---
title: "കണ്ണൂരിൽ ബൈക്ക് കവർന്ന യുവാവ് ഹെൽമറ്റിടാതെ ഓടിച്ചു പോയി ; മോഷ്ടാവിനെ തലശേരിയിലെ എ.ഐ ക്യാമറ കുടുക്കി"
english_title: "The youth who stole a bike in Kannur ran away without wearing a helmet;The thief was caught by AI camera in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/151836/the-youth-who-stole-a-bike-in-kannur-ran-away-without-wearing-a-helmetthe-thief-was-caught-by-ai-camera-in-thalassery"
published_at: "2023-10-07T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65217b290c739_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ബൈക്ക് കവർന്ന യുവാവ് ഹെൽമറ്റിടാതെ ഓടിച്ചു പോയി ; മോഷ്ടാവിനെ തലശേരിയിലെ എ.ഐ ക്യാമറ കുടുക്കി

> **Lead Summary:** **തലശേരി: ** കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചയാളെ കോഴിക്കോട് നടക്കാവിൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പോലീസിന് അന്വേഷണത്തിൽ തുമ്പില്ലാതിരുന്നപ്പോൾ പിടിവള്ളിയായത് എ.ഐ ക്യാമറ.

## Article Content

**തലശേരി: ** കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചയാളെ കോഴിക്കോട് നടക്കാവിൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പോലീസിന് അന്വേഷണത്തിൽ തുമ്പില്ലാതിരുന്നപ്പോൾ പിടിവള്ളിയായത് എ.ഐ ക്യാമറ.

കാസർക്കോട് സ്വദേശി ലബീഷ് ബാലകൃഷ്ണനെ (23) യാണ് വൈകിട്ടോടെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. നടക്കാവിൽ ഇയാൾ പിടിയിലായത് അവിടെത്തന്നെയുള്ള മറ്റൊരു വാഹന മോഷണക്കേസിലാണ്. അവിടെ നിന്ന് മോഷ്ടിച്ച വാഹനം സഹിതമണ് അയാൾ പിടിയിലാവുന്നത്. എന്നാൽ കണ്ണൂരിൽ നിന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ കളവുപോയ ബൈക്കിനെ അന്വേഷിച്ച് ഈ സമയമെല്ലാം കണ്ണൂർ ടൗൺ പോലീസ് പരക്കം പാഞ്ഞു.

ഒടുവിൽ തലശേരി കൊടുവള്ളി ദേശീയപാതയിലെ എ.ഐ ക്യാമറ ഇയാളുടെ ചിത്രം ഒപ്പിയെടുത്തതായി പോലീസ് കണ്ടെത്തി. കണ്ണൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തപ്പോഴാണ് എ.ഐ ക്യാമറ കണ്ണ് തുറന്നത്. വാഹന ഉടമയ്ക്ക് ഈ വിവരം മോട്ടോർ വാഹനവകുപ്പ് സന്ദേശമയച്ചപ്പോഴാണ് തന്റെ ബൈക്ക് കൊടുവള്ളി വഴി കടന്നുപോയതായി അറിഞ്ഞത്.

ഉടൻ വിവരം പോലീസിന് കൈമാറി. അങ്ങനെ കോഴിക്കോട് പോലീസുമായി ടൗൺ സി.ഐ. ബിനു മോഹൻ ബന്ധപ്പെട്ടു. നടക്കാവ് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പക്ഷെ, പിടിയിലാകുമ്പോൾ ഇയാൾ മറ്റൊരു വാഹനത്തിലാണ് യാത്ര ചെയ്തിരുന്നത്. കണ്ണൂരിലെ കളവ് കേസിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/151836/the-youth-who-stole-a-bike-in-kannur-ran-away-without-wearing-a-helmetthe-thief-was-caught-by-ai-camera-in-thalassery)