---
title: "എ.ഐ. ക്യാമറ കാട്ടിത്തന്ന 'റൂട്ട് മാപ്പി'ല്‍ പോലീസ് കോഴിക്കോട്ടെത്തി; ബൈക്ക് മോഷ്ടാക്കളിലൊരാളെ പിടിച്ചു"
english_title: "A.I.  Police came to Kozhikode with 'route map' showing camera;One of the bike thieves was caught"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/162616/ai-police-came-to-kozhikode-with-route-map-showing-cameraone-of-the-bike-thieves-was-caught"
published_at: "2023-11-16T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555a6104fb35_6555a3ea8c6da_aicamera.jpg"
keywords: []
---

# എ.ഐ. ക്യാമറ കാട്ടിത്തന്ന 'റൂട്ട് മാപ്പി'ല്‍ പോലീസ് കോഴിക്കോട്ടെത്തി; ബൈക്ക് മോഷ്ടാക്കളിലൊരാളെ പിടിച്ചു

> **Lead Summary:** എ.ഐ. ക്യാമറ കാട്ടിത്തന്ന 'റൂട്ടുമാപ്പി'ല്‍ സഞ്ചരിച്ച പോലീസിന് തെറ്റിയില്ല. കാഞ്ഞങ്ങാട്ടുനിന്ന് ബൈക്ക് മോഷ്ടിച്ച സംഘത്തിലെ ഒരാളെ ഹൊസ്ദുര്‍ഗ് പോലീസ് കോഴിക്കോട് മേപ്പയ്യൂര്‍ കാരയാട്ടുവെച്ച് പിടിച്ചു. വി.ടി.അഭിനവിനെയാണ് പിടിച്ചത്. ബൈക്ക് കണ്ടെത്താനായില്ല. സംഘത്തിലെ രണ്ടാമന്‍ ബൈക്കുമായി മുങ്ങിയെന്നാണ് അഭിനവിന്റെ മൊഴി. കോഴിക്കോട് നെടുമണ്ണൂര്‍ കോളനിയിലെ തംബുരു എന്ന അഭിന്‍രാജാണ് മുങ്ങിയത്.

## Article Content

എ.ഐ. ക്യാമറ കാട്ടിത്തന്ന 'റൂട്ടുമാപ്പി'ല്‍ സഞ്ചരിച്ച പോലീസിന് തെറ്റിയില്ല. കാഞ്ഞങ്ങാട്ടുനിന്ന് ബൈക്ക് മോഷ്ടിച്ച സംഘത്തിലെ ഒരാളെ ഹൊസ്ദുര്‍ഗ് പോലീസ് കോഴിക്കോട് മേപ്പയ്യൂര്‍ കാരയാട്ടുവെച്ച് പിടിച്ചു. വി.ടി.അഭിനവിനെയാണ് പിടിച്ചത്. ബൈക്ക് കണ്ടെത്താനായില്ല. സംഘത്തിലെ രണ്ടാമന്‍ ബൈക്കുമായി മുങ്ങിയെന്നാണ് അഭിനവിന്റെ മൊഴി. കോഴിക്കോട് നെടുമണ്ണൂര്‍ കോളനിയിലെ തംബുരു എന്ന അഭിന്‍രാജാണ് മുങ്ങിയത്.

ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജു വെള്ളൂര്‍, എന്‍.ഇബ്രാഹിംകുട്ടി എന്നിവര്‍ കാരയാട്ടെ വീട്ടിലെത്തിയാണ് അഭിനവിനെ പിടിച്ചത്. അഭിന്‍രാജിനെ തേടി ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ ബൈക്ക് മോഷ്ടിച്ചശേഷം നാട്ടിലേക്ക് വന്നിട്ടില്ലെന്നാണ് വീട്ടുകാരുള്‍പ്പെടെ പോലീസിനു നല്‍കിയ വിവരം. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയും ബി.എം.എസ്. മടിക്കൈ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ മടിക്കൈ ചെമ്പിലോട്ടെ ഭാസ്‌കരന്റെ ബൈക്കാണ് മോഷണം പോയത്.

ജൂണ്‍ 27-ന് പുതിയകോട്ടയിലെ ഒരുകെട്ടിടത്തിന്റെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക് .എറണാകുളത്തേക്ക് പോയി മൂന്നുദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ബൈക്ക് കാണാനില്ലെന്നായിരുന്നു ഭാസ്‌കരന്റെ പരാതി. കഴിഞ്ഞദിവസം എ.ഐ. ക്യാമറ വഴിയുള്ള പിഴ ഇ-ചലാനായി ഭാസ്‌കരന് കിട്ടിയപ്പോഴാണ് പ്രതികള്‍ കോഴിക്കോട് ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചത്.

കാഞ്ഞങ്ങാട് മുതല്‍ കോഴിക്കോടുവരെ രണ്ടുപേര്‍ ഹെല്‍മെറ്റിടാതെ യാത്രചെയ്തപ്പോള്‍ ഒന്നിനുപിറകെ ഒന്നായി ഓരോയിടത്തെയും ക്യാമറകളില്‍ ഇവരുടെ ചിത്രം പതിഞ്ഞു. പല സ്ഥലങ്ങളില്‍നിന്നായി 9,500 രൂപയാണ് ഭാസ്‌കരന് പിഴയായി വന്നത്. എം.ഡി.എം.എ. വില്പനസംഘത്തിലെ കണ്ണികളാണ് അഭിനവും അഭിന്‍രാജുമെന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര, ബാലുശ്ശേരി, കൂരാച്ചുണ്ട് എന്നി സ്റ്റേഷനുകളില്‍ അഭിന്‍രാജിന് കേസുകളുണ്ട്. ജൂണ്‍ 27-ന് നീലേശ്വരത്തെ പെണ്‍സുഹൃത്തിനെ കാണാനാണ് അഭിന്‍രാജും താനുമെത്തിയതെന്നും നീലേശ്വരത്തുനിന്ന് രാത്രി കാഞ്ഞങ്ങാട്ടേക്ക് വരികയും ബൈക്കെടുത്ത് പോകുകയും ചെയ്തുവെന്നുമാണ് അഭിനവ് പോലീസിന് നല്‍കിയ മൊഴി. ഇയാളെ വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/162616/ai-police-came-to-kozhikode-with-route-map-showing-cameraone-of-the-bike-thieves-was-caught)