---
title: "ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ ചിത്രം തെളിയുന്നു ; വടകര പിടിക്കാൻ  കെ.കെ ശൈലജ ടീച്ചർ, കണ്ണൂരിൽ എം വി ജയരാജൻ"
english_title: "LDF's image emerges in Lok Sabha elections;KK Shailaja teacher to catch Vadakara, MV Jayarajan in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/186266/ldfs-image-emerges-in-lok-sabha-electionskk-shailaja-teacher-to-catch-vadakara-mv-jayarajan-in-kannur"
published_at: "2024-02-21T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5eec712e30_65d5d9b0a3a37_cpm.jpg"
keywords: []
---

# ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ ചിത്രം തെളിയുന്നു ; വടകര പിടിക്കാൻ  കെ.കെ ശൈലജ ടീച്ചർ, കണ്ണൂരിൽ എം വി ജയരാജൻ

> **Lead Summary:** ****** ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥികളായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമായത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടികയായത്.

## Article Content

****** ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥികളായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമായത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടികയായത്.

സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും ഉണ്ടാകുക. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെയായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. സാധ്യതാ പട്ടികയിലുണ്ടായിരുന്നതുപോലെ ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ തന്നെയായിരിക്കും മത്സരിക്കുക.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ വടകരയിലും ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും. പൊന്നാനിയിൽ മുന്‍ മുസ്ലീം ലീഗ് നേതാവ് കെഎസ് ഹംസ സിപിഎം സ്ഥാനാര്‍ത്ഥിയാകും. പൊന്നാനിയിൽ പൊതുസ്വതന്ത്രനായിട്ടാണ് ഹംസയെ മത്സരിപ്പിക്കുന്നത്.

മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് സ്ഥാനാര്‍ത്ഥിയാകും. വിപി സാനു, അഫ്സല്‍ എന്നിവരുടെ പേരും ഇവിടേക്ക് നേരത്തെ പരിഗണിച്ചിരുന്നു. ചാലക്കുടിയിൽ സി രവീന്ദ്രനാഥ് മത്സരിക്കും എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ ഷൈൻ ആയിരിക്കും മത്സരിക്കുക. യേശുദാസ് പറപ്പള്ളി, കെവി തോമസിന്‍റെ മകള്‍ രേഖാ തോമസ് എന്നീ പേരുകളും എറണാകുളത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കെജെ ഷൈനിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

പാലക്കാട് മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും കണ്ണൂരില്‍ എംവി ജയരാജനും മത്സരിക്കും. കൊല്ലത്ത് എം മുകേഷായിരിക്കും മത്സരിക്കുക.

സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക

ആറ്റിങ്ങൽ- വി ജോയ്

കൊല്ലം - എം മുകേഷ്

പത്തനംതിട്ട -തോമസ് ഐസക്

ആലപ്പുഴ -എഎം ആരിഫ്

എറണാകുളം- കെജെ ഷൈൻ

ചാലക്കുടി -സി രവീന്ദ്രനാഥ്

ആലത്തൂര്‍- കെ രാധാകൃഷ്ണൻ

മലപ്പുറം -വി വസീഫ്

പൊന്നാനി -കെഎസ് ഹംസ

കോഴിക്കോട് -എളമരം കരീം

വടകര -കെകെ ശൈലജ

പാലക്കാട് -എ വിജയരാഘവൻ

കണ്ണൂർ -എംവി ജയരാജൻ

കാസർകോട് -എംവി ബാലകൃഷ്ണൻ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/186266/ldfs-image-emerges-in-lok-sabha-electionskk-shailaja-teacher-to-catch-vadakara-mv-jayarajan-in-kannur)