---
title: "തലശേരി കാർണിവൽ ; അറബികടലിന്റെ തീരത്ത്‌ നിറങ്ങളുടെ സാഗരം തീർത്ത്‌ ചിത്രകാരന്മാർ."
english_title: "Thalassery Carnival;Painters have created an ocean of colors on the shores of the Arabian Sea."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/188146/thalassery-carnivalpainters-have-created-an-ocean-of-colors-on-the-shores-of-the-arabian-sea"
published_at: "2024-02-28T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df5210117bf_Untitled-3_copy.jpg"
keywords: []
---

# തലശേരി കാർണിവൽ ; അറബികടലിന്റെ തീരത്ത്‌ നിറങ്ങളുടെ സാഗരം തീർത്ത്‌ ചിത്രകാരന്മാർ.

> **Lead Summary:** ***തലശേരി: *** കോട്ടയും കടൽപാലവും ലൈറ്റ്‌ ഹൗസും ഇല്ലിക്കുന്ന്‌ ബംഗ്ലാവും ഗുണ്ടർട്ട്‌ സായ്‌പും നിറഞ്ഞ ഒറ്റ ക്യാൻവാസ്‌ തലശേരി പൈതൃകത്തിന്റെ നേർകാഴ്‌ചയായി. കെയ്‌ക്കും സർക്കസും ക്രിക്കറ്റും തലശേരിയുടെ അടയാളമായി ആവിഷ്‌കരിച്ചു.

## Article Content

***തലശേരി: *** കോട്ടയും കടൽപാലവും ലൈറ്റ്‌ ഹൗസും ഇല്ലിക്കുന്ന്‌ ബംഗ്ലാവും ഗുണ്ടർട്ട്‌ സായ്‌പും നിറഞ്ഞ ഒറ്റ ക്യാൻവാസ്‌ തലശേരി പൈതൃകത്തിന്റെ നേർകാഴ്‌ചയായി. കെയ്‌ക്കും സർക്കസും ക്രിക്കറ്റും തലശേരിയുടെ അടയാളമായി ആവിഷ്‌കരിച്ചു.

കാർണിവലിനോടനുബന്ധിച്ച്‌ മൾട്ടി മീഡിയ ആർടിസ്‌റ്റ്‌ ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രകാര കൂട്ടായ്‌മയിലാണ്‌ പൈതൃകകാഴ്‌ചകൾ പുനർജനിച്ചത്‌. മുപ്പതോളം കലാകാരന്മാർ ചേർന്നാണ്‌ നാടിന്റെ സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം പകരുന്ന മനോഹര ദൃശ്യം ആവിഷ്‌കരിച്ചത്‌. ചിത്രരചന കാണാനും കാർണിവലിന്റെ സന്ദേശം ഏറ്റുവാങ്ങാനും നിരവധിപേരാണ്‌ കടൽപാലത്തിന്‌ സമീപമെത്തിയത്‌.

ചിത്രത്തിന്റെ ഉന്മീലനം ആർടിസ്‌റ്റ്‌ കെ കെ മാരാർ നിർവഹിച്ചു. പ്രശസ്‌ത ചിത്രകാരൻ സെൽവൻ മേലൂരിന്റെ നേതൃത്വത്തിലായിരുന്നു ചിത്രകാര കൂട്ടായ്‌മ. കലാകാരന്മാരായ എ സത്യനാഥ്‌, ബി ടി കെ അശോക്‌, പ്രശാന്ത്‌ ഒളവിലം, എ രവീന്ദ്രൻ, രാഗേഷ്‌ പുന്നോൽ, സുരേഷ്‌ പാനൂർ, സന്തോഷ്‌ മുഴപ്പിലങ്ങാട്‌, സന്തോഷ്‌ ചിറക്കര, ചന്ദ്രൻ വടക്കുമ്പാട്‌, പ്രിയങ്ക പിണറായി, ബിജു സെൻ, പ്രേമൻ പാട്യം, എം സി സജീവൻ, വിനയ ഗോപാൽ നിടുമ്പ്രം, ഷാജി ചാലാടൻ എന്നിവരും കേരള സ്‌കൂൾ ഓഫ്‌ ആട്‌സ്‌ വിദ്യാർഥികളും രചനയിൽ പങ്കാളികളായി.

എൻ ആർ അജയകുമാർ, സെൽവൻമേലൂർ, നഗരസഭ കൗൺസിലർമാരായ സി സോമൻ, ഫൈസൽ പുനത്തിൽ, കെ വി വിജേഷ്‌ എന്നിവർ സംസാരിച്ചു. കാർണിവൽ സമാപിക്കുന്നത്‌വരെ കൂറ്റൻ ക്യാൻവാസ്‌ തലശേരി കടൽപാലം പരിസരത്ത്‌ പ്രദർശിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/188146/thalassery-carnivalpainters-have-created-an-ocean-of-colors-on-the-shores-of-the-arabian-sea)