---
title: "ഇനിയുള്ള ദിവസങ്ങൾ പൊള്ളും, ചൂട് 38 ഡിഗ്രിയും കടന്ന് മുകളിലേക്ക് ; സംസ്ഥാനത്ത് 10 ജില്ലകളിൽ മഞ്ഞ അലർട്ട് "
english_title: "The next few days will be scorching, the temperature will exceed 38 degrees;Yellow alert in 10 districts in the state"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192144/the-next-few-days-will-be-scorching-the-temperature-will-exceed-38-degreesyellow-alert-in-10-districts-in-the-state"
published_at: "2024-03-16T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f56f98c2e6a_Untitled-11_copy.jpg"
keywords: []
---

# ഇനിയുള്ള ദിവസങ്ങൾ പൊള്ളും, ചൂട് 38 ഡിഗ്രിയും കടന്ന് മുകളിലേക്ക് ; സംസ്ഥാനത്ത് 10 ജില്ലകളിൽ മഞ്ഞ അലർട്ട് 

> **Lead Summary:** ****സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നേരത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം ഒരു ജില്ല കൂടി മഞ്ഞ അലർട്ടിൽ ഉൾപ്പെടുത്തി. ചൂട് കൂടാൻ സാധ്യതയുള്ളതിനാലാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്.

## Article Content

****സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നേരത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം ഒരു ജില്ല കൂടി മഞ്ഞ അലർട്ടിൽ ഉൾപ്പെടുത്തി. ചൂട് കൂടാൻ സാധ്യതയുള്ളതിനാലാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്.

പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് അലർട്ട്. 2024 മാർച്ച് 16 മുതൽ 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ  ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും   (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ)  ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. 

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ, 2024 മാർച്ച് 16 മുതൽ 20 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192144/the-next-few-days-will-be-scorching-the-temperature-will-exceed-38-degreesyellow-alert-in-10-districts-in-the-state)