---
title: "#Navkerala Sadas  |   കേരളത്തെ വലിയ തോതിൽ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന്  മുഖ്യമന്ത്രി ; തലശേരി നവകേരള സദസിലും  ജനസാഗരം"
english_title: "The Chief Minister says that the central government is trying to squeeze Kerala economically;Janasagaram in Thalassery Navkerala Sadas too"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/164101/the-chief-minister-says-that-the-central-government-is-trying-to-squeeze-kerala-economicallyjanasagaram-in-thalassery-navkerala-sadas-too"
published_at: "2023-11-21T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ce30009c7c_Untitled-1_copy.jpg"
keywords: []
---

# #Navkerala Sadas  |   കേരളത്തെ വലിയ തോതിൽ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന്  മുഖ്യമന്ത്രി ; തലശേരി നവകേരള സദസിലും  ജനസാഗരം

> **Lead Summary:** **തലശ്ശേരി: ** കേരളത്തിന് വലിയ തോതിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തലശ്ശേരി മണ്ഡലം നവകേരള സദസ്സ് വൻ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

## Article Content

**തലശ്ശേരി: ** കേരളത്തിന് വലിയ തോതിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തലശ്ശേരി മണ്ഡലം നവകേരള സദസ്സ് വൻ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മെ ഒരിഞ്ചും മുന്നോട്ടു പോകാൻ അനുവദിക്കാത്ത തരത്തിലുള്ള ഇടപെടലാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഫെഡറൽ വ്യവസ്ഥയിൽ സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് വേണ്ടത്. സംസ്ഥാനങ്ങളെ അതൃപ്തിയിലേക്ക് തള്ളിവിടുന്ന നിലപാട് സ്വീകരിക്കാൻ പാടില്ലാത്തതാണ്. രാജ്യത്ത് തന്നെ ഇടതുപക്ഷ സർക്കാർ ആയതിനാൽ പ്രത്യേക വിപ്രതിപത്തി പ്രതിഫലിക്കുകയാണ്. കേന്ദ്രം അനുവദിക്കേണ്ട സാധാരണ സാമ്പത്തിക വിഹിതം വലിയ തോതിൽ കുറക്കുന്നു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറുക്കുകയും ചെയ്യുന്നു. ജി എസ് ടി വിഹിതം നിർത്തലാക്കി. സംയുക്ത പദ്ധതികൾക്ക് 75 ശതമാനം കേന്ദ്രം വഹിച്ചിരുന്നത് 60 ശതമാനമാക്കി കുറച്ചു.

സംസ്ഥാന വിഹിതം 25 ശതമാനത്തിൽ നിന്ന് 40 ശതമാനമായി മാറി. സംയുക്ത പദ്ധതിയുടെ ഭാഗമായി വലിയ കുടിശ്ശികയാണ് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത്. എന്നാൽ പ്രതിപക്ഷം ഇതിനെതിരെ ശബ്ദിക്കാനേ തയ്യാറല്ല. ഇവിടെ ഒന്നും നടക്കരുത് എന്ന വാശിയാണ്. നാടിന്റെ പുരോഗതി അവർക്ക് സഹിക്കുന്നില്ല. എല്ലാ പദ്ധതികളെയും വിവാദത്തിലാക്കാനാണ് ശ്രമം. ഏതു പരിപാടിയും ബഹിഷ്‌കരിക്കുകയാണ്. നവകേരള സദസ്സിനെ തെരുവിൽ നേരിടും എന്നാണ് പ്രതിപക്ഷം പറയുന്നത്.

അതിൽനിന്ന് പ്രതിപക്ഷം പിന്മാറണം. ജനങ്ങളെ വെല്ലുവിളിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷനായി. മന്ത്രിമാരായ പി രാജീവ്, പി പ്രസാദ്, വീണാ ജോർജ് എന്നിവർ പ്രസംഗിച്ചു. മറ്റു മന്ത്രിമാർ, തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ജമുനാ റാണി ടീച്ചർ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, മുൻ എം പി കെ കെ രാഗേഷ്, പി ശശി തുടങ്ങിയവർ പങ്കെടുത്തു.

സംഘാടക സമിതി ജനറൽ കൺവീനർ തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ സ്വാഗതം പറഞ്ഞു. പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കാനായി 16 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. സിതാര കൃഷ്ണകുമാർ അവതരിപ്പിച്ച സിത്താരാസ് പ്രൊജക്ട് മലബാറിക്കസ് സംഗീത പരിപാടി, ആൽമരം മ്യൂസിക് ബാൻഡ് ഷോ എന്നിവയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/164101/the-chief-minister-says-that-the-central-government-is-trying-to-squeeze-kerala-economicallyjanasagaram-in-thalassery-navkerala-sadas-too)