---
title: "മാഹി ബൈപ്പാസ് 27 ന് പ്രധാനമന്ത്രി തുറന്നു കൊടുത്തേക്കും ; ഒരുങ്ങിയിരിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദേശം."
english_title: "Prime Minister may open Mahi Bypass on 27th;The National Highways Authority has been instructed to be ready."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185923/prime-minister-may-open-mahi-bypass-on-27ththe-national-highways-authority-has-been-instructed-to-be-ready"
published_at: "2024-02-20T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d44aa4680c2_Untitled-5_copy.jpg"
keywords: []
---

# മാഹി ബൈപ്പാസ് 27 ന് പ്രധാനമന്ത്രി തുറന്നു കൊടുത്തേക്കും ; ഒരുങ്ങിയിരിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദേശം.

> **Lead Summary:** *** ***മലബാറിലെ ആദ്യത്തെ ആറുവരിപ്പാതയുടെ പണി പൂർത്തിയായി. ദേശീയപാത 66-ന്റെ ഭാഗമായി നിർമിച്ച മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുകയാണ്. 27-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ പരിപാടികൾക്കായി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഓൺലൈൻ വഴിയാവും ഉദ്ഘാടനം നിർവഹിക്കുക.

## Article Content

*** ***മലബാറിലെ ആദ്യത്തെ ആറുവരിപ്പാതയുടെ പണി പൂർത്തിയായി. ദേശീയപാത 66-ന്റെ ഭാഗമായി നിർമിച്ച മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുകയാണ്. 27-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ പരിപാടികൾക്കായി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഓൺലൈൻ വഴിയാവും ഉദ്ഘാടനം നിർവഹിക്കുക.

മുക്കോല-കാരോട് പാതയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നേക്കും. സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ദേശീയപാതാ അധികൃതർ ഉദ്ഘാടനത്തിനായുള്ള ഒരുക്കംതുടങ്ങി. ഉത്തര മലബാറിന്റെ ഗതാഗതവികസനത്തിലെ കുതിപ്പായി മാറുന്ന പദ്ധതിയാണിത്. 1300 കോടി രൂപ ചെലവഴിച്ചാണ് ആറുവരിപ്പാത നിർമിച്ചത്. 85.5 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തു.

മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽചെന്നെത്തുന്നത്. തലശ്ശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപ്പാസ് വഴിതുറക്കും. റോഡിൽ അവസാന മിനുക്കുപണികൾ നടക്കുകയാണ്. ബാക്കിയുണ്ടായിരുന്ന മാഹി റെയിൽ മേൽപ്പാലത്തിലെ പണികളും പൂർത്തിയായി. സൈൻ ബോർഡുകൾ, റോഡരികിലെ വിളക്കുകൾ എന്നിവ സ്ഥാപിച്ചു. അടിപ്പാതകളിലും വിളക്കുതെളിയും. 47 വർഷത്തെ കാത്തിരിപ്പ് മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് യാഥാർഥ്യമാവുന്നതോടെ 47 വർഷത്തെ കാത്തിരിപ്പിനാണ് അവസാനമാവുന്നത്.

1977-ലാണ് ബൈപ്പാസിന് നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭപ്രവൃത്തി തുടങ്ങിയത്. പിന്നീടത് തടസപ്പെട്ടു. സ്ഥലമേറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018-ലാണ് നിർമാണം തുടങ്ങിയത്. നിർമാണം പൂർത്തിയാക്കി 21-ൽ റോഡ് തുറന്നുകൊടുക്കേണ്ടതായിരുന്നു.

എന്നാൽ കോവിഡ്, പ്രളയം എന്നിവ പ്രവൃത്തി വൈകാൻ ഇടയാക്കി. തലശ്ശേരിക്കടുത്ത് ബാലത്തിലെ പാലം നിർമാണത്തിനിടെ തകർന്ന് ബീമുകൾ പുഴയിൽ വീണതും നിർമാണം വൈകാനിടയാക്കി. നീളം:18.6 കിലോമീറ്റർ. വീതി:45 മീറ്റർ വലിയ പാലങ്ങൾ:നാല്. മേൽപ്പാത:ഒന്ന്. റെയിൽമേൽപ്പാലം:ഒന്ന്. അടിപ്പാതകൾ: 21. കൊളശ്ശേരിയിലാണ് ടോൾ പ്ലാസ. 14 മിനുറ്റിൽ പിന്നിടാം കാറുകൾക്ക് 14 മിനുറ്റിൽ മുഴപ്പിലങ്ങാട്ടുനിന്ന് മാഹി അഴിയൂരിലെത്താം. 80 കിലോമീറ്റർ വേഗമാണ് കാറുകൾക്ക് അനുവദിച്ചിട്ടുള്ളത്. നിലവിൽ ധർമടം, തലശ്ശേരി, മാഹി എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗത കുരുക്കിൽപ്പെട്ട് ഇത്രയും ദൂരം പിന്നിടാൻ ഒരുമണിക്കൂറൊക്കെയാണ് വേണ്ടിവരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185923/prime-minister-may-open-mahi-bypass-on-27ththe-national-highways-authority-has-been-instructed-to-be-ready)