---
title: "നിക്ഷേപ സൗഹൃദമാക്കി തലശേരി നഗരത്തെ മാറ്റാൻ ഭരണാധികാരികൾക്ക് സാധിക്കണമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ;  നിക്ഷേപകരെ  വർഷങ്ങളോളം നടത്തിക്കരുതെന്നും വികസന സെമിനാർ  യോഗത്തിൽ തുറന്നടിച്ച് ഷംസീർ"
english_title: "Speaker Adv. A. N. Shamseer said that the administrators should be able to make Thalassery city investment friendly;Shamseer openly told the development seminar meeting that investors should not be kept for years"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/174915/speaker-adv-a-n-shamseer-said-that-the-administrators-should-be-able-to-make-thalassery-city-investment-friendlyshamseer-openly-told-the-development-seminar-meeting-that-investors-should-not-be-kept-for-years"
published_at: "2024-01-06T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598e134d96bd_Untitled-1_copy.jpg"
keywords: []
---

# നിക്ഷേപ സൗഹൃദമാക്കി തലശേരി നഗരത്തെ മാറ്റാൻ ഭരണാധികാരികൾക്ക് സാധിക്കണമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ;  നിക്ഷേപകരെ  വർഷങ്ങളോളം നടത്തിക്കരുതെന്നും വികസന സെമിനാർ  യോഗത്തിൽ തുറന്നടിച്ച് ഷംസീർ

> **Lead Summary:** **തലശ്ശേരി: ** നിക്ഷേപ സൗഹൃദമാക്കി തലശ്ശേരി നഗരത്തെ മാറ്റാന്‍ നഗരഭരണാധികാരികള്‍ക്ക് സാധിക്കണമെന്ന് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍. നിക്ഷേപിക്കാന്‍ തയ്യാറായി ആരെങ്കിലും മുന്നോട്ട് വന്നാല്‍ വര്‍ഷങ്ങളോളം അവരെ നടപ്പിക്കുന്ന നിലപാട് മാറണം. വികസന നടപടിയുമായി മുന്നോട്ട് പോയാല്‍ ഒരു വിഭാഗം എതിര്‍ക്കും.

## Article Content

**തലശ്ശേരി: ** നിക്ഷേപ സൗഹൃദമാക്കി തലശ്ശേരി നഗരത്തെ മാറ്റാന്‍ നഗരഭരണാധികാരികള്‍ക്ക് സാധിക്കണമെന്ന് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍. നിക്ഷേപിക്കാന്‍ തയ്യാറായി ആരെങ്കിലും മുന്നോട്ട് വന്നാല്‍ വര്‍ഷങ്ങളോളം അവരെ നടപ്പിക്കുന്ന നിലപാട് മാറണം. വികസന നടപടിയുമായി മുന്നോട്ട് പോയാല്‍ ഒരു വിഭാഗം എതിര്‍ക്കും.

ആ എതിര്‍പ്പിന് മുന്നില്‍ പകച്ചു പോയാല്‍ വികസനം നടപ്പിലാകില്ലന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ടൗണ്‍ ഹാളില്‍ നടന്ന തലശ്ശേരി നഗരസഭാ് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം തലശ്ശേരി-മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതോടു കൂടി തലശ്ശേരി നഗരത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാകുന്ന പദ്ധതികള്‍ നഗരസഭ കൊണ്ടുവരണം.

തലശ്ശേരിയിലെ പൈതൃക ടൂറിസം സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താനാകണം. നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്കായി പ്രത്യേക സ്ഥലം കണ്ടെത്തി നല്‍കണമെന്നും നഗരത്തില്‍ ശുചിത്വം ഉറപ്പാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വികസന സെമിനാറുകള്‍ വിശാലകാഴ്ചപ്പാടോടു കൂടി ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടു പോകണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും സ്പീക്കര്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന വികസന സെമിനാറില്‍ നഗരസഭ അധ്യക്ഷ കെ എം ജമുനാറാണി അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭയില്‍ 100 അതിദരിദ്ര കുടുംബങ്ങളാണുള്ളതെന്നും പാര്‍പ്പിടം, തൊഴില്‍ എന്നിവ കൂടി ഒരുക്കി ഒരു വര്‍ഷം കൊണ്ട് അതിദരിദ്രരില്ലാത്ത നഗരസഭയായി തലശ്ശേരിയെ മാറ്റാനാകണമെന്ന് പദ്ധതി വിശദീകരിച്ച ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി വിജയന്‍ മാസ്റ്റര്‍ പറഞ്ഞു.

തലശ്ശേരി നഗരത്തിന്റെ സമഗ്രമായ വികസനം നടപ്പാക്കാനാവശ്യമായ കാര്യങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു. ആറരകോടി രൂപ ചെലവില്‍ ലോഗന്‍സ് റോഡ് നവീകരണമാണ് സെമിനാറില്‍ ഉയര്‍ന്ന പ്രധാന നിര്‍ദ്ദേശം. നികുതി പിരിവ് ഊര്‍ജിതമാക്കാനും സ്വകാര്യ ടൂറിസം പ്രോല്‍സാഹിപ്പിക്കാനും തീരുമാനിച്ചു.

തലശ്ശേരി-മാഹി ബൈപാസ് റോഡിന്റെ അടിപ്പാതയില്‍ പാര്‍ക്ക് നിര്‍മ്മാണം, പ്രധാന പാര്‍ക്കുകളുടെ നവീകരണം, വനിതകള്‍ക്ക് ഷീ ലോഡ്ജ്, ഫിറ്റ്നെസ് സെന്റര്‍ നിര്‍മ്മാണം, പ്രവൃത്തി പൂര്‍ത്തീകരിച്ച ലൈഫ്മിഷന്‍ ഫ്ളാറ്റില്‍ ഗുണഭോക്താക്കളെ താമസിപ്പിക്കല്‍, ദുരന്തനിവാരണ സേനാ വിപുലീകരണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, സ്ഥിരംസമിതി അധ്യക്ഷരായ ടി സി അബ്ദുല്‍ ഖിലാബ്, എം വി ജയരാജന്‍, സെക്രട്ടറി എന്‍ സുരേഷ്‌കുമാര്‍, പാര്‍ട്ടി ലീഡര്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/174915/speaker-adv-a-n-shamseer-said-that-the-administrators-should-be-able-to-make-thalassery-city-investment-friendlyshamseer-openly-told-the-development-seminar-meeting-that-investors-should-not-be-kept-for-years)