---
title: "വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു"
english_title: "On the eve of the Vaisakh festival, Neerezhunnallam took place in Kottiur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205642/on-the-eve-of-the-vaisakh-festival-neerezhunnallam-took-place-in-kottiur"
published_at: "2024-05-16T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645eeb71e16c_6645c43c2da5e_IMG-20240516-WA0029.jpg"
keywords: []
---

# വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

> **Lead Summary:** കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു. വൈശാഖ മഹോത്സവത്തിന് മുമ്പ് സ്ഥാനികരും അവകാശികളും പടിഞ്ഞിറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആദ്യമായി അക്കരെ സന്നിധാനത്ത് പ്രവേശിക്കുന്നത് നീരെഴുന്നള്ളത്ത് ദിവസമാണ്. പതിനൊന്നുമാസമായി ആർക്കും പ്രവേശനമില്ലാതിരുന്ന അക്കരെകൊട്ടിയൂർ സന്നിധാനത്ത് ആചാരപൂർവ്വം പ്രവേശിച്ച് മണിത്തറയിൽ സ്വയംഭൂ സ്ഥാനത്ത് ബാവലിതീർത്ഥം അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്.

## Article Content

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു. വൈശാഖ മഹോത്സവത്തിന് മുമ്പ് സ്ഥാനികരും അവകാശികളും പടിഞ്ഞിറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആദ്യമായി അക്കരെ സന്നിധാനത്ത് പ്രവേശിക്കുന്നത് നീരെഴുന്നള്ളത്ത് ദിവസമാണ്. പതിനൊന്നുമാസമായി ആർക്കും പ്രവേശനമില്ലാതിരുന്ന അക്കരെകൊട്ടിയൂർ സന്നിധാനത്ത് ആചാരപൂർവ്വം പ്രവേശിച്ച് മണിത്തറയിൽ സ്വയംഭൂ സ്ഥാനത്ത് ബാവലിതീർത്ഥം അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്.

നൂറ്റാണ്ടുകൾക്ക് മുൻപ് കൊടും കാടായിരുന്നു ഈ പ്രദേശത്ത് സ്വയംഭൂ ശില കണ്ടെത്തിയ ദിവസത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് നീരെഴുന്നള്ളത്ത് ദിവസത്തെ ചടങ്ങുകൾ നടന്നത്. വ്യാഴാഴ്ച കോട്ടയം തെരു തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്നും മണിയൻ ചെട്ടിയാൻ സ്ഥാനികന്റെ നേതൃത്വത്തിൽ ഉത്സവ ആവശ്യത്തിനുള്ള വിളക്കുതിരി രാവിലെ തന്നെ ഇക്കരെ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്നു.

ഒറ്റപ്പിലാൻ, കാടൻ, ആശാരി, പുറങ്കലയൻ, കൊല്ലൻ, പെരുവണ്ണാൻ, കണിയാൻ തുടങ്ങിയ സ്ഥാനീകർ ചേർന്ന് നടക്കുന്ന 'തണ്ണിം കുടി' ചടങ്ങ് ഇക്കരെ ക്ഷേത്രത്തിലും തുടർന്ന് മന്ദം ചേരിയിലുമായി നടന്നു. തുടർന്ന് നീരെഴുന്നള്ളത്ത് സംഘം അക്കരെ സന്നിധാനത്തേക്ക് പുറപ്പെട്ടു.

പടിഞ്ഞിട്ട നമ്പൂതിരിയുടെ നേതൃത്വത്തിൽ സമുദായി, പാരമ്പര്യ ഊരാളൻമാർ മറ്റ് അവകാശികൾ എന്നിവർ ഇക്കരെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് പ്രത്യേക വഴികളിലൂടെ നടന്ന് മന്ദംചേരിയിലെത്തി. ഉരുളിക്കുളത്തിന് സമീപത്തെ പ്രത്യേക സ്ഥാനത്തുനിന്നും നിന്നും കൂവയിലകൾ ശേഖരിച്ച സംഘം ബാവലിപുഴയിൽ കുളിച്ച് കുറിച്യ സ്ഥാനീകനോട് അനുവാദം വാങ്ങി അക്കരെ പ്രവേശിച്ചു. പടിഞ്ഞിറ്റ നമ്പൂതിരി കൂവ ഇലയിൽ ശേഖരിച്ച ബാവലി തീർത്ഥം സന്നിധാനത്ത് മണിത്തറയിലെ സ്വയംഭൂ സ്ഥാനത്ത് അഭിഷേകം ചെയിതു.

തുടർന്ന് സാഷ്ടാംഗ പ്രണാമം ചെയ്ത് അമ്മാറക്കൽ തറ വണങ്ങി സംഘം ഇക്കരെ കൊട്ടിയൂരിലേക്ക് മടങ്ങി. അർദ്ധരാത്രിയോടെ ആയില്യാർ കാവിൽ പടിഞ്ഞിറ്റി നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗൂഢപൂജകൾ നാടക്കും. വിശിഷ്ടമായ അപ്പട നിവേദ്യം ഇന്ന് ആയില്യാർക്കാവിൽ വച്ച് അവകാശികൾക്ക് നൽകും. തിരുവഞ്ചിറയും വൃത്തിയാക്കി കയ്യാലകൾ പുനർനിർമ്മിച്ച് അക്കരെ സന്നിധാന വൈശാഖ മഹോത്സവത്തിന് ഒരുങ്ങുന്നത് ഇനിയാണ്. മെയ് 21 നാണ് നെയ്യാട്ടം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205642/on-the-eve-of-the-vaisakh-festival-neerezhunnallam-took-place-in-kottiur)