---
title: "തലശ്ശേരി മണ്ഡലം നവകേരള സദസ് 21ന് കോണാർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍"
english_title: "Thalassery Constituency Navakerala Sadas on 21st at Konar Valley Cricket Stadium"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/155569/thalassery-constituency-navakerala-sadas-on-21st-at-konar-valley-cricket-stadium"
published_at: "2023-10-20T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653293c567b69_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി മണ്ഡലം നവകേരള സദസ് 21ന് കോണാർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി നിയമസഭാ മണ്ഡലം നവകേരള സദസ് നവംബര്‍ 21നു കൊടുവള്ളിയിലെ തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചു.

## Article Content

**തലശ്ശേരി: ** തലശ്ശേരി നിയമസഭാ മണ്ഡലം നവകേരള സദസ് നവംബര്‍ 21നു കൊടുവള്ളിയിലെ തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചു.

വൈകിട്ട് അഞ്ചിനാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സംഘമെത്തുക. എന്നാല്‍ വൈകീട്ട് നാലുമണിക്ക് തന്നെ പരിപാടികള്‍ക്ക് തുടക്കമാകും. നാല് മണിമുതൽ  മുതല്‍ കലാ സാംസ്‌കാരിക പരിപാടികള്‍ നടത്താനും സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി.

സ്‌കൂളുകള്‍, കുടുംബശ്രീ തുടങ്ങിയവയില്‍ നിന്നു തെരഞ്ഞെടുക്കുന്ന മികച്ച കലാപരിപാടികളാണ് നവകേരള സദസില്‍ അരങ്ങേറുക. നവകേരള സദസുമായി ബന്ധപ്പെട്ട് പ്രചരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും അയല്‍ക്കൂട്ടം സദസ് ഇതിനോടകം പൂര്‍ത്തിയായി. മണ്ഡലത്തില്‍ വന്‍വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

പരിപാടിയുടെ പ്രചരണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു. തലശ്ശേരി ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തലശ്ശേരി നഗരസഭ അധ്യക്ഷ ജമുനാറാണി, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, എം സി സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രമണ്യന്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/155569/thalassery-constituency-navakerala-sadas-on-21st-at-konar-valley-cricket-stadium)