---
title: "കേന്ദ്ര സർക്കാറിനെ വിമർശിച്ചാൽ ബി ജെ പി ക്ക് നീരസം വരുമോ എന്ന ശങ്കയിലാണ് യു ഡി എഫ് നേതാക്കളെന്ന്  മുഖ്യമന്ത്രി ; ധർമ്മടം മണ്ഡലം നവകേരള സദസിൽ വൻ ജനപങ്കാളിത്തം"
english_title: "The Chief Minister said that the UDF leaders are worried that the BJP will get angry if they criticize the central government.Dharmadam Constituency Navkerala Sadas with huge turnout"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/164056/the-chief-minister-said-that-the-udf-leaders-are-worried-that-the-bjp-will-get-angry-if-they-criticize-the-central-governmentdharmadam-constituency-navkerala-sadas-with-huge-turnout"
published_at: "2023-11-21T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cba1fe35bf_Untitled-1_copy.jpg"
keywords: []
---

# കേന്ദ്ര സർക്കാറിനെ വിമർശിച്ചാൽ ബി ജെ പി ക്ക് നീരസം വരുമോ എന്ന ശങ്കയിലാണ് യു ഡി എഫ് നേതാക്കളെന്ന്  മുഖ്യമന്ത്രി ; ധർമ്മടം മണ്ഡലം നവകേരള സദസിൽ വൻ ജനപങ്കാളിത്തം

> **Lead Summary:** **** കേരളത്തിനർഹതപ്പെട്ട കേന്ദ്ര വിഹിതം നൽകാത്ത കേന്ദ്ര സർക്കാറിനെ വിമർശിച്ചാൽ ബി ജെ പിയുടെ മനസ്സിൽ നീരസം വരുമോയെന്ന ശങ്കയാണ് യു ഡി ഫ് നേതാക്കളെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം മണ്ഡലം നവകേരള സദസ്സ് പിണറായി കൺവെൻഷൻ സെൻ്ററിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**** കേരളത്തിനർഹതപ്പെട്ട കേന്ദ്ര വിഹിതം നൽകാത്ത കേന്ദ്ര സർക്കാറിനെ വിമർശിച്ചാൽ ബി ജെ പിയുടെ മനസ്സിൽ നീരസം വരുമോയെന്ന ശങ്കയാണ് യു ഡി ഫ് നേതാക്കളെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം മണ്ഡലം നവകേരള സദസ്സ് പിണറായി കൺവെൻഷൻ സെൻ്ററിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തോ ഒരു തരം പ്രത്യേക മാനസിക ബന്ധമാണ് യു ഡി എഫ് പാർലിമെൻ്റംഗങ്ങളെ നയിക്കുന്നത്. നാടിൻ്റെ പ്രശ്നത്തിൽ ഒരുമിച്ച് നിൽക്കാൻ യുഡിഎഫിന് കഴിയുന്നില്ല എന്നത് നമ്മുടെ നാട് നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. ഇന്ത്യയുടെ ഭാഗമാണ് നാം. ഫെഡറൽ തത്വമാണ് നമ്മെ നയിക്കുന്നത്. നമുക്കാവശ്യമായ പിന്തുണയും കേന്ദ്രസഹായവും ലഭിക്കുക തന്നെ വേണം. ദയാപരമായ നടപടിയല്ല അത്.ഭരണഘടനാപരമായ അർഹതയാണത്. സാമ്പത്തിക വിഹിതം വെട്ടിക്കുറക്കുന്നത് നാടിനോട് ചെയ്യുന്ന അതിക്രൂരമായ നടപടിയാണ്.

ഭരണാധികാരിയുടെ ഇഷ്ടാനിഷ്ടങ്ങളല്ല മാനദണ്ഡങ്ങളാവണം സഹായങ്ങൾക്കാധാരം. പന്തിയിൽ പക്ഷഭേദം കാണിക്കുകയാണ് കേന്ദ്ര സർക്കാർ.ഇത് തെറ്റാണെന്ന് പറയാൻ എല്ലാവരും തയ്യാറാവണം. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ഫോൺ, ഡിജിറ്റൽ സർവ്വകലാശാല, ഡിജിറ്റൽ പാർക്ക് തുടങ്ങി രാജ്യത്തിന് തന്നെ മാതൃകയാവുന്ന നിരവധി പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ രൂപം നൽകിയത്.ഇപ്പോൾ നടക്കേണ്ടത് ഇപ്പോൾ നടക്കണം. കാലം നമ്മെ കാത്തു നിൽക്കില്ല.

കാലോചിതമായ മാറ്റങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. അതിൽ അരുചി തോന്നിയിട്ട് കാര്യമില്ല. മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനെ തെരുവിൽ നേരിടുമെന്ന് ചിലർ പറഞ്ഞു.ജനങ്ങളെ കാണാൻ വരുന്ന മന്ത്രിമാരെ നേരിടുകയെന്നാൽ ജനങ്ങളെ നേരിടുക എന്നതാണർത്ഥം. അത് മനസിലാക്കണം. അതിൻ്റെ പ്രത്യാഘാതം ഉൾക്കൊള്ളാനും തയ്യാറാവണം.

നാടിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാവുമത്.അങ്ങിനെ മുന്നോട്ട് പോകാൻ കഴിയില്ല എന്നത് അത്തരക്കാർ മനസിലാക്കിയാൽ നല്ലതാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ പി.ബാലൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം ബി രാജേഷ്, ആർ ബിന്ദു,എ കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. മറ്റ് മന്ത്രിമാർ, മുൻ എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, 'ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സംഘാടക ൺവീനർ ഡോ. എം. സുർജിത്ത്, വൈസ് ചെയർമാൻ കെ ശശിധരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/164056/the-chief-minister-said-that-the-udf-leaders-are-worried-that-the-bjp-will-get-angry-if-they-criticize-the-central-governmentdharmadam-constituency-navkerala-sadas-with-huge-turnout)