---
title: "എ.ടി.എം കാർഡ്  പോലെ റവന്യൂ കാർഡ്  പരിഗണനയിലെന്ന് മന്ത്രി കെ. രാജൻ ; തിരുവങ്ങാട് വില്ലേജ് ഓഫീസ് തലശേരിക്ക്  സമർപ്പിച്ചു"
english_title: "Minister KRajan  said that revenue card is under consideration like ATM card.Thiruvangad village office submitted to Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/186837/minister-krajan-said-that-revenue-card-is-under-consideration-like-atm-cardthiruvangad-village-office-submitted-to-thalassery"
published_at: "2024-02-23T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8b9cae017b_Untitled-2_copy.jpg"
keywords: []
---

# എ.ടി.എം കാർഡ്  പോലെ റവന്യൂ കാർഡ്  പരിഗണനയിലെന്ന് മന്ത്രി കെ. രാജൻ ; തിരുവങ്ങാട് വില്ലേജ് ഓഫീസ് തലശേരിക്ക്  സമർപ്പിച്ചു

> **Lead Summary:** റവന്യൂ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് ഓൺലൈനിലൂടെയാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തിരുവങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. മന്ത്രി. എല്ലാ സേവനങ്ങളും ഓൺലൈനിലൂടെയാക്കി ആൾത്തിരക്കില്ലാത്ത വില്ലേജ് ഓഫീസുകളാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം.

## Article Content

റവന്യൂ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് ഓൺലൈനിലൂടെയാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തിരുവങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. മന്ത്രി. എല്ലാ സേവനങ്ങളും ഓൺലൈനിലൂടെയാക്കി ആൾത്തിരക്കില്ലാത്ത വില്ലേജ് ഓഫീസുകളാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം.

റവന്യൂ രേഖകൾ എല്ലാം ഒറ്റ ചിപ്പിൽ പകർത്തി എടിഎം കാർഡ് പോലെ റവന്യൂ കാർഡുകൾ പുറത്തിറക്കുന്നത് പരിഗണനയിലാണ്. കേരളത്തിലെ എല്ലാ ഭൂമിയും അളന്നുതിട്ടപ്പെടുത്തുന്ന ഡിജിറ്റൽ റീസർവ്വേ വേഗത്തിൽ പുരോഗമിക്കുകയാണ്. ഒരു വർഷം കൊണ്ട് 2.57 ലക്ഷം ഹെക്ടർ ഭൂമി അളന്നുതിട്ടപ്പെടുത്തിക്കഴിഞ്ഞു.

2024 ജൂണിൽ സംസ്ഥാനത്തെ 100 വില്ലേജുകളിൽ 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. കേരളത്തിൽ 64006 കുടുംബങ്ങളാണ് അതിദരിദ്രരുള്ളത്. ഈ വർഷം അവസാനത്തോടെ ഇവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റും. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും സ്മാർട്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. തലശ്ശേരി പുതിയ ബസ്റ്റാന്റിന്റെ വടക്ക് ഭാഗത്തായി വെയർഹൗസ് കെട്ടിടത്തിൻറെ സമീപത്തെ പഴയ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം പണിതത്.

പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാണ് വില്ലേജ് ഓഫീസ്. റാംമ്പോട് കൂടിയ മുൻ വരാന്ത, സന്ദർശകരുടെ കാത്തിരിപ്പിനുള്ള സ്ഥലം, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഹാൾ, റെക്കോഡ് റൂം, ഡൈനിംഗ് റൂം, മീറ്റിംഗ് റൂം, ടോയ്ലറ്റ്, പൊതുജനങ്ങൾക്കുള്ള ടോയ്‌ലറ്റ് എന്നിവ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

പരിപാടിയിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, കൗൺസിലർ ടി പി തബ്സം, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, സബ് കലക്ടർ സന്ദീപ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ നിർമിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി കെ സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/186837/minister-krajan-said-that-revenue-card-is-under-consideration-like-atm-cardthiruvangad-village-office-submitted-to-thalassery)