---
title: "കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച്; നൂറോളം നഴ്‌സുമാര്‍ക്കെതിരെ കേസ്; പോലീസിന് ഗുരുതര വീഴ്ചയെന്ന് ഇ.പി ജയരാജന്‍"
english_title: "Kannur Collectorate March;Case against 100 nurses;EP Jayarajan says that the police have failed badly"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/174771/kannur-collectorate-marchcase-against-100-nursesep-jayarajan-says-that-the-police-have-failed-badly"
published_at: "2024-01-05T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597cfe399d0b_Untitled-4_copy.jpg"
keywords: []
---

# കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച്; നൂറോളം നഴ്‌സുമാര്‍ക്കെതിരെ കേസ്; പോലീസിന് ഗുരുതര വീഴ്ചയെന്ന് ഇ.പി ജയരാജന്‍

> **Lead Summary:** **കണ്ണൂര്‍: ** കേരള ഗവണ്‍മെന്റ് നഴ്‌സിംഗ് അസോസിയേഷന്‍ നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ കേസെടുത്ത് പോലീസ്. നൂറോളം നഴ്‌സുമാര്‍ക്കെതിരെയാണ് കേസ്. മനഃപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ഗതാഗത തടസ്സമുണ്ടാക്കി, കലക്ടറേറ്റ് വളപ്പില്‍ അതിക്രമിച്ചുകയറി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

## Article Content

**കണ്ണൂര്‍: ** കേരള ഗവണ്‍മെന്റ് നഴ്‌സിംഗ് അസോസിയേഷന്‍ നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ കേസെടുത്ത് പോലീസ്. നൂറോളം നഴ്‌സുമാര്‍ക്കെതിരെയാണ് കേസ്. മനഃപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ഗതാഗത തടസ്സമുണ്ടാക്കി, കലക്ടറേറ്റ് വളപ്പില്‍ അതിക്രമിച്ചുകയറി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എം.വിജിന്‍ എംഎല്‍എയ്‌ക്കെതിരെ കേസില്ല. മാര്‍ച്ച് തടഞ്ഞ എസ്.ഐയോട് എംഎല്‍എ കയര്‍ത്തു സംസാരിച്ചിരുന്നു. എംഎല്‍എയും എസ്.ഐയ്‌ക്കെതിരെ പരാതിയുമായി ഡിജിപിയെ സമീപിക്കാനൊരുങ്ങുകയാണ്. അതേസമയം, കേരളത്തിലെ പോലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമുണ്ടായ നടപടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. പോലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമമാണ്.

ഭരണകക്ഷി എംഎല്‍എയെ അധിക്ഷേപിച്ച് എതിരാളികള്‍ക്ക് ആയുധം നല്‍കുകയാണ് ചെയ്തത്. മാര്‍ച്ച് വന്നപ്പോള്‍ ഗേറ്റ് അടച്ച് സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ചുമതലയായിരുന്നു. അതിന് പോലീസ് പരാജയപ്പെട്ടു. അത് മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. വിജിന്‍ എംഎല്‍എയുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമുണ്ടായിട്ടില്ല. വളരെ പക്വതയോടെ പെരുമാറുന്ന എംഎല്‍എയാണ് വിജിന്‍. പോലീസിന്റെ ഭാഗത്തുനിന്നാണ് തെറ്റായ നടപടിയുണ്ടായത്. എംഎല്‍എയോട് പെരുമാറുന്ന വിധത്തിലല്ല പോലീസ് പെരുമാറിയതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

പോലീസിന്റെ ഭാഗത്ത് ചില തെറ്റായ പ്രവണതകള്‍ ഉണ്ടാകുന്നുണ്ട് എന്നത് ശരിയാണ്. അത് തിരുത്താന്‍ ആഭ്യന്തര വകുപ്പിന് കഴിയുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണമുണ്ടാകും. മാര്‍ച്ചില്‍ പങ്കെടുത്തത് മുഴുവന്‍ വനിതകളാണ്. അവിടെ തെറ്റായ ഒരു നടപടിയുമുണ്ടായിട്ടില്ല. തൃശൂരിലെ സമ്മേളനത്തില്‍ കേരളത്തേയും കേരളത്തിലെ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി.

അത് പാടില്ലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ മോദി വിരോധത്തിന്റെ പേരില്‍ നടപ്പാക്കുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഞങ്ങള്‍ വ്യക്തിപരമായി ഒരു വിരോധവും കാണിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ന്യുനപക്ഷ വിരുദ്ധത അടക്കമുള്ള നയങ്ങളോട് എതിര്‍പ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/174771/kannur-collectorate-marchcase-against-100-nursesep-jayarajan-says-that-the-police-have-failed-badly)