---
title: "കൊട്ടിയൂർ പെരുമാളിന്  ഇന്ന് ഇളനീർ വെപ്പ്  ;  ഇളനീരാട്ടം  നാളെ"
english_title: "Ilanir Vep today for Kotiyur Perumal;Ilaniratam tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/208320/ilanir-vep-today-for-kotiyur-perumalilaniratam-tomorrow"
published_at: "2024-05-29T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656b2f2c3a31_Untitled-6_copy.jpg"
keywords: []
---

# കൊട്ടിയൂർ പെരുമാളിന്  ഇന്ന് ഇളനീർ വെപ്പ്  ;  ഇളനീരാട്ടം  നാളെ

> **Lead Summary:** ***കൊട്ടിയൂർ: *** വൈശാഖ മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ഇളനീർ വെപ്പ് ഇന്ന് നടക്കും.വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും വീരഭദ്രൻ്റെ അകമ്പടിയോടെ എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി ഇന്ന് സന്ധ്യയ്ക്ക് കൊട്ടിയൂരിലെത്തും.

## Article Content

***കൊട്ടിയൂർ: *** വൈശാഖ മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ഇളനീർ വെപ്പ് ഇന്ന് നടക്കും.വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും വീരഭദ്രൻ്റെ അകമ്പടിയോടെ എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി ഇന്ന് സന്ധ്യയ്ക്ക് കൊട്ടിയൂരിലെത്തും.

രാത്രി കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിച്ച് കുടിപതി കാരണവർ വെള്ളി ക്ടാരം വച്ച് രാശി വിളിച്ചു കഴിഞ്ഞാൽ ഇളനീർ വെപ്പ് ആരംഭിക്കും.

വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്ര വേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേ നടയിലേക്ക് എഴുന്നള്ളി ഒറ്റക്കാലിൽ നിലയുറപ്പിക്കും. രാശി വിളിക്കുന്നതു വരെ ഇളനീർ വ്രതക്കാർ മന്ദംചേരിയിലെ ബാവലിക്കരയിൽ മുഹൂർത്തം കാത്തിരിക്കും.

ഇളനീർ വെപ്പ് ആരംഭിച്ചാൽ ബാവലിപ്പുഴയിൽ ഇളനീർകാവുമായി മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് ഓടിയെത്തി, മൂന്നു വലംവെച്ച ശേഷമാണ് ഇളനീർകാവുകൾ സമർപ്പിക്കുക.

തുടർന്ന് വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി തിരിച്ചപോരും.ജന്മാവകാശികളായ തണ്ടയാന്മാർ പ്രക്കൂഴം നാളിൽ ആരംഭിച്ച വ്രതം ഇളനീർകാവ് സമർപ്പണത്തോടെ പൂർത്തിയാകും. എന്ത് ചെയ്തിട്ടും നിലയ്ക്കാത്ത മഹാദേവൻ്റെ കോപം ശമിപ്പിച്ച് ശാന്തനാക്കിയത് ഈ ഇളനീരുകൾ അഭിഷേകം ചെയ്തപ്പോഴാണ്

..ദൂരെ നിന്നുള്ള വ്രതക്കാർ ഇളനീർമഠങ്ങളിൽ നിന്നും കൊട്ടിയൂരിലേക്ക് ഞായറാഴ്ച മുതൽക്കേ യാത്ര തിരിച്ചുകഴിഞ്ഞു. ഒരു കാവിൽഇരുഭാഗത്തുമായി ആറ് ഇളനീരുകളാണ് ഉണ്ടാകുക.

ഇളനീർ വെപ്പിനൊപ്പം എരുവട്ടി തണ്ടയാൻ ഒരു കുടം എള്ളെണ്ണയും സമർപ്പിക്കും.ഏറ്റവും ഒടുവിലാണ് എണ്ണ സമർപ്പണം. കത്തി തണ്ടയാന്മാർ ഇളനീർ ചെത്തുന്നതിനുള്ള കത്തികളും സമർപ്പിക്കും. നാളെയാണ് ദൈവംവരവും(മുത്തപ്പൻ വരവ്) ഇളനീരാട്ടവും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/208320/ilanir-vep-today-for-kotiyur-perumalilaniratam-tomorrow)