---
title: "നടുറോഡിൽ ഓട്ടോറിക്ഷയിൽ തീകൊളുത്തി ഡ്രൈവറുടെ ആത്മഹത്യാശ്രമം"
english_title: "The driver attempted suicide by setting fire to the autorickshaw in the middle of the road"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/234207/the-driver-attempted-suicide-by-setting-fire-to-the-autorickshaw-in-the-middle-of-the-road"
published_at: "2024-09-08T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ddbef49a56b_66ddb8a210f1b_SUICIDEATTEMPT.jpg"
keywords: []
---

# നടുറോഡിൽ ഓട്ടോറിക്ഷയിൽ തീകൊളുത്തി ഡ്രൈവറുടെ ആത്മഹത്യാശ്രമം

> **Lead Summary:** **** നടുറോഡിൽ ഓട്ടോറിക്ഷക്കുള്ളിൽ പെട്രോളൊഴിച്ച് കത്തിച്ച് യുവാവി​ന്റെ ആത്മഹത്യാശ്രമം. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ അഞ്ചൽ ചന്തമുക്കിൽ സൂര്യ ആശുപത്രിക്ക് സമീപമാണ് സംഭവം.

## Article Content

**** നടുറോഡിൽ ഓട്ടോറിക്ഷക്കുള്ളിൽ പെട്രോളൊഴിച്ച് കത്തിച്ച് യുവാവി​ന്റെ ആത്മഹത്യാശ്രമം. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ അഞ്ചൽ ചന്തമുക്കിൽ സൂര്യ ആശുപത്രിക്ക് സമീപമാണ് സംഭവം.

ഗുരുതര പൊള്ളലേറ്റ ഓട്ടോറിക്ഷ ഡ്രൈവറായ പുനലൂർ കലുങ്ങുംമുകൾ സ്വദേശി സന്തോഷി(37)നെ അഞ്ചൽ പൊലീസും നാട്ടുകാരും ചേർന്ന് ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചന്തയുടെ ഭാഗത്തു നിന്നും യാത്രക്കാരിയുമായെത്തിയ ഓട്ടോറിക്ഷ സംഭവസ്ഥലത്തെത്തിയപ്പോൾ നിർത്തിയിടുകയും പുറത്തേക്കിറങ്ങിയ സന്തോഷ് യാത്രക്കാരിയുമായി വഴക്കിടുകയും തെറി വിളിക്കുകയും ചെയ്തു.

തുടർന്ന് യാത്രക്കാരി ഓട്ടോയിൽ നിന്നും ഇറങ്ങിപ്പോയതായും ദൃക്സാക്ഷികൾ പറഞ്ഞു. ഈ സമയം സന്തോഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കത്തിച്ചു ഓട്ടോറിക്ഷയിൽ കയറുകയും തീ ആളിപ്പടർന്നതോടെ പുറത്തേക്ക് വീഴുകയുമായിരുന്നു.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഇതിനെ സാധൂകരിക്കുന്നവയാണ്. അഞ്ചൽ എസ്.ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/234207/the-driver-attempted-suicide-by-setting-fire-to-the-autorickshaw-in-the-middle-of-the-road)