---
title: "തലശേരി നഗരസഭാ യോഗത്തിൽ സംഘർഷം ; ബിജെപി  കൗൺസിലർമാരുടെ മർദ്ദനമേറ്റ്  ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടിസി അബ്ദുൽ ഖിലാബ് ആശുപത്രിയിൽ"
english_title: "Conflict in Thalassery Municipal Council meeting;Welfare Standing Committee Chairman TC Abdul Khilab in hospital after being beaten up by BJP councillors"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/180783/conflict-in-thalassery-municipal-council-meetingwelfare-standing-committee-chairman-tc-abdul-khilab-in-hospital-after-being-beaten-up-by-bjp-councillors"
published_at: "2024-01-30T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9063defef6_Untitled-7_copy.jpg"
keywords: []
---

# തലശേരി നഗരസഭാ യോഗത്തിൽ സംഘർഷം ; ബിജെപി  കൗൺസിലർമാരുടെ മർദ്ദനമേറ്റ്  ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടിസി അബ്ദുൽ ഖിലാബ് ആശുപത്രിയിൽ

> **Lead Summary:** ***തലശേരി: *** തലശേരിനഗരസഭാ യോഗം സംഘർഷത്തിൽ കലാശിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.സി അബ്ദുൾ ഖിലാബിനെ ബി ജെ പി അംഗങ്ങൾ മർദ്ദിച്ചു. മർദ്ദനമേറ്റ ഖിലാബിനെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

***തലശേരി: *** തലശേരിനഗരസഭാ യോഗം സംഘർഷത്തിൽ കലാശിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.സി അബ്ദുൾ ഖിലാബിനെ ബി ജെ പി അംഗങ്ങൾ മർദ്ദിച്ചു. മർദ്ദനമേറ്റ ഖിലാബിനെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

അജണ്ട കീറിയെറിഞ്ഞ് ബി.ജെ.പി. കൗൺസിലർമാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന് മർദ്ദനമേറ്റതെ തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ പ്രതിഷേധയോഗം ചേർന്നു. മരണപ്പെട്ട ഭിന്നശേഷിക്കാരന്റെ ബങ്ക്  അനന്തരാവകാശികൾക്ക്  അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചർച്ചയ്ക് വന്നതോടെയാണ് ചൊവ്വാഴ്ച ചേർന്ന തലശേരി നഗരസഭാ യോഗം പ്രക്ഷുബ്ദമായത്.

 ഏത് മാനദണ്ഡ പ്രകാരമാണ് ബങ്ക് അവകാശികൾക്ക് നൽകുന്നതെന്നുള്ള ചോദ്യത്തിന് ബന്ധപ്പെട്ടവരിൽ നിന്ന് വ്യക്തമായ ഉത്തരം കിട്ടിയില്ലെന്നാരോപിച്ച് ബി. ജെ.പി. കൌൺസിലർമാരായ കെ. ലിജേഷും കെ. അജേഷും യോഗത്തിൽ എഴുന്നേറ്റു നിന്ന് പ്രതിഷേധിച്ചു..   വിഷയത്തിൽ ഇടപെട്ടു സംസാരിച്ച സി.പി.എം. കൌൺസിലർ സി.സോമനുമായും ലിജേഷ് ശബ്ദമുയർത്തി വാക്കുതർക്കത്തിലേർപ്പെട്ടു. ബഹളത്തിനിടയിൽ അജണ്ട പേപ്പറുകൾ കീറി വലിച്ചെറിഞ്ഞ ഇരുവരും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പുറത്തേക്കുള്ള വാതിലിനടുത്തെത്തിയതോടെ അവിടെ ഇരിക്കുകയായിരുന്ന ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.സി. അബ്ദുൾ ഖിലാബുമായി പരസ്പരം വാക്കേറ്റ മുണ്ടായി. ഖിലാബിന്റെ കൈയ്യിലുണ്ടായ അജണ്ട പേപ്പറുകൾ ബലമായി തട്ടിത്തെറിപ്പിച്ചു. കൈയ്യാങ്കളിക്കിടയിൽ ഖിലാബിന്റെ ഷർട്ട് കീറി. ബഹളം കൈയ്യാങ്കളിയായതോടെ മറ്റ് കൌൺസിലർമാർ ഓടി എത്തി. ഒരു കൂട്ടർ ലിജേഷിനെയും അജേഷിനെയും തടഞ്ഞ് ഹാളിന് പുറത്തേക്ക് തള്ളിക്കൊണ്ടുപോയി. ഇതിനിടെ കൗൺസിൽ യോഗം അവസാനിപ്പിച്ച് ചെയർപേഴ്സൺ കെ.എം.ജമുന റാണി ചേമ്പറിലേക്ക് പോയി. അബ്ദുൾ ഖിലാബ്  തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.  ബി.ജെ.പി. കൗൺസിലർമാർ കരുതിക്കൂട്ടി വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്ന് ചെയർ പേഴ്സൺ ജമുനാ റാണിയും, 

പൊതുമരാമത്ത് സമിതി സ്ഥിരം അധ്യക്ഷൻ എം.വി.ജയരാജനും കുറ്റപ്പെടുത്തി. സംഘർഷാവസ്ഥയെ തുടർന്ന് നഗരസഭ അധികൃതർ വിവരം നൽകിയതിനെ തുടർന്ന്  എസ്.ഐ. സജേഷ് സി ജോസിന്റെ നേതൃത്വത്തിൽ പോലീസെത്തി ഓഫിസ് കോംപൗണ്ടിൽ നിലയുറപ്പിച്ചു.  കൗൺസിൽ യോഗത്തിൽ അപമര്യാദയായി പെരുമാറിയതിലും, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.സി.അബ്ദുൾ ഖിലാബിനെ കൈയേറ്റം ചെയ്ത് പരിക്കേൽപിച്ചതിലും ഭരണകക്ഷി അംഗങ്ങൾ നഗരസഭാ ഓഫീസിന് മുന്നിൽ മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു. ലിജേഷും , അജേഷും തന്നെ കൈ കൊണ്ടിടിച്ചുവെന്നും, ഷർട്ട് വലിച്ച് കീറിയതായും ഖിലാബ് പറഞ്ഞു.

 സി.പി.എം നിർദ്ദേശിക്കുന്നത് പോലെയാണ് കൌൺസിൽ യോഗം നടത്തുന്നതെന്നും യോഗത്തിൽ പ്രശ്നങ്ങൾ ഉന്നയിച്ചാൽ ശരിയായ മറുപടി പോലും കിട്ടുന്നില്ലെന്നും ബി.ജെ.പി. കൗൺസിൽ ലീഡർ കെ.ലിജേഷ് ആരോപിച്ചു.  നഗരസഭയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഭരണപക്ഷത്തുനിന്നും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് യു..ഡി.എഫ് കൌൺസിൽ ലീഡർ കെ.പി.അൻസാരിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/180783/conflict-in-thalassery-municipal-council-meetingwelfare-standing-committee-chairman-tc-abdul-khilab-in-hospital-after-being-beaten-up-by-bjp-councillors)