ്ക്കാരിക പരിപാടികൾ ഒരു വ്യാഴവട്ടക്കാലത്തിലേറെയായിതലശേരിയിൽ നടക്കാറില്ലെന്നത് വസ്തുതയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150645/a-year-to-the-memories-of-the-great-cultural-worker-and-organizer-cv-sudhakaran)