---
title: "ടാക്സി സ്റ്റാൻ്റ് വിഷയത്തിൽ പൊലീസും, ടാക്സി തൊഴിലാളികളും നേർക്കുനേർ ; തലശേരിയിൽ സംഘർഷാവസ്ഥ, നഗരസഭയുടേത് ഒളിച്ചുകളിയെന്ന് തൊഴിലാളികൾ"
english_title: "Police and taxi workers clash over taxi stand issue;The workers said that the tension in Thalassery was hidden by the Municipal Corporation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/182030/police-and-taxi-workers-clash-over-taxi-stand-issuethe-workers-said-that-the-tension-in-thalassery-was-hidden-by-the-municipal-corporation"
published_at: "2024-02-04T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf230ca8cd8_Untitled-2_copy.jpg"
keywords: []
---

# ടാക്സി സ്റ്റാൻ്റ് വിഷയത്തിൽ പൊലീസും, ടാക്സി തൊഴിലാളികളും നേർക്കുനേർ ; തലശേരിയിൽ സംഘർഷാവസ്ഥ, നഗരസഭയുടേത് ഒളിച്ചുകളിയെന്ന് തൊഴിലാളികൾ

> **Lead Summary:** ***തലശേരി: ***50 വർഷത്തോളമായി തലശേരിയിൽ പ്രവർത്തിക്കുന്ന ടാക്സി സ്റ്റാൻ്റ് ഒഴിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനം കൂടുതൽ സങ്കീർണമാകുന്നു. ടാക്സി സ്റ്റാൻ്റ് ഒഴിപ്പിക്കാൻ പൊലീസെത്തിയതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാൻ്റിലെ ടാക്സി സ്റ്റാൻ്റിൽ മണ്ണ് പരിശോധനക്കെത്തിയ സംഘത്തെ ഡ്രൈവർമാരുടെ സംയുക്ത സമരസമിതി തടഞ്ഞിരുന്നു.

## Article Content

***തലശേരി: ***50 വർഷത്തോളമായി തലശേരിയിൽ പ്രവർത്തിക്കുന്ന ടാക്സി സ്റ്റാൻ്റ് ഒഴിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനം കൂടുതൽ സങ്കീർണമാകുന്നു. ടാക്സി സ്റ്റാൻ്റ് ഒഴിപ്പിക്കാൻ പൊലീസെത്തിയതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാൻ്റിലെ ടാക്സി സ്റ്റാൻ്റിൽ മണ്ണ് പരിശോധനക്കെത്തിയ സംഘത്തെ ഡ്രൈവർമാരുടെ സംയുക്ത സമരസമിതി തടഞ്ഞിരുന്നു.

നഗരസഭ അസി. എഞ്ചിനിയർ സജിൽ , ഓവർസിയർ പ്രബീഷ് എന്നിവരടങ്ങിയ സംഘമാണ് മണ്ണ് പരിശോധനക്കെത്തിയത്. സംഭവമറിഞ്ഞ് തലശ്ശേരി എ എസ് പി കെ. ഷെഹൻഷ, സി ഐ ബിജു, ആൻ്റണി, എസ് ഐ മാരായ അഷറഫ്, മിഥുൻ, രൂപേഷ് , രാജീവൻ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി.

പ്രതിഷേധത്തെ തുടർന്ന് പരിശോധന സംഘം തിരിച്ചു പോയി. ഏതാനും ദിവസങ്ങൾക്ക് മുൻപ് മണ്ണ് പരിശോധനക്കെത്തിയ സംഘത്തെ സംയുക്ത സമര സമിതി അംഗങ്ങൾ തടഞ്ഞിരുന്നു. കൂടുതൽ പൊലീസ് സന്നാഹത്തോടെ മണ്ണ് പരിശോധനക്കായി ഉദ്യോഗസ്ഥർ ഇന്ന് വീണ്ടുമെത്തുകയായിരുന്നു. പി ജനാർദ്ധനൻ, കെ. അജേഷ് , കെ. ലിജേഷ്, എം പി സുമേഷ്, ഇ. മനീഷ്, സി. ഒ. ടി നസീർ എന്നിവരടങ്ങുന്ന സംഘമാണ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചത്.

അമ്പത് വർഷത്തോളമായി പുതിയ ബസ് സ്റ്റാന്റിൽ പ്രവർത്തിച്ചു വരുന്ന ടാകസി സ്റ്റാൻ്റ് നഗരസഭ ഏറ്റെടുത്ത് മൾട്ടി ലെവൽ പാർക്കിംഗ് പണിയുന്നതിനെതിരെയാണ് സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമുയരുന്നത്. ഇതിനിടെ തലശ്ശേരി ടാക്സി സ്റ്റാൻഡ് ഒഴിപ്പിക്കാനുള്ള നഗരസഭ തീരുമാനം ചോദ്യം ചെയ്ത് ടാക്സിസ്റ്റാൻഡ് സംരക്ഷണ സംയുക്ത സമര സമിതി കേരളഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

രേഖകൾ ഹാജരാക്കാൻ നഗരസഭയോട് കോടതി ഉത്തരവിട്ടിട്ടുമുണ്ട്. തലശേരി ബസ്റ്റാൻഡിന് സമീപമുള്ള ടാക്സിസ്റ്റാൻഡ് ഒഴിപ്പിക്കാൻ ഉള്ള നഗരസഭ നീക്കം നിയമവിരുദ്ധമാണെന്നും ഹൈക്കോടതി നിയമാനുസൃതം അനുവദിച്ചു തന്ന ടാക്സി സ്റ്റാൻഡ് ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നിയമവിരുദ്ധ നടപടിക്കെതിരെയാണ് അഡ്വക്കേറ്റ് സിബി തോമസ് മുഖാന്തരം ഹരജിഫയൽ ചെയ്തത്. ഈ കേസ് ഹൈക്കോടതി നാളെ പരിഗണിക്കുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/182030/police-and-taxi-workers-clash-over-taxi-stand-issuethe-workers-said-that-the-tension-in-thalassery-was-hidden-by-the-municipal-corporation)