---
title: "കടലിൽ ദൂരപരിധി നിയമം ലംഘിച്ച് മീൻപിടുത്തം,  തലശേരിയിൽ 5 ബോട്ടുകൾക്ക് പിഴ ; പൊലീസും, തൊഴിലാളികളും തമ്മിൽ വാക്കേറ്റം"
english_title: "Fishing in violation of distance limit law in sea, 5 boats fined in Thalassery;Clash between police and workers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185376/fishing-in-violation-of-distance-limit-law-in-sea-5-boats-fined-in-thalasseryclash-between-police-and-workers"
published_at: "2024-02-17T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0c887ab0f5_Untitled-2_copy.jpg"
keywords: []
---

# കടലിൽ ദൂരപരിധി നിയമം ലംഘിച്ച് മീൻപിടുത്തം,  തലശേരിയിൽ 5 ബോട്ടുകൾക്ക് പിഴ ; പൊലീസും, തൊഴിലാളികളും തമ്മിൽ വാക്കേറ്റം

> **Lead Summary:** **തലശേരി: ** ദൂരപരിധി നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 5 ബോട്ടുകൾക്കെതിരെ തലശേരി കോസ്റ്റൽ പോലീസ് കേസെടുത്തു. പിടികൂടിയ ബോട്ടുകൾക്ക് കനത്ത പിഴ ചുമത്തുന്നതും ജോലി തടസ്സപ്പെടുത്തുന്നതിലും ബോട്ടുടമകൾ തലായി ഹാർബറിൽ പ്രതിഷേധിച്ചു. 

## Article Content

**തലശേരി: ** ദൂരപരിധി നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 5 ബോട്ടുകൾക്കെതിരെ തലശേരി കോസ്റ്റൽ പോലീസ് കേസെടുത്തു. പിടികൂടിയ ബോട്ടുകൾക്ക് കനത്ത പിഴ ചുമത്തുന്നതും ജോലി തടസ്സപ്പെടുത്തുന്നതിലും ബോട്ടുടമകൾ തലായി ഹാർബറിൽ പ്രതിഷേധിച്ചു. 

ഇരുകൂട്ടരും തമ്മിൽ വാദപ്രതിവാദങ്ങളുണ്ടായെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. തീരത്തു നിന്നും 5 നോട്ടിക്കൽ മൈൽ ദൂരത്തിന് അപ്പുറത്ത് നിന്നേ ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് അനുവാദമുള്ളൂ. ഇത് ലംഘിച്ച് ധർമ്മടം, മുഴപ്പിലങ്ങാട് ഭാഗത്ത് ഒന്നര നോട്ടിക്കൽ മൈലിനുള്ളിൽ നിന്നും കരിക്കാടി, മാന്തൽ തുടങ്ങിയവ പിടിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെതുടർന്നാണ് ബോട്ടുകൾക്കെതിരെ നിയമ നടപടി തുടങ്ങിയതെന്ന്  കോസ്റ്റൽ  പോലീസ് ഇൻസ്പക്ടർ പി.ശ്രീകുമാർ പറഞ്ഞു.

നിലവിലുള്ള നിയമത്തെ പറ്റി  ബോട്ടുകാരെ  ബോധ്യപ്പെടുത്തിയെന്നും ലംഘിച്ചാൽ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് നേരത്തെ അറിയിച്ചതായുംഅദ്ദേഹം പറഞ്ഞു. ഡി. സി.സി. അംഗം കെ. ശിവദാസൻ, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് ജന.സെകട്ടറി എം.വി. സതീശൻ. യൂത്ത് ലീഗ് നേതാവ് റഷീദ് തലായി എന്നിവരും ഹാർബറിലെത്തി പോലീസുമായി സംസാരിച്ചു. 40 മീറ്റർ വലിപ്പമുള്ള ബോട്ടുകൾ കടൽ നിയമങ്ങൾ പാലിച്ചു മാത്രമാണ് തലായിയിൽ  മത്സ്യം പിടിക്കുന്നത്.

എന്നാൽ 110  മീറ്റർ വലിപ്പമുള്ള യന്ത്ര വൽകൃത ബോട്ടുകൾ ആഴക്കടലിൽ മത്സ്യം പിടിക്കുന്നതിനു പകരം  കരയിൽ നിന്നും 3 മീറ്റർ നോട്ടിക്കൽ മൈലിൽ പോലും മത്സ്യ ബന്ധനം നടത്തുകയാണ്. ഇത് തടയാത്ത തീര ദേശ പോലീസ് വലിയ യന്ത്രവൽകൃത ബോട്ടുകളെയും  ബോട്ടു ഉടമകളെയും സഹായിക്കാനാണ്  ചെറു ബോട്ടുകൾ പിടിക്കുന്നതെന്ന് ശിവദാസനും,   സതീശനും ആരോപിച്ചു. വലിയ യന്ത്രവൽക്കൃത ബോട്ടുകൾക്ക് കടലിൽ യഥേഷ്ടം എവിടെയും മത്സ്യം പിടിക്കാൻ കൂട്ടു നിൽക്കുന്ന തീരദേശ പോലീസ്, ചെറിയ ബോട്ടുകൾ അന്യായമായി പിടിച്ചെടുത്തു വൻ പിഴ ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഫിഷറീസ് വകുപ്പു മന്ത്രി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നിവേദനംനൽകി..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185376/fishing-in-violation-of-distance-limit-law-in-sea-5-boats-fined-in-thalasseryclash-between-police-and-workers)