---
title: "ജീവകാരുണ്യ രംഗത്ത് കാൽ നൂറ്റാണ്ട് ;  പൊന്ന്യംപാലം മുസ്ലിം വെൽഫെയർ അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷത്തിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു"
english_title: "A quarter of a century in the field of charity;Ponnyampalam Muslim Welfare Association Forms Welcome Team for Silver Jubilee Celebration"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/182467/a-quarter-of-a-century-in-the-field-of-charityponnyampalam-muslim-welfare-association-forms-welcome-team-for-silver-jubilee-celebration"
published_at: "2024-02-06T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1f22319f19_Untitled-6_copy.jpg"
keywords: []
---

# ജീവകാരുണ്യ രംഗത്ത് കാൽ നൂറ്റാണ്ട് ;  പൊന്ന്യംപാലം മുസ്ലിം വെൽഫെയർ അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷത്തിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **പൊന്ന്യംപാലം:** ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന പൊന്ന്യംപാലം മുസ്ലിം വെൽഫെയർ അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷിക്കുന്നു. പൊന്ന്യംപാലം മഹല്ല് കമ്മിറ്റിയുടെ കീഴിൽ 25 വർഷം മുമ്പ് ഒരുപറ്റം യുവാക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയ അസോസിയേഷൻ മാറി മാറി വന്ന നിരവധി സാരഥികളുടെ നേതൃത്വത്തിൽ യുവ സമൂഹത്തിന് മാതൃകയായി ഇപ്പോഴും അക്ഷരാർത്ഥത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.

## Article Content

**പൊന്ന്യംപാലം:** ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന പൊന്ന്യംപാലം മുസ്ലിം വെൽഫെയർ അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷിക്കുന്നു. പൊന്ന്യംപാലം മഹല്ല് കമ്മിറ്റിയുടെ കീഴിൽ 25 വർഷം മുമ്പ് ഒരുപറ്റം യുവാക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയ അസോസിയേഷൻ മാറി മാറി വന്ന നിരവധി സാരഥികളുടെ നേതൃത്വത്തിൽ യുവ സമൂഹത്തിന് മാതൃകയായി ഇപ്പോഴും അക്ഷരാർത്ഥത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.

നിരവധി പേരുടെ കണ്ണീരൊപ്പാനും നിർധന കുടുംബങ്ങൾക്ക് അത്താണിയായി മാറാനും നാളിതുവരെ അസോസിയേഷന് സാധിച്ചിട്ടുണ്ട്. ഫിബ്രവരി മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ കാലയളവിൽ മാസം തോറും നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സ്വാഗത സംഘം രൂപീകരണ യോഗത്തിൽ തീരുമാനിച്ചു. മോട്ടിവേഷൻ ക്ലാസ്, വയോധികരെ ആദരിക്കൽ, വയോജന സൗഹൃദം, മെഗാ മെഡിക്കൽ ക്യാമ്പ്, ബ്ലഡ് ഡോണേഷൻ വിംഗ് രൂപീകരണം, ലഹരിക്കെതിരെ ക്യാമ്പയിൻ, പഠനയാത്ര, പ്രസംഗ പരിശീലനം, സ്വാതന്ത്ര്യ ദിന പരിപാടികൾ, ക്യാൻസർ സെന്റർ സന്ദർശനം, നാട്ടു സംഗമം, കാരിയർ ഗൈഡൻസ് ക്ലാസ്, മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങിയ പരിപാടികൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.

സ്വാഗത സംഘം രൂപീകരണ യോഗത്തിൽ മഹല്ല് പ്രസിഡണ്ട് കെ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുൽ വാഹിദ് തങ്ങൾ പ്രാർത്ഥന നടത്തി. അസോസിയേഷൻ സെക്രട്ടറി കെ അഫ്രീദ് സ്വാഗതം പറഞ്ഞു. അസോസിയേഷൻ രക്ഷാതികാരി പി സുലൈമാൻ മൗലവി, പ്രസിഡൻ്റ് എ കെ ഷാമിൽ, മഹല്ല് വൈസ് പ്രസിഡന്റ് ടി ടി അലി ഹാജി, സെക്രട്ടറി നാസർ കോട്ടയിൽ, ജോ. സെക്രട്ടറി വി ടി ഉസ്മാൻ, പി എം അഷ്റഫ് എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി കെ നൂറുദ്ദീൻ (ചെയർമാൻ), നാസർ കോട്ടയിൽ, വി ടി ഉസ്മാൻ ( വൈ. ചെയർമാൻ), പി സുലൈമാൻ മൗലവി (കൺവീനർ), സി കെ സിനാൻ , മീസ് മുനീർ ( ജോ. കൺവീനർ), എന്നിവരേയും ഫൈനാൻസ് കമ്മിറ്റി ചെയർമാനായി ടി ടി അലി ഹാജിയേയും വൈസ് ചെയർമാൻമാരായി പി വി അബ്ദുൽ റഹ്മാൻ, പി എം അഷ്റഫ്, കൺവീനറായി കെ അഫ്രീദിനെയും ജോ. കൺവീനർമാരായി ടി കെ ഷഫീൽ, മുഹമ്മദ് നൗഫൽ എന്നിവരേയും പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായി എം എം അഷ്റഫിനെയും വൈസ് ചെയർമാൻമാരായി വി റസാക്ക്, ടി ടി സമീർ, കൺവീനറായി എ കെ ഷാമിൽ, ജോ. കൺവീനർമാരായി സമീൽ, അമീൻ എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/182467/a-quarter-of-a-century-in-the-field-of-charityponnyampalam-muslim-welfare-association-forms-welcome-team-for-silver-jubilee-celebration)