---
title: "തലശേരി മേഖലയിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി പാഴാകുന്നത് ലിറ്ററുകണക്കിന് വെള്ളം ; തലശേരി ടിസി മുക്കിൽ പൈപ്പ് പൊട്ടി റോഡിൽ ഗർത്തം രൂപപ്പെട്ടു"
english_title: "Several liters of water is wasted due to broken drinking water supply pipe in Thalassery area;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205201/several-liters-of-water-is-wasted-due-to-broken-drinking-water-supply-pipe-in-thalassery-area"
published_at: "2024-05-14T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664327c81a1aa_Untitled-2_copy.jpg"
keywords: []
---

# തലശേരി മേഖലയിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി പാഴാകുന്നത് ലിറ്ററുകണക്കിന് വെള്ളം ; തലശേരി ടിസി മുക്കിൽ പൈപ്പ് പൊട്ടി റോഡിൽ ഗർത്തം രൂപപ്പെട്ടു

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി മേഖലയിൽ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍കഥയാകുന്നു. പാഴാകുന്നത് ലിറ്റര്‍ കണക്കിന് കുടിവെള്ളം. തലശ്ശേരി ടിസിമുക്കില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചയോടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡിൽ വന്‍ ഗര്‍ത്തം രൂപപ്പെട്ടു.

## Article Content

**തലശ്ശേരി: **തലശ്ശേരി മേഖലയിൽ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍കഥയാകുന്നു. പാഴാകുന്നത് ലിറ്റര്‍ കണക്കിന് കുടിവെള്ളം. തലശ്ശേരി ടിസിമുക്കില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചയോടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡിൽ വന്‍ ഗര്‍ത്തം രൂപപ്പെട്ടു.

തലശേരി ടിസി മുക്ക് ഭാഗത്ത് പൈപ്പ് പൊട്ടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം രണ്ടു തവണയാണ് ഇത്തരത്തില്‍ പൈപ്പ് പൊട്ടിയത്. അധികാരികളെ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. പൈപ്പ് ഓഫ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ എടുക്കാത്തത് കാരണം ഈ ഭാഗത്ത് റോഡും അപകടാവസ്ഥയിലാണ്.

ഇതേ തുടര്‍ന്ന് സമീപത്തെ വ്യാപാരി റോഡില്‍ കുഴിയില്‍ പൈപ്പ് കുത്തി നിര്‍ത്തി മുന്നറിയിപ്പ് നല്‍കുകയാണ്. റോഡ് അപകടാവസ്ഥയില്‍ ആയത് കാരണം ഈ ഭാഗത്ത് കാലി പെട്ടികളും നിരത്തി വച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള നൂറ് കണക്കിന് യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്ന വഴിയാണിത്.

ഈ ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍ അടക്കം പാര്‍ക്ക് ചെയ്യാറുണ്ട്. അതു കൊണ്ട് തന്നെ രാത്രി കുഴി തിരിച്ചറിയാന്‍ ആകാതെ അപകടം സംഭവിക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്ക് ഉണ്ട്. ടിസി മുക്കിൽ തന്നെ ആനന്ദ് ഹോട്ടൽ, ചായപ്പുര എന്നിവക്ക് സമീപവും നിരന്തരം പൈപ്പ് പൊട്ടാറുണ്ട്. നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് കുടിവെള്ളത്തിൻ്റെ വിലയറിയുന്നവരെ വേദനിപ്പിക്കുന്ന ഈ കാഴ്ചയെന്ന് ടിസി മുക്കിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാടപ്പീടികയിലെ വിഷ്ണു എസ്.മോഹൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205201/several-liters-of-water-is-wasted-due-to-broken-drinking-water-supply-pipe-in-thalassery-area)