---
title: "ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവലിന് മാഹിയിൽ തുടക്കം ; രമേഷ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു"
english_title: "Flavors Fiesta Food Festival kicks off in Mahe;Ramesh Parambath MLA inaugurated"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/181462/flavors-fiesta-food-festival-kicks-off-in-maheramesh-parambath-mla-inaugurated"
published_at: "2024-02-02T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc78bfc265b_Untitled-1_copy.jpg"
keywords: []
---

# ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവലിന് മാഹിയിൽ തുടക്കം ; രമേഷ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** **സബർമതി ഇന്നോവേഷൻ ആന്റ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചതുർദിന ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെൽ - 2024 വിശാലമായ മാഹി പ്ലാസ് ദ് ആംസ് ഗ്രൗണ്ടിൽ ആരംഭിച്ചു. മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

** **സബർമതി ഇന്നോവേഷൻ ആന്റ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചതുർദിന ഫ്ളേവേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെൽ - 2024 വിശാലമായ മാഹി പ്ലാസ് ദ് ആംസ് ഗ്രൗണ്ടിൽ ആരംഭിച്ചു. മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എംഎൽ എ ഉദ്ഘാടനം ചെയ്തു.

റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ വിശിഷ്‌ടാതിഥിയായിരുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു സംസാരിച്ചു. പി.സി.ദിവാനന്ദൻ മാസ്റ്റർ സ്വാഗതവും, കെ.പി.സുമി നന്ദിയും പറഞ്ഞു. ഫെബ്രുവരി 4 വരെ നടക്കുന്ന ഭക്ഷ്യമേളക്കൊപ്പം മാഹിയുടെ ഒരു വാണിജ്യോത്സവം കൂടിയായി ഫ്ളേവേഴ്സ് ഫിയസ്റ്റ മാറി. ഭക്ഷണവുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള അമ്പതിലേറെ സ്റ്റാളുകളാണുള്ളത്.

പ്രമുഖ ഭക്ഷ്യോത്പാദക കമ്പനികൾ, ഹോം ബേക്കേഴ്സ്, ഐസ്ക്രീം, വിവിധ പാനിയങ്ങൾ, പായസങ്ങൾ, പ്രമുഖ കാർ നിർമ്മാതാക്കളുടെ ഔട്ട് ലെറ്റുകൾ, നഴ്സറികൾ എന്നിങ്ങനെ വിവിധ മേഖലകളിലെ സ്റ്റാളുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ ദിവസവും പൊതുജനങ്ങൾക്കായി വിവിധയിനം പാചക മത്സരങ്ങൾ, സിനിമാറ്റിക്ക് ഡാൻസ്, ഫാഷൻ ഷോ, മൈലാഞ്ചിയിടൽ എന്നീ മത്സരങ്ങൾ, ഫ്യൂഷൻ നൈറ്റ്, കോൽക്കളി, നാടൻപാട്ട് മേള, തിരുവാതിരക്കളി എന്നിവയും മേളയുടെ ഭാഗമായി എല്ലാ ദിവസവും ഉണ്ടായിരിക്കും. ഒരു ഭക്ഷ്യമേള എന്നതിനുമപ്പുറം, മാഹി ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു വാണിജ്യമേള കൂടിയാണിത്. ഫ്ളേവേഴ്‌സ് ഫിയസ്റ്റ എന്ന ഫുഡ് ഫെസ്റ്റിവെല്ലിൻറെ ലക്ഷ്യം വേറിട്ടതും, തനതുമായ രുചികളെ പരിചയപ്പെടുത്തുക എന്നതിനു പുറമേ സബർമതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തുക സമ്പാദിക്കുക എന്നതു കൂടിയാണ്.

ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നതു കൊണ്ടു സബർമതി മാഹി ലക്ഷ്യമാക്കുന്നത് അപകടം മൂലമോ, പ്രമേഹം പോലുള്ള രോഗങ്ങൾ മൂലമോ അംഗവൈകല്യം സംഭവിച്ചവർക്ക് കൃത്രിമ അവയവം നൽകാനുള്ള സഹായം നൽകി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതാണ്.

കൃത്രിമ അവയവങ്ങൾ വെച്ച് പിടിപ്പിക്കുക എന്നത് ചിലവ് ഏറിയതും, സാധാരണക്കാർക്ക് പോയി ചെയാൻ ചെയ്യാൻ പ്രയാസമേറിയതുമാണ്. അത്തരക്കാരെ കണ്ടുപിടിച്ച് അവർക്കൊപ്പം നിൽകുകയും തുടർന്ന് മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെടുക എന്നതാണ് ഈ മേള കൊണ്ട് സബർമതി മാഹി ലക്ഷ്യമാക്കുന്നതെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ രമേശ് പറമ്പത്ത് എംഎൽഎ വ്യക്തമാക്കി. ഫിബ്രവരി നാലിന് ഭക്ഷ്യമേള സമാപിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/181462/flavors-fiesta-food-festival-kicks-off-in-maheramesh-parambath-mla-inaugurated)