---
title: "കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്   തലശ്ശേരിയിൽ തിരശ്ശീല ഉയർന്നു ; വിളംബര ജാഥ പ്രൗഡഗംഭീരം"
english_title: "Curtain raised for Kannur Revenue District School Art Festival in Thalassery;The announcement procession was grand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/167133/curtain-raised-for-kannur-revenue-district-school-art-festival-in-thalasserythe-announcement-procession-was-grand"
published_at: "2023-12-05T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656eabd7d5973_Untitled-2_copy.jpg"
keywords: []
---

# കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്   തലശ്ശേരിയിൽ തിരശ്ശീല ഉയർന്നു ; വിളംബര ജാഥ പ്രൗഡഗംഭീരം

> **Lead Summary:** **തലശേരി: ** പൈതൃക നഗരത്തിലെ 17 വേദികളിലായി 8639 വിദ്യാർത്ഥി പ്രതിഭകൾ മാറ്റുരക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തലശ്ശേരിയിൽ തിരശ്ശീല ഉയർന്നു. ശനിയാഴ്ച വരെ തുടരുന്ന കലോത്സവ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശേരി: ** പൈതൃക നഗരത്തിലെ 17 വേദികളിലായി 8639 വിദ്യാർത്ഥി പ്രതിഭകൾ മാറ്റുരക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തലശ്ശേരിയിൽ തിരശ്ശീല ഉയർന്നു. ശനിയാഴ്ച വരെ തുടരുന്ന കലോത്സവ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി തലത്തിൽ പഠിക്കുന്ന 5 മുതൽ 12വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥി പ്രതിഭകളാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. ഇവർക്ക് നഗരത്തിലെ വിവിധ സ്കൂളുകളിൽ ഒരുക്കിയ മത്സര വേദികളിലെത്തിപ്പെടാനുള്ള  ദിശാസൂചക നിർദ്ദേശങ്ങൾ നൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ ഇതിനകം സജ്ജമായി.

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔപചാരിക ഉത്ഘാടനം തലശ്ശേരി ഗുണ്ടർട്ട് റോഡിലുള്ള  സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററിയിൽ നാളെ വൈകിട്ട് 3 ന് തലശ്ശേരി എം.എൽ.എയും സംസ്ഥാന നിയമസഭാ സ്പീക്കറുമായ അഡ്വ. എ. എൻ. ഷംസീർ  നിർവ്വഹിക്കും. കൂത്തുപറമ്പ് എം.എൽ.എ. കെ.പി.മോഹനൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. 9 ന് ശനിയാഴ്ച വൈകിട്ട് 4 ന്  തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ സമാപന സമ്മേളനം വടകര എം.പി. കെ.മുരളീധരൻ ഉത്ഘാടനം ചെയ്യും.

കണ്ണൂർ എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. വേദിയിൽ വച്ച് ജില്ലാ കലക്ടർ അരുൺ കെ.വിജയൻ സമ്മാന വിതരണവും നഗരസഭാ ചെയർ പേഴ്സൺ കെ.എം.ജമുനാ റാണി ടീച്ചർ ഉപഹാര സമർപ്പണവും നടത്തും. 15 ഉപജില്ലകളിൽ നിന്നായി വിദ്യാർത്ഥികളും, രക്ഷിതാക്കളും, കാണികളും ഉൾപെടെ 25,000 ത്തോളം പേരെത്തുമെന്ന് പ്രതീക്ഷിക്കുന്ന കലോത്സവം പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് സംഘടിപ്പിക്കുന്നത്. കുറ്റമറ്റ രീതിയിലുള്ള  കലോത്സവ നടത്തിപ്പിനായി എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണം സംഘാടകർ ഉറപ്പാക്കിയിട്ടുണ്ട്.

വിളംബര ഘോഷയാത്രക്ക് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ.പി. അംബിക, നഗരസഭാ ചെയർ പേഴ്സൺ കെ.എം.ജമുനാ റാണി ടീച്ചർ, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.വി. സഖീഷ്, പബ്ലിസിറ്റി കൺവീനർ വി.വി.രതീഷ്, ഭക്ഷണ കമ്മിറ്റി കൺവീനർ സി.വി.എ ജലീൽ, റിസപ്ഷൻ കമ്മിറ്റി കൺവീനർ സിദ്ധിഖ് കൂടത്തിൽ എന്നിവർ നേതൃത്വം നൽകി. തലശേരി കോട്ടയുടെ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ഗവ.ബ്രണ്ണൻ ഹയർ സെക്കൻ്ററി സ്കൂളിൽ സമാപിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/167133/curtain-raised-for-kannur-revenue-district-school-art-festival-in-thalasserythe-announcement-procession-was-grand)