---
title: "#Bharat |  'ഭാരതം' മാത്രം ഉപയോഗിക്കണമെന്നത് അംഗീകരിക്കില്ല ; പാഠ്യപദ്ധതി പരിഷ്‌കരണം തള്ളി മന്ത്രി ശിവൻകുട്ടി "
english_title: "It is not acceptable to use only #'Bharat'#Minister #Sivankutty rejects #curriculum reform"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/157141/it-is-not-acceptable-to-use-only-bharatminister-sivankutty-rejects-curriculum-reform"
published_at: "2023-10-26T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a788fe83b7_Untitled-1_copy.jpg"
keywords: []
---

# #Bharat |  'ഭാരതം' മാത്രം ഉപയോഗിക്കണമെന്നത് അംഗീകരിക്കില്ല ; പാഠ്യപദ്ധതി പരിഷ്‌കരണം തള്ളി മന്ത്രി ശിവൻകുട്ടി 

> **Lead Summary:** ** **പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേരിന് പകരം 'ഭാരത്' എന്നാക്കി മാറ്റാനുള്ള എൻ.സി.ഇ.ആർ.ടി. തീരുമാനം തള്ളി കേരളം. ഭരണഘടനയിൽത്തന്നെ പറഞ്ഞ ഇന്ത്യ അഥവാ ഭാരത് എന്നത് എവിടെയും ഉപയോഗിക്കാൻ ഓരോ പൗരനും അവകാശമുണ്ടെന്നും ഭാരതമെന്നത് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് പറയുന്നത് ദുഷ്ടലാക്കും സങ്കുചിത രാഷ്ട്രീയവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

## Article Content

** **പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേരിന് പകരം 'ഭാരത്' എന്നാക്കി മാറ്റാനുള്ള എൻ.സി.ഇ.ആർ.ടി. തീരുമാനം തള്ളി കേരളം. ഭരണഘടനയിൽത്തന്നെ പറഞ്ഞ ഇന്ത്യ അഥവാ ഭാരത് എന്നത് എവിടെയും ഉപയോഗിക്കാൻ ഓരോ പൗരനും അവകാശമുണ്ടെന്നും ഭാരതമെന്നത് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് പറയുന്നത് ദുഷ്ടലാക്കും സങ്കുചിത രാഷ്ട്രീയവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

സാമൂഹിക ശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് നിയോഗിച്ച എൻ.സി.ഇ.ആർ.ടി. സമിതി നൽകിയ ശുപാർശകളെ കേരളം തുടക്കത്തിൽതന്നെ തള്ളിയതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടനയിൽത്തന്നെ പറഞ്ഞ ഇന്ത്യ അഥവാ ഭാരത് എന്നത് എവിടെയും ഉപയോഗിക്കാൻ ഓരോ പൗരനും അവകാശമുണ്ട്.

അതിൽനിന്ന് വ്യത്യസ്തമായി ഇനിയങ്ങോട്ട് ഭാരതമെന്നത് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് പറയുന്നത് ദുഷ്ടലാക്കോടെയുള്ളതും സങ്കുചിത രാഷ്ട്രീയവുമാണ്. ഇത് കേരളം അംഗീകരിക്കില്ല, ശിവൻകുട്ടി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ളതാണ് കേരളത്തിലെ പാഠപുസ്തകങ്ങൾ. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ചേർത്തുപിടിച്ചും യഥാർഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്രചിന്ത വളർത്തുന്നതുമായ ഒരു പാഠ്യപദ്ധതി പരിഷ്കരണമാണ് കേരളത്തിൽ നടക്കുക എന്ന് പദ്ധതി പരിഷ്കരണം ആരംഭിച്ചപ്പോൾതന്നെ വ്യക്തമാക്കിയതാണ്.

അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. പാഠപുസ്തക പരിഷ്കരണത്തിൽ സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയിട്ടില്ല. വരാൻപോകുന്ന തലമുറ യഥാർഥ ചരിത്രം പഠിക്കേണ്ടെന്ന കേന്ദ്ര നിലപാട് കടുത്ത രാജ്യദ്രോഹത്തിന് തുല്യമാണെന്നും അദ്ദേഹം അറിയിച്ചു. ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതും ശാസ്ത്ര നീരസമുള്ളതും യഥാർഥ ചരിത്രത്തിന്റെ വളച്ചൊടിക്കലുമാണ് എൻ.സി.ഇ.ആർ.ടി.

പാഠപുസ്തകങ്ങളിലൂടെ കുട്ടികൾക്ക് നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇതിനെതിരേ കേരളം അക്കാദമികമായി സംവാദങ്ങൾ നടത്തി പ്രതിരോധിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു. 2024 ജൂണിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകളും 2025 ജൂണിൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത്ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങളും വിതരണത്തിനെത്തിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/157141/it-is-not-acceptable-to-use-only-bharatminister-sivankutty-rejects-curriculum-reform)