---
title: "മുഖം മിനുക്കാൻ തലശേരി ;  കോടതി മുതൽ സീവ്യു പാർക്ക് വരെ ക്ലിഫ് വാക് നിർമ്മാണത്തിനും, ജവഹർഘട്ട് നവീകരണത്തിനും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്"
english_title: "Thalasseri to polish the face;Public Works and Tourism Minister PA Muhammad Riaz said that Rs 1 crore will be allocated for the construction of Cliff Walk from Court to Seaview Park and renovation of Jawahar Ghat."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/179920/thalasseri-to-polish-the-facepublic-works-and-tourism-minister-pa-muhammad-riaz-said-that-rs-1-crore-will-be-allocated-for-the-construction-of-cliff-walk-from-court-to-seaview-park-and-renovation-of-jawahar-ghat"
published_at: "2024-01-27T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4c886777a8_Untitled-3_copy.jpg"
keywords: []
---

# മുഖം മിനുക്കാൻ തലശേരി ;  കോടതി മുതൽ സീവ്യു പാർക്ക് വരെ ക്ലിഫ് വാക് നിർമ്മാണത്തിനും, ജവഹർഘട്ട് നവീകരണത്തിനും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്

> **Lead Summary:** **തലശേരി: ** പൈതൃക നഗരിയായ തലശ്ശേരിയില്‍ ടൂറിസത്തിന് അനന്ത സാധ്യതകളാണെന്നും തലശ്ശേരി കോടതി മുതല്‍ സീവ്യൂ പാര്‍ക്ക് വരെ ക്ലിഫ് വാക് നിര്‍മാണത്തിനും ജവഹര്‍ഘട്ട് നവീകരണത്തിനും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

## Article Content

**തലശേരി: ** പൈതൃക നഗരിയായ തലശ്ശേരിയില്‍ ടൂറിസത്തിന് അനന്ത സാധ്യതകളാണെന്നും തലശ്ശേരി കോടതി മുതല്‍ സീവ്യൂ പാര്‍ക്ക് വരെ ക്ലിഫ് വാക് നിര്‍മാണത്തിനും ജവഹര്‍ഘട്ട് നവീകരണത്തിനും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഡിടിപിസി എരഞ്ഞോളി പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയ പുഴയോര സൗന്ദര്യവല്‍ക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കന്‍ കേരളത്തിലെ ടൂറിസം വികസനത്തില്‍ തലശ്ശേരിയെ പ്രധാന മേഖലയായി കാണുന്നു. സഹകരണ-സൗകാര്യ-പൊതുമേഖല സ്ഥാപനങ്ങളുടെ കൂട്ടായ സഹകരണം ടൂറിസം വികസനത്തിന് അനിവാര്യമാണ്. അതു പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ടുപോകും. തലശ്ശേരി ടൂറിസം വികസനത്തിന് സഹകരിക്കാന്‍ സ്വകാര്യ നിക്ഷേപകര്‍ മുന്നോട്ടുവരുന്നുണ്ടെങ്കില്‍ അവര്‍ക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷനായി. തലശ്ശേരി-മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതോടെ തലശ്ശേരിയിലേക്ക് വരുന്നവരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്നും തലശ്ശേരിയില്‍ ടൂറിസം സ്‌പോട്ടുകള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. 99.9 ലക്ഷം രൂപക്കാണ് എരഞ്ഞോളിയില്‍ പുഴയോര സൗന്ദര്യവല്‍കരണംനടത്തിയത്. പദ്ധതിയുടെ ഭാഗമായി വാക്കിങ് ഏരിയ, ഇരിപ്പിടങ്ങള്‍, കഫ്തീരിയ, അലങ്കാര വിളക്കുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിശിഷ്ടാഥിയായി.

എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എംപി ശ്രീഷ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആര്‍ വസന്തകുമാര്‍, സ്ഥിരംസമിതി അധ്യക്ഷ കെ ഡി മഞ്ജുഷ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വിജു, സ്ഥിരം സമിതി അധ്യക്ഷ ആര്‍ എല്‍ സംഗീത, അംഗം സുശീല്‍ ചന്ദ്രോത്ത്, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ ടി സി മനോജ് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/179920/thalasseri-to-polish-the-facepublic-works-and-tourism-minister-pa-muhammad-riaz-said-that-rs-1-crore-will-be-allocated-for-the-construction-of-cliff-walk-from-court-to-seaview-park-and-renovation-of-jawahar-ghat)